Thursday, 1 July, 2010

അമ്മ സങ്കടപ്പെട്ടു…അച്ഛനും

ഉടുതുണി ഉരിഞ്ഞെറിഞ്ഞവരും തെറുത്തു  കയറ്റിയവരും ചാനൽ ലോകത്ത് നിറഞ്ഞാടുന്നു. അവരുടെ അധർമ്മത്തിൽ നിന്നും ചീറ്റിതെറിക്കുന്ന അശുദ്ധരക്തം യു. കെ. ജി ക്കാരൻ ആദർശിന്റെ സിരാകേന്ദ്രത്തിലേക്കും സംക്രമിച്ചു. അവൻ ചതുരപെട്ടിയിലെ നിഴലാട്ടത്തിലേക്ക് നോക്കി വലിയവായിൽ നിലവിളിച്ചു.

നയനമോഹന കാഴച്ചയെ ഇന്ററപ്റ്റ് ചെയ്യ്ത അവന്റെ നിർബന്ധത്തെ അമ്മ ഈർക്കിൽ കൊള്ളി കൊണ്ട് നിയന്ത്രിച്ച് , അടുത്ത് പിടിച്ചിരുത്തി സീരിയലുകൾ കാണിച്ച് സമാധാനപ്പെടുത്തി.

മോനെ, ദേ… നോക്കിയെ ടീ വി ലെ കളിപ്പാട്ടങ്ങളെ. എന്ത് നല്ല കളിപ്പാട്ടങ്ങൾ അല്ലെ കുട്ടാ…? താളം പിടിക്കുന്ന കളിപ്പാട്ടങ്ങൾ, ചൂളമടിക്കുന്ന കളിപ്പാട്ടങ്ങൾ, കെട്ടിമറിയുന്ന കളിപ്പാട്ടങ്ങൾ… എന്റെ മോനും അമ്മയിത്തരം കളിപ്പാട്ടങ്ങളൊക്കെ വാങ്ങിത്തരാട്ടോ. അമ്മയുടെ പുന്നാരകുട്ടൻ  അടങ്ങിയിരിക്ക് . അമ്മ ഈ ‘മോഹഭംഗം’ ഒന്ന് കണ്ട് തീർക്കട്ടെ.

ആദർശ് കളിപ്പാട്ടം പ്രതീക്ഷിച്ച് സമാധാനപ്പെട്ട് . എന്നിട്ടും, അവൻ ചെറുതായി വിങ്ങിവിങ്ങി ഏങ്ങുന്നുണ്ടായിരിന്നു. അങ്ങനെ, ആ കുരുന്നിനെ മോഹവലയത്തിൽ പെടുത്തി അമ്മ മധുവാണിയുടെ ‘മോഹഭംഗം’ കണ്ട് തീർത്തു.

ദോഷം പറയരുതല്ലോ, ആദർശിന്റെ അമ്മ ആതിര അന്ന് തന്നെ അവനെരു ചിന്നകളിപ്പാട്ടം വാങ്ങി കൊടുത്തു. പക്ഷെ, കിട്ടുന്ന ഓരോ കളിപ്പാട്ടങ്ങളുടെയും പുതുമ അവനിൽ നിന്നും വളരെ വേഗം ചോർന്ന് പോയി. ടി വി യിലെ പളപളപ്പ് കൂടുതൽ വലുപ്പമുള്ളതും മനോഹരവുമായ കളിക്കോപ്പുകളിലേക്ക് അവന്റെ ആഗ്രഹം വിശപ്പായി പടർത്തി  അവൻ വാശിക്കാരനും കുസ്ർതി കുട്ടനും അമ്മയുടെ തല്ല് കൊള്ളിയുമായി.

ആദർശിന്റെ അച്ചൻ അനന്തൻ പറഞ്ഞു : എടീ… ആതിരെ, നീ അവനെ ഇങ്ങനെ തല്ലുകയും ശകാരിക്കുകയും ചെയ്യരുത് . നിനക്ക് സീരിയലുകള് കാണാൻ വേണ്ടി ഓരോന്ന് പറഞ്ഞ് അവനെ മോഹവലയത്തിൽ കുരുക്കുന്നത് കൊണ്ടല്ലേ അവൻ വാശിക്കാരനാകുന്നത് ? നീ ഈ ചതുരപെട്ടി പ്രേമം  കുറച്ച് കൺട്രോൾ ചെയ്യ് .(വിഡ്ഡിപ്പെട്ടി എന്നുള്ളത് പഴയ പേരാണ്)

ഓ….അവനെന്തോന്ന് കാട്ടിയാലും കുറ്റം മുഴോനും എന്റെ തോളേലോട്ട് കെട്ടിക്കോ .ആതിര പിറുപിറുത്തു.

