Saturday 14 August 2010

….അമ്മേ, പൊറുക്കുക.

     അയാൾ പിടഞ്ഞുവീഴുന്ന ഓരോ നിമിഷത്തിനും സാക്ഷിയായിരുന്നു. യാഥാർത്ഥ്യത്തിന്റെ മൂർദ്ധന്യത്തിൽ നിന്നും സങ്കല്പത്തിന്റെ ശൂന്യതയിലേക്ക് പതിക്കുന്ന മനുഷ്യാവസ്ഥകൾ കണ്ട് അയാൾ ഞെട്ടി. എങ്ങു നിന്നുയരുന്നതും കരൾ പിളർക്കും രോദനം മാത്രം. നിലക്കാത്ത നിലവിളികളൊക്കെയും കടലിരമ്പത്തിലേക്കും ആകാശധൂളികൾക്കുള്ളിലേക്കും അനസ്യൂതം സഞ്ചരിക്കുന്നത് പിടക്കുന്ന മനസ്സോടെ അയാൾ കണ്ടു.


      ഇവിടെ, അയാളും നമ്മെപോലൊരു സാക്ഷി മാത്രമാകുന്നു. ഹൃദയ ദ്രവീകരണ ശക്തി കൈമോശം വരാതെ കാത്ത് സൂക്ഷിക്കുന്ന പച്ച മനസ്സുള്ള , നാട്യങ്ങളേതുമില്ലാത്തൊരു പാവം. പക്ഷെ, അയാൾക്കും നാടോടുമ്പോൾ നടുവെ ഓടേണ്ടതായി വരുന്നു.

     അയാൾ ഉറക്കെ വിളിച്ചു: അമ്മെ…… അമ്മെ….

വിളി കേൾക്കാൻ പോലും സമയമില്ലാതെ അമ്മ അപ്പോഴും അടുക്കളയിലെ കരിപുരണ്ട സമസ്യകൾക്കിടയിൽ ജീവിതപ്രാരാബ്ദങ്ങളുടെ ഉത്തരം പരതുകയായിരുന്നു. എത്ര പരതിയിട്ടും ഉത്തരം കിട്ടാതെ അമ്മ വെറും ചേദ്യചിഹ്നമായി അവശേഷിച്ചു.

     അമ്മയെ വണങ്ങി അയാൾ പിന്നെയും വിളിച്ചു: “അമ്മേ…….അമ്മേ……” അപ്പോഴും അമ്മ വിളി കേട്ടില്ല. അമ്മ അടുപ്പിൽ തീയൂതുകയായിരുന്നു. തീ ഊതി ഊതി പുക കയറിയ കണ്ണിൽ നിന്നും പീള പ്രവഹിച്ചു.

     നിശബ്ദ നിലവിളിയിൽ നെടുവീർപ്പുകളുതിർക്കുന്ന തന്റെ അമ്മയെ നോക്കി അയാൾ പറഞ്ഞു: “വിതുമ്പലുകളിൽ ഒളിച്ച് വെക്കപെടുന്ന അമ്മയുടെ കണ്ണീർകണങ്ങൾ ആത്മാവിൽ ചേർത്ത് വെക്കപ്പെടുന്ന സ്നേഹമാണമ്മെ “തീ പിടിച്ച ലോകത്ത് നിന്നും കരിഞ്ഞ മാംസത്തുണ്ടുകൾ പെറുക്കുന്ന ഈ മകനെന്ത് ഓണം? എങ്കിലും ഞാൻ വരാൻ നോക്കാം. വരാൻ കഴിഞ്ഞില്ലേലും എന്റമ്മ ഓണമുണ്ണേണം.

