Tuesday, 22 October 2013

റോഡ് വികസനവും ചില വികസന ചിന്തകളും

റോഡ് വികസനവും ചില വികസന ചിന്തകളും
                            നിയന്ത്രിതമായ വാഹനപെരുപ്പവും, റോഡുകളിൽ സ്ഥിരം സംഭവിക്കുന്ന അസഹനീയ ഗതാഗതകുരുക്കും കാണുമ്പോൾ (അനുഭവിക്കുമ്പോൾ), പ്രാദേശിക റോഡുകൾ പോലും നാലു വരിയായി വികസിപ്പിക്കേണ്ട കാലം അതിക്രമിച്ചിട്ട് നളുകളേറെയായി എന്ന് ;യാത്രാ ദുരിതം അനുഭവിക്കുന്നവരെ കൊണ്ട് വളരെ വ്യസനത്തോടെ പറയിക്കുന്ന അവസ്ഥയിലായിട്ടും, ദേശീയപാത വികസനം ഒച്ചിനെ പോലെ ഇഴയുന്നു.

                                            “ഒരു കൊച്ച്” നാലുവരി പാത (ചാണ്ടിഗട്)
  
                    45 മീറ്ററിൽ വേണ്ട 30 മീറ്ററിൽ മാത്രം മതി എന്ന് പറയുന്നവർ ഉന്നയിക്കുന്ന പ്രധാന പ്രശ്നം പതിനായിരങ്ങളെ കുടിയൊഴിപ്പിക്കണമെന്നും അതിനേക്കാളേറെ കച്ചവടസ്ഥാപനങ്ങൾ നശിപ്പിക്കക്കണമെന്നുമാണ്.ഇന്ന് ജീവിച്ചിരിക്കുന്ന ആരും നൂറ്റാണ്ടുകൾ ഇവിടെ ജീവിച്ചിരിക്കില്ല.സ്വന്തം ജീവൻ തന്നെ ഏത് നിമിഷവും നഷ്ട്ടമാകാം എന്ന് കരുതുന്ന മനുഷ്യർ എന്തിനീ ദുർവാശിക്കാരാവണം? രണ്ട് തലമുറകൾക്ക് മുമ്പുള്ളവരെ കുറിച്ചുള്ള അറിവ് പോലും തുലോം തുശ്ചമായ വർത്തമാനകാലത്ത് എന്തിനീ പിടിവാശി?
                    പ്പോൾ തന്നെ നാഷണൽ ഹൈവെ ഓരങ്ങളിലെ പകുതിയിലേറെ കച്ചവടക്കാരും വലിയ ലാഭമില്ലാതെ പലിശക്കെടുത്ത് കച്ചവടം നടത്തി ജീവിക്കുന്നവരാണ്. മുപ്പത് മീറ്ററിൽ നാല് വരി പാത വരികയാണേങ്കിൽ അത്തരം കച്ചവടക്കാരിൽ ഏറിയപങ്കും കച്ചവടം നിർത്തുന്നതാണ് നല്ലത്. കാരണം,വാഹനം പാർക്ക് ചെയ്യാനോ നിന്ന് തിരിയാനോ പോലും ഇടമില്ലാത്തിടത്ത് എന്ത് കച്ചവടം?വെള്ളക്കെട്ടും അനുബന്ധപ്രശ്നങ്ങളും ഇപ്പോഴുള്ളതിന്റെ ഇരട്ടിയിലേറെ ആവുകയും ചെയ്യും. എലിവേറ്റട് ഹൈവെ ആണെങ്കിൽ താഴെ ഉള്ളവരിലേറെയും ചുമ്മാ മുകളിലേക്കും നോക്കി ഇരിക്കുകയാവും നല്ലത്.

                 
                        ഇത്തരം നാലുവരിപ്പാതയിൽ എന്ത് കച്ചവടം?ഭാവി ഭയാനകമല്ലേ ?