നീ കോപിക്കാൻ പറഞ്ഞതല്ല. ദെ…നോക്കിയെ, അവനിപ്പോള്‍  കലഹിക്കുന്നത് ഏതേ സിനിമാനടൻ ചവിട്ടുന്ന സൈക്കിളും നോക്കിയാ…

ഓ… ചുമ്മാതല്ല, എന്നെ കുറ്റപ്പെടുത്തുന്നത്. അതാണ് കാര്യം. സൈക്കള് വാങ്ങികൊടുക്കാതിരിക്കാനുള്ള എക്സ്യുസ്. ആതിര സൈഡ് കോട്ടി പറഞ്ഞു.

അവന്റെ ഒപ്പം പടിക്കുന്നവരെല്ലാം സൈക്കളിന്മേലാ സ്കൂളിൽ വരുന്നതെന്നാ അവൻ പറയുന്നത്.
നിങ്ങൾ എന്നെ കുറ്റപ്പെടുത്താതെ അവനോരു സൈക്കിൾ വാങ്ങികൊട്. അവൻ നമ്മടെ മോനല്ലേ. അവന് നമ്മളല്ലാതെ ആരാ സൈക്കിള് വാങ്ങികൊടുക്കാൻ. കുട്ടികളാവുമ്പോ ഇത്തിരി വാശിയും കുസ്രതിയും ഒക്കെ കാണും. അത്, വള്രുമ്പോളങ്ങ് മാറിക്കോളും.

അങ്ങനെ കീഴടക്കാനുള്ള ത്വര സൈക്കിളിന്റെ രൂപത്തിൽ അവനെ ആവേശിച്ചു. അച്ചൻ വാങ്ങികൊടുത്ത സൈക്കിളിൽ ദൂരങ്ങൾ കാൽച്ചുവട്ടിലൊതുക്കാൻ ചക്രം ചവുട്ടിതിരിച്ചവൻ അസാമാന്യ വേഗത്തിലേക്ക കുതിപ്പ് തുടങ്ങി. അച്ചന്റെയും അമ്മയുടെയും ദ്രശ്യപരിധിയിൽ നിന്നും അവൻ മാഞ്ഞ് മറഞ്ഞു. എന്നിട്ടും കീഴടങ്ങുന്ന ദൂരങ്ങളൊന്നും അവന് മതിവരാതെ ആയി. അവൻ വല്ലാത്ത അക്ഷമ പ്രകടിപ്പിച്ചു.

ആദർശിന്റെ മൂക്കിന് താഴെ നനുത്ത മീശ കിളിർത്തു. അതോടെ അവനിൽ നിഷേധ മനോഭാവത്തിന്റെ നുര പതയുകയും നാവ് പുറത്തേക്ക് നീളുകയും ചെയ്യതു . അപ്പോഴാണ് അവന്റെ അമ്മയും അച്ചനും- അതായത് ആതിരയും അനന്തനും- മൂക്കത്ത് വിരൽ വെച്ചത്. 'എവിടെയായിരുന്നു പിഴച്ചത്?'

അപ്പൊഴെക്കും, ആദർശ് ഒട്ടും ആദർശവും ബാക്കി വൊക്കാതെ ആധിപത്യത്തിന്റെ ചെങ്കോൽ വീടിന്റെ അകത്തളത്ത് നാട്ടിയിട്ട് മൂർച്ച ഏറിയ ഖഡ്ഗവുമായി പുറം ലോകത്തേക്കിറങ്ങി.

ആദർശിന്റെ അമ്മയും അച്ചനും വേവലാദിയോടെ പകച്ചു. അവർ ടി വി സ്ക്രീനിലേക്ക് മിഴിനീട്ടി. അവിടെ നിറയെ കൊള്ളയും കൊള്ളിവെപ്പും ബലാൽത്സംഗവാർത്തകളും കൊലപാതകവാർത്തകളും നിറഞ്ഞ ദ്ര്യശ്യങ്ങൾ മാത്രം. അതിനിടയിൽ അല്പവസ്ത്ര ധാരിണികൾ കല മാനവും വിറ്റ് തീർക്കുന്നു.

എല്ലാം കണ്ടും കേട്ടും ആദർശിന്റെ അമ്മ സങ്കടപ്പെട്ടു…. അച്ചനും….