      കടുവകളി, തിരുവാതിരകളി, ഓണത്തല്ല്, അത്തപ്പൂക്കളം തുടങ്ങി മാവേലിസ്മരണകൾ മുഴുക്കെയുമിന്ന് ചാനൽ ലേകത്ത് അരങ്ങ് വാഴുമ്പോൾ നാമുടെ ഓണപ്പഴമ കമ്പ്യൂട്ടർ ചിപ്പിലൂടെ ഗ്ലോബലൈസ് ചെയ്യതമ്മേ . എന്തിന് , മാവേലിയെയും വാമനനേയും; ദൈവങ്ങളെ ഒക്കെത്തന്നെയും പരസ്യലോകം മൊത്തമായി വിഴുങ്ങികഴിഞ്ഞമ്മേ. പരസ്യപെരുമഴയിൽ പതഞ്ഞ് പെരുകുന്ന സോപ്പ്കുമിളയോടൊപ്പമല്ലേ ദൈവങ്ങളെ ഒക്കെതന്നെയും നമുക്കിപ്പോൾ കിട്ടുന്നത് ?

     പോപ്പും റാപ്പും കർണ്ണപുടങ്ങളിൽ നുരകുത്തി പതയുമ്പോൾ , ദൈവനാമങ്ങൾ സുകൃതക്ഷയം വന്ന നാലുകെട്ടിലെ പൊളിഞ്ഞിളകിയ എടുപ്പുകൾ മാത്രമാകുന്നു അമ്മേ… ആന്റിനകുട്ടകളിൽ അകപ്പെട്ട ദൈവങ്ങൾക്കൊക്കെയും കുത്തകകമ്പനികളുടെ കൃപയാലെ പുറം ലോകത്തെത്താൻ ഇനി മുതൽ അവകാശമുള്ളു ആന്റിനകുട്ടകളിൽ അകപ്പെട്ട ദൈവങ്ങൾക്കൊക്കെയും കുത്തകകമ്പനികളുടെ കൃപയാലെ പുറം ലോകത്തെത്താൻ ഇനി മുതൽ അവകാശമുള്ളു എന്റമ്മേ… ബട്ടനൊന്നമർത്തിയാൽ ഓണവും വിഷുവും എന്ന് വേണ്ട എല്ലാ ആഘോഷങ്ങളും ഏത് തരം കളികളും കണ്മുന്നിൽ പൂക്കുലപോലെ വിരിയുമമ്മേ…


      അത് കൊണ്ട് , എന്നമ്മ എന്നെ പ്രതീക്ഷിക്കണ്ടാ. ഒക്കുമെങ്കിൽ മാത്രം വരാം. ഉറപ്പ് പറയാൻ കഴിയില്ല. വന്നില്ലാന്ന് കരുതി എന്റമ്മ ഓണമുണ്ണാതിരിക്കരുത്. ഇവിടെ ഞങ്ങൾ ‘കൃസ്ത്യൻ സഹോദരനും, ബക്കാർഡിയും’ കൂട്ടി വിഭവസമൃദ്ധമായ ഓണക്കേളീയാടുന്നുണ്ട്.
അമ്മേ…. അവസാനമായി ഒന്ന് കൂടി കുറിക്കട്ടെ ,നമ്മുടെ ശാസ്ത്രലോകം ജനറ്റിക്ക് ജിനോം പ്രോജക്റ്റിലൂടെ മാവേലി മന്നന്റെ ഡി. എൻ. എ പരതുകയാണ്. എന്തിനെന്നല്ലേ ? “കള്ളവും ചതിയുമില്ലാത്ത കലാപമേതുമില്ലാത്ത ഒരു പുതുലോകക്രമത്തിന്.


       പക്ഷെ,അമ്മ മകനെ കാത്ത് മനം കുഴഞ്ഞ് ഗതകാല സ്മൃതിതടത്തിൽ മുങ്ങി നിവർന്ന് ഓണപ്പാട്ടിന്റെ ഈരടികളിൽ ലയിച്ച് ,ഓണതല്ലിന്റെ ശബ്ദ്ഘോഷം കേട്ട് ,തിരുവാതിര നൃത്തത്തിൽ പതറും ചുവടുകൾ വെച്ച് ,നൊമ്പരപ്പാടിന്റെ അരികു പറ്റി പാടി….

                                   “മാവേലി നാട് വാണിടും കാലം മാനുഷരെല്ലാരും ഒന്ന് പോലെ……”