                  സുഗമമായ ഗതാഗത സൌകര്യമല്ലേ  പുരോഗതിയുടെ നെടും പാത? പ്രാദേശിക(ഗ്രാമ) വഴികളൊക്കെയും നാല് വീല് വാഹനങ്ങൾ സഞ്ചരിക്കാൻ പാകത്തിലായില്ലേ? എത്ര എത്ര പുതുവഴികളാണ് നാട് നീളെ ഉണ്ടായത് . ഉണ്ടായികൊണ്ടിരിക്കുന്നത് ?ഒന്നിൽ കൂടുതൽ ഇരുചക്ര വാഹനങ്ങളെങ്കിലും ഇല്ലാത്ത എത്ര വീടുകൾ കേരളത്തിൽ കാണും? ഇതൊക്കെയും വികസനത്തിന്റയും എളുപ്പത്തിന്റയും അടയാളങ്ങളല്ലേ? വികസനത്തിലൂടെ ലഭ്യമായ പുതിയ മാർഗങ്ങൾ ഉപയോഗപ്പെടുത്തുകയും സസന്തോഷം അനുഭവിക്കുകയും ചെയ്യുന്നവരല്ലേ ഭൂരിപക്ഷവും? അടുത്ത തലമുറകൾക്ക് വേണ്ടി രാജ്യ പുരോഗതിക്ക് വേണ്ടി ഇത്തിരി കഷ്ട്ടം “നഷ്ട്ടമല്ല” സഹിക്കാൻ ആർക്കും ആവില്ലേ? സാമ്പത്തിക നഷ്ട്ടം സഹിക്കാൻ ഇടവരുത്താതെ മാർക്കറ്റ് വിലയേക്കാൾ കൂടുതൽ വാങ്ങി വികസനത്തിൽ പങ്കാളികളാവുകയല്ലേ നല്ലത് ? കടകളും വീടും സ്ഥലങ്ങളും നഷ്ട്ടപ്പെടുന്നവർക്ക് ശിഷ്ട്ടജീവിതം കൂടുതൽ ശോഭനമാക്കാവുന്ന തരത്തിൽ നഷ്ട്ടപരിഹാരവും പുനരധിവാസവും ഈടാക്കാൻ ഒത്തൊരുമിച്ച് പോരാടുകയും വിജയം വരിക്കുകയുമല്ലേ കരണീയം?




                 ഭാവിയെ മുന്നിൽ കാ‍ണുമ്പോൾ റോഡ് ഇങ്ങനെയും ആവാം.          
                    
