Monday 31 December, 2012

രണ്ടായിരത്തിപതിമൂന്നിൽ...........

രണ്ടായിരത്തിപതിമൂന്നിൽ ………
               
                    ജന്മം ജീവിച്ച് തീർക്കുക എന്നത് തന്നെ സാഹസമാണ്.(?) എങ്കിലും ജീവിക്കാനും ജീവിതം സന്തോഷപ്രദമാക്കാനുമുള്ള ആഗ്രഹം ബഹുഭൂരിപക്ഷത്തിനും ഉള്ളത് കൊണ്ട് ഈ ലോകം ഇത്ര മനോഹരമായി പോകുന്നുഈ മധുരമനോഹര ലോകത്ത് സ്വന്തം ജീവിതത്തെ മനോഹരമാക്കുക എന്ന ലക്ഷ്യത്തോടെ ചുവടുകൾ മുന്നോട്ട് വെക്കുമ്പോൾ.; ജീവിതം തിരക്കുകളിലാവുമ്പോൾ, നമ്മളിൽ പലരും പലതും മറക്കുക പതിവാണ്. എന്തിനും ന്യായം “സമയക്കുറവ്” എന്ന പതിവ് പല്ലവിയും. ഈ ‘സമയക്കുറവ്’ തിരിച്ചറിയുന്നവരിൽ നല്ലൊരു പക്ഷത്തിന് എന്തൊക്കൊയോ നന്മ നഷ്ട്ടപ്പെടുന്നില്ലയോ എന്നൊരു തോന്നൽ, ആത്മാവിൽ  ചെറുനൊമ്പരമായും ചിലർക്ക് നിലവിളിയായും ബോധ്യപ്പെടുന്നു.
                
                “തിരക്കിൽ നിന്നും തിരിച്ച് വരാനാവത്തവിധം ഞെരുക്കത്തിൽ അമരും മുമ്പ്” തിരിഞ്ഞ് നിന്ന് ഇത്തിരിനേരം ചിന്തിക്കേണ്ടതുണ്ട് എന്ന് ഓരോ നന്മ നിറഞ്ഞ മനസ്സുകളും തിരിച്ചറിയുക. ചുറ്റുപാടുകൾ ശബ്ദമുഖരിതവും ആഘോഷസമൃദ്ധവുമെങ്കിലും നമുക്കിടയിൽ ചില തേങ്ങലുകളും സങ്കടങ്ങളും നിറഞ്ഞിരിക്കുന്നു. അത്തരക്കാർക്ക് ആശ്വാസത്തിന്റെ നറുനിലാവ് പകരുക. നല്ല വാക്കുകൾ പറഞ്ഞ് സന്തോഷിപ്പിക്കുക. സന്താപത്തിന്റെ വേളകളിൽ ആശ്വാസവചനങ്ങൾ നേരുക. ഇതൊക്കെ എത്രമാത്രം ആശ്വാസകരമെന്ന് അനുഭവസ്ഥരായ ചില സുഹൃത്തുക്കൾ തന്നെ പറഞ്ഞിട്ടുണ്ട്. അവർ ജീവിതത്തിന്റെ നല്ലകാലത്തിൽ നിന്നും വീണ്പോയവരാണ്.
                
                  ജീവിതത്തിൽ പ്രഥമപരിഗണന നൽകുന്നത് ഒരു സർക്കാർജോലി,അല്ലെങ്കിൽ മറ്റേതെങ്കിലും തൊഴിൽ നേടുക എന്നതിനാണ്. സാമ്പത്തികഭദ്രതയും സാമ്പത്തിക സുസ്ഥിരതയും വേണ്ടത് തന്നെ. സാമ്പത്തിക സുരക്ഷ ഉണ്ടെങ്കിലേ മാനസിക ഊർജ്ജം നമ്മിൽ നിറയു. ഇങ്ങനെ നിറയുന്ന ഊർജ്ജം സ്വാർഥതയിൽ മാത്രം തളച്ചിടരുത്. പലപല കാരണങ്ങൾ കൊണ്ട് ജീവിതത്തിൽ സങ്കടപ്പെടുന്നവർ അനേകമുണ്ട്. അത്തരക്കാർക്ക് കഴിവിന്റെ പരിധിയിൽ നിന്ന് കൊണ്ട് നമുക്ക് ഓരോരുത്തർക്കും എന്ത് ചെയ്യാൻ കഴിയുമെന്ന് ചിന്തിക്കുക. ചിന്തകൊണ്ട് മാത്രം മതിയാകില്ല. ചിന്തയുടെ അമ്പത് ശതമാനമെങ്കിലും പ്രവർത്തിപഥത്തിൽ എത്തിക്കുകയും വേണം.പ്രതിസന്ധികളിൽ പതറാതെ മുന്നേറണമെങ്കിൽ ചലനലോകത്തിന്റെ ചാലകശക്തി കഷ്ട്ടതയുടെയും ദു:ഖത്തിന്റെയും ലോകത്തേക്ക് കൂടി വീശേണ്ടതുണ്ട്. വളരെ ചെറിയ സഹായമാണെങ്കിൽ കൂടിയും അത്തരക്കാർക്ക് വളരെ വലിയ ആശ്വാസവും പ്രതീക്ഷയുമാവുമത്.

നമുക്ക് പ്രതിക്ജ്ഞ പുതുക്കാം, “ഈ പുതുവർഷത്തിൽ നമ്മിൽ തുടിക്കുന്ന നന്മ, കഷ്ട്ടതകളൂടെയും പ്രയാസങ്ങളുടെയും മേഖലകളിലേക്ക് പെയ്ത് തീരാത്ത സഹായപ്രവാഹമായി പ്രവർത്തിക്കും    വിനിയോഗിക്കും എന്ന്.”