                   സ്വകാര്യകുത്തകകൾ ടോളിലൂടെ കോടിക്കണക്കിന് രൂപ കടത്തികൊണ്ട് പോകുന്നതിൽ പരിതപിക്കുന്നവർ അഴിമതി കാട്ടാൻ എന്തെങ്കിലും പഴുത് ലഭിച്ചാൽ അഴിമതിയിൽ മുങ്ങികുളിക്കുന്നവർ എമ്പാടും മൊത്തമായും ചില്ലറയായും ഉള്ള ഇക്കാലത്ത് ടോൾ കൊള്ളയെ മാത്രം എന്തിന് പഴിചാരണം ? ഗതാഗത കുരുക്കിലകപ്പെടുമ്പോൾ നഷ്ട്ടമാകുന്ന ഇന്ധനത്തിന്റെ ഒരു ഭാഗം ടോൾ കൊടുത്താലും വിരോധമില്ല എന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ പോകുമ്പോൾ പ്രത്യേകിച്ചും. (എന്ന് കരുതി അഴിമതിയെ എതിർക്കേണ്ടേ എന്നല്ല. സർവ്വസന്നാഹങ്ങളോടെ അഴിമതിക്കും മനുഷ്യാവകാശ ലംഘനത്തിനും പൌരസ്വാതന്ത്ര്യത്തിനും എതിരെ ഉയരുന്ന  എല്ലാത്തരം ശബ്ദങ്ങൾക്കും എതിരെ പ്രതികരിക്കേണ്ടതും പ്രതിഷേതിക്കേണ്ടതും ഓരോ പൌരന്റെയും കടമയാണ്).
                   ലോകത്തെ ഒന്നാകെ ഒരു വിരൽ തുമ്പിലേക്കാവാഹിച്ച വികസന വിപ്പ്ളവം ആവേളം ആസ്വദിക്കുകയും അനുഭവിക്കുകയും ചെയ്യുന്ന നമുക്കെങ്ങനെ വികസന വിരുദ്ധരാവാൻ കഴിയും? പ്രകൃതിയെ ചൂഷണം ചെയ്യതുകൊണ്ടുള്ള വികസനം ഇരിപ്പിടം തോണ്ടുന്നതിന് തുല്യമാണെന്നുള്ള വാദം പ്രബലമാണെങ്കിലും; നൂറ്റാണ്ടുകൾക്ക് മുമ്പ് പ്രളയങ്ങളും ഭൂകമ്പങ്ങളും ഉണ്ടായത് എന്ത് വികസനം കൊണ്ടാണ്? മത ഗ്രന്ഥങ്ങളിൽ തന്നെ നൂറ്റാണ്ടുകൾക്ക് മുമ്പ് സംഭവിച്ച  പ്രളയങ്ങളെ  കുറിച്ചും പ്രകൃതിദുരന്തങ്ങളെക്കുറിച്ചും  വചനങ്ങളുണ്ട്.ഈ മത ഗ്രന്ഥങ്ങളിൽ തന്നെ ലോകാവസാനത്തെ കുറിച്ചും വിവരണങ്ങളുണ്ട്. വികസനം അവസാനത്തിലേക്കുള്ള പല തുടക്കങ്ങളിൽ ഒരു തുടക്കം മാത്രമെന്ന് കരുതുന്നതല്ലേ ഉചിതം?(ഇത്രയും മതവിശ്വാസികളോട് മാത്രം)
                 നാഷണൽ ഹൈവേ ഓരത്ത് കടമുറികളും വീടും ഉള്ള ഒരാളാണ് ഈ കുറിപ്പുകാരൻ. റോഡ് വികസനം സാധ്യമായാൽ കടമുറികളും വീടിന്റെ പോർച്ചും നഷ്ട്ടമാകുകയും ചെയ്യും;... എന്നിട്ടും,വാഹനങ്ങളുടെ പ്രളയപെരുക്കം കാണുമ്പോൾ ഒരു മണിക്കൂർ യാത്രക്ക് മൂന്ന് മണിക്കൂറെടുക്കുമ്പോൾ ചിന്തിച്ച് പോകുന്നു.. 

     കടയോടും വീടിനോടും ചേർന്ന് വാഹനങ്ങൾ ചീറിപ്പായുമ്പോൾപറയരുത് കുറച്ച്കൂടി                                              വീതി ഉണ്ടായിരുന്നെങ്കിലെന്ന്.                                                                       
         എസ്.എം.സാദിഖ്    smkaleekkal@gmail.com




Saturday, 19 January 2013

നിശബ്ദരൂപികള്‍

സ്വപ്നവും
പ്രണയവും
നിശബ്ദരൂപികള്‍.
ഒന്ന് കൊടുത്ത്
മറ്റൊന്ന് വാങ്ങും.
ചില നേരങ്ങളില്‍
ചിതലരിക്കും പോലെ.
ഹൃദയം ചേര്‍ത്ത് വെച്ചവര്‍ക്ക്
കുളിര്‍ മഴയും
കടലിരമ്പവും.

Monday, 31 December 2012

രണ്ടായിരത്തിപതിമൂന്നിൽ...........

രണ്ടായിരത്തിപതിമൂന്നിൽ ………
               
                    ജന്മം ജീവിച്ച് തീർക്കുക എന്നത് തന്നെ സാഹസമാണ്.(?) എങ്കിലും ജീവിക്കാനും ജീവിതം സന്തോഷപ്രദമാക്കാനുമുള്ള ആഗ്രഹം ബഹുഭൂരിപക്ഷത്തിനും ഉള്ളത് കൊണ്ട് ഈ ലോകം ഇത്ര മനോഹരമായി പോകുന്നുഈ മധുരമനോഹര ലോകത്ത് സ്വന്തം ജീവിതത്തെ മനോഹരമാക്കുക എന്ന ലക്ഷ്യത്തോടെ ചുവടുകൾ മുന്നോട്ട് വെക്കുമ്പോൾ.; ജീവിതം തിരക്കുകളിലാവുമ്പോൾ, നമ്മളിൽ പലരും പലതും മറക്കുക പതിവാണ്. എന്തിനും ന്യായം “സമയക്കുറവ്” എന്ന പതിവ് പല്ലവിയും. ഈ ‘സമയക്കുറവ്’ തിരിച്ചറിയുന്നവരിൽ നല്ലൊരു പക്ഷത്തിന് എന്തൊക്കൊയോ നന്മ നഷ്ട്ടപ്പെടുന്നില്ലയോ എന്നൊരു തോന്നൽ, ആത്മാവിൽ  ചെറുനൊമ്പരമായും ചിലർക്ക് നിലവിളിയായും ബോധ്യപ്പെടുന്നു.
                
                “തിരക്കിൽ നിന്നും തിരിച്ച് വരാനാവത്തവിധം ഞെരുക്കത്തിൽ അമരും മുമ്പ്” തിരിഞ്ഞ് നിന്ന് ഇത്തിരിനേരം ചിന്തിക്കേണ്ടതുണ്ട് എന്ന് ഓരോ നന്മ നിറഞ്ഞ മനസ്സുകളും തിരിച്ചറിയുക. ചുറ്റുപാടുകൾ ശബ്ദമുഖരിതവും ആഘോഷസമൃദ്ധവുമെങ്കിലും നമുക്കിടയിൽ ചില തേങ്ങലുകളും സങ്കടങ്ങളും നിറഞ്ഞിരിക്കുന്നു. അത്തരക്കാർക്ക് ആശ്വാസത്തിന്റെ നറുനിലാവ് പകരുക. നല്ല വാക്കുകൾ പറഞ്ഞ് സന്തോഷിപ്പിക്കുക. സന്താപത്തിന്റെ വേളകളിൽ ആശ്വാസവചനങ്ങൾ നേരുക. ഇതൊക്കെ എത്രമാത്രം ആശ്വാസകരമെന്ന് അനുഭവസ്ഥരായ ചില സുഹൃത്തുക്കൾ തന്നെ പറഞ്ഞിട്ടുണ്ട്. അവർ ജീവിതത്തിന്റെ നല്ലകാലത്തിൽ നിന്നും വീണ്പോയവരാണ്.
                
                  ജീവിതത്തിൽ പ്രഥമപരിഗണന നൽകുന്നത് ഒരു സർക്കാർജോലി,അല്ലെങ്കിൽ മറ്റേതെങ്കിലും തൊഴിൽ നേടുക എന്നതിനാണ്. സാമ്പത്തികഭദ്രതയും സാമ്പത്തിക സുസ്ഥിരതയും വേണ്ടത് തന്നെ. സാമ്പത്തിക സുരക്ഷ ഉണ്ടെങ്കിലേ മാനസിക ഊർജ്ജം നമ്മിൽ നിറയു. ഇങ്ങനെ നിറയുന്ന ഊർജ്ജം സ്വാർഥതയിൽ മാത്രം തളച്ചിടരുത്. പലപല കാരണങ്ങൾ കൊണ്ട് ജീവിതത്തിൽ സങ്കടപ്പെടുന്നവർ അനേകമുണ്ട്. അത്തരക്കാർക്ക് കഴിവിന്റെ പരിധിയിൽ നിന്ന് കൊണ്ട് നമുക്ക് ഓരോരുത്തർക്കും എന്ത് ചെയ്യാൻ കഴിയുമെന്ന് ചിന്തിക്കുക. ചിന്തകൊണ്ട് മാത്രം മതിയാകില്ല. ചിന്തയുടെ അമ്പത് ശതമാനമെങ്കിലും പ്രവർത്തിപഥത്തിൽ എത്തിക്കുകയും വേണം.പ്രതിസന്ധികളിൽ പതറാതെ മുന്നേറണമെങ്കിൽ ചലനലോകത്തിന്റെ ചാലകശക്തി കഷ്ട്ടതയുടെയും ദു:ഖത്തിന്റെയും ലോകത്തേക്ക് കൂടി വീശേണ്ടതുണ്ട്. വളരെ ചെറിയ സഹായമാണെങ്കിൽ കൂടിയും അത്തരക്കാർക്ക് വളരെ വലിയ ആശ്വാസവും പ്രതീക്ഷയുമാവുമത്.

നമുക്ക് പ്രതിക്ജ്ഞ പുതുക്കാം, “ഈ പുതുവർഷത്തിൽ നമ്മിൽ തുടിക്കുന്ന നന്മ, കഷ്ട്ടതകളൂടെയും പ്രയാസങ്ങളുടെയും മേഖലകളിലേക്ക് പെയ്ത് തീരാത്ത സഹായപ്രവാഹമായി പ്രവർത്തിക്കും    വിനിയോഗിക്കും എന്ന്.”

Tuesday, 14 August 2012

യുവത്വം


യുവത്വം

മൂഡത്വം
ഒരുതരം ഓർമകുറവാണ്
ആശയകുഴപ്പവും
ഷണ്ഡത്വം
ഡിക്ഷണറി അർഥത്തിനപ്പുറം
പ്രതികരണകുറവും.
കണ്ടിട്ടും
കേട്ടിട്ടും
കൊണ്ടിട്ടും
തൊലിപ്പുറം മാത്രം ചിന്തിച്ച്
വികാരം
വേലിയേറ്റമാക്കി
ചാറ്റിംങ്ങിലും
ഡേറ്റിംങ്ങിലും
മെസ്സേജിലും
കുരുങ്ങിപ്പറിഞ്ഞ്
നിലത്തേക്ക്
നിലയില്ലാ കയത്തിലേക്ക്
ഒരുതരം ഓർമകുറവിലേക്ക്

Tuesday, 5 June 2012

വരണ്ടകാഴ്ച്ചകൾ

വർത്തമാനകാല പരിപ്രേക്ഷ്യം
ഉപഭോഗ സംസ്കാര തൃഷ്ണയിൽ
കുടുംബ ബന്ധങ്ങൾ
തൻപോരിമയിലും
തൻകാര്യത്തിലും
സ്നേഹശൂന്യമാം കപടനാട്യത്തിലും
                   ജാതി-മത ചിന്തകൾ സമൃദ്ധം
                   വർഗീയ തിമിരം
                   കാഴ്ച്ചയിൽ
                   കേൾവിയിൽ
                   ചിന്തയിൽ
                    വിഷം നിറക്കുന്നു
ചേർത്ത് വെക്കപ്പെടുന്ന മുഖങ്ങളിൽ
സംശയത്തിൻ മുനകൂർത്ത അസ്ത്രങ്ങൾ
ഇവിടെ,
അശ്ലീലതയും
അധാർമികതയും
കൊലവെറികളും
ഗ്ലോബലൈസ് ചെയ്യപ്പെടുന്നു
                   അങ്ങനെ,
                   അടുക്കളയും
                   അഥിതി മുറിയും
                   നടുറോഡും
                   അന്ധകാര സമ്പുഷ്ട്ടമായി കൊഴുക്കുന്നു
ഞാൻ എവിടെയാണ്
കൂരിരുട്ടിൽ കാഴ്ച്ചകൾ മങ്ങുന്നു
ഒരു സൂചി പഴുതിൽ കൂടി

                  



Thursday, 3 May 2012

കവിത

പൂരിപ്പിക്കേണ്ടത്
മഴക്കും
വെയിലിനും
വായുവിനും
പിന്നെ,
രക്തത്തിനും
ജാതിയില്ല
മതവുമില്ല
എങ്കിലും,
നീയും
ഞാനും
ഇരു ധ്രുവങ്ങളില്‍
മനസ്സേ
പറയുക
ഭൂമി ഒന്നേയുള്ളു.




http://smsadiqsm.blogspot.com