Saturday, 17 December, 2011

ആകാശം

കാലപരിധി നിശ്ചയിക്കുമ്പോൾ
കാലതാമസം ഒഴിവാക്കാം

വേഗപരിധിയിൽ
വേഗത കാത്ത് പാഞ്ഞ്പോകുമ്പോൾ
കുഴഞ്ഞ് വീഴുന്നവർ
അനവധി

പാതിവഴിയിൽ
തിരിഞ്ഞ് നിന്ന്
ലക്ഷ്യസ്ഥാനത്തെത്താൻ
കച്ച മുറുക്കുമ്പോൾ
“ലക്ഷ്യം”
ലക്ഷ്യസ്ഥാനത്ത് നിന്നും
വളരെ അകലെ
ആകാശം പോലെ........ 

ചിത്രം: ഗൂഗിളിനോട് കടപ്പാട്.

Wednesday, 7 September, 2011

ഓണവും ചില ക്ലിഷ്ട്ട ചിന്തകളും


  

ഗതകാല സ്മൃതികളും ഗൃഹാതുരത്വവും സമ്മാനിച്ച് ഓരോ ഓണവും കടന്നെത്തുമ്പോൾ ; കൈവിട്ട് പോയ ഗ്രാമവിശുദ്ധിയെകുറിച്ചും സാംസ്കാരിക തനിമയെ കുറിച്ചും മലയാളികളിൽ പലരും പത്ര-ദൃശ്യ മാധ്യമങ്ങളിലൂടെയും ബ്ളോഗിലൂടെയും  ഫെയിസ് ബുക്കിലൂടെയും മറ്റും പതിവായി സങ്കടങ്ങടപ്പെടുന്നു.നെറ്റിയിൽ വരകുറിയും കാർകൂന്തലിൽ തുളസികതിരും അണിഞ്ഞ് വരുന്ന ഗ്രാമീണ സൌന്ദര്യങ്ങൾ ഇവിടെ അന്യം നിന്നിട്ട് കാലമേറെയെന്ന് മാധ്യമങ്ങളിലൂടെയും പ്രസംഗപീഡങ്ങളിലൂടെയും പലരും  പരിതപിക്കുന്നു. ദശപുഷ്പങ്ങളേതെന്ന് പോലും തിരിച്ചറിയാത്ത പുതുതലമുറ പ് ളാസ്റ്റിക്ക് പുഷ്പങ്ങൾക്ക് പിന്നാലെ പായുമ്പോൾ ,പ് ളാസ്റ്റിക്കിന്റെ  ദുർഗൻഡത്തിൻ (ദുരുപയോഗത്തിൽ) മനം മടുക്കുമ്പോൾ നാം ചിന്തിക്കേണ്ടത്, പരിസ്ഥിതിക്ക് പ്രശ്നകാരിയായ ഈ പ് ളാസ്റ്റിക്കിനെതിരെ വിരലുയർത്തുകയും ശബ്ദിക്കുകയും ചെയ്യേണ്ടതില്ലേ ?എന്നാണ്. (സ്വന്തം ജീവിതത്തിൽ നിന്നെങ്കിലും പ് ളാസ്റ്റിക്കിനെ നമുക്ക് ഒഴിവാക്കാം.)

ചില വരേണ്യർക്കുള്ള സങ്കടം ഇവിടെ പറയാതിരിക്കാതെ തരമില്ല. അവർക്കുള്ള സങ്കടം തന്റെ തിരുമുറ്റത്ത് അല്ലെങ്കിൽ തമ്പ്രാക്കന്മാരുടെയും ജന്മിമാരുടെയും പിന്നാമ്പുറത്ത് ,കാഴ്ച്ച വെക്കാനും കാഴ്ച്ച സ്വീകരിക്കാനും ഓശ്ചാനിച്ച് നിൽക്കാനും (നിന്നിരുന്ന) അടിയാളവർഗം അന്യനിന്ന് പോയല്ലോ എന്നാണ്. (അവർ പുരാതനമായ ചില സുന്ദരസ്വപ്നങ്ങളിൽ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നവരാണ്. അവർ മാനുഷരെല്ലാം ഒന്നുപോലെ എന്ന മഹത്തായ മാവേലിതത്വത്തിന് പുറം തിരിഞ്ഞ് നിൽക്കുന്നവരാണ്(?).


ഇത്തരം കുറെ ക് ളിഷ്ട്ട ചിന്തകൾ ഓണക്കാലം അപഹരിക്കുമ്പോൾ വർത്തമാനകാല ഓണം, ഹൈ – ടെക്ക്  ഓണമായും ഇൻസ്റ്റന്റ് ഓണവിഭവങ്ങളായും കമ്പോളവും അകത്തളവും അടക്കി വാഴുകയാണ്. ഇതിനൊക്കെ പുറമെ ആഹ് ളാദസമൃദ്ധമായ പരിപാടികൾ കൊണ്ട് മലയാളക്കരയിലെ ആബാലവൃദ്ധം മലയാളികളെയും നേരെ ചൊവ്വേ ശ്വാസം വിടാൻപോലും അനുവദിക്കാതെയാണ് ചാനലുകാർ വരിഞ്ഞ് മുറുക്കുന്നത്. താരകിന്നാരം , താരകൊഞ്ചൽ, താരകോമടി, കോമടി തില്ലാന, തുടങ്ങി സിനിമയെ ഇഴപിരിച്ചും കൂട്ടിപ്പിരിച്ചും കൊത്തിനുറുക്കിയും ചേരുമ്പടി ചേർത്തും അവിയലും ഓലനും ഉപ്പേരിയും അടപ്രഥമനും ഒക്കെ ആയി വിളമ്പിതരുകയല്ലേ ? ഒപ്പം മാവേലിയെ പോലും വിഡ്ഡിവേഷം കെട്ടിച്ച് എഴുന്നുള്ളിക്കുന്നു. ഇത് കണ്ട് നമ്മുടെ അകത്തളങ്ങളൊന്നാകെ ചിരിയുടെ മാലപ്പടക്കം തീർക്കുന്നു. (ഈ ഞാനും) അത് വെയ്യ് ഇത് വെയ്യ് എന്നും പറഞ്ഞ് റിമോട്ട് കൺട്രോളിന്  പ്രായഭേദമില്ലാതെ പിടിവലികൂടുകയാണ്. ഇതിനിടയിലെന്ത് ഓണമാഹാത്മ്യം (?)

ആമ്പൾ തണ്ടിനെ മാലയാക്കി കഴുത്തിലണിഞ്ഞിരുന്ന ശൈശവത്തിന്റെ കളിമ്പം പോലും ഇന്റർ നെറ്റിൽ കുരുങ്ങി കിടക്കുമ്പോൾ ഓണത്തെക്കുറിച്ച് വരുംതലമുറക്ക്  നഷ്ട്ടസ്വപ്നങ്ങൾ പോലും കാണുമോ ? ഓണം എന്നവാക്ക് പോലും അപ്പോഴേക്കും റിഡക്ഷൻ സെയിലിൽ വിൽക്കപ്പെട്ട് കഴിഞ്ഞിരിക്കും (?) ഓണത്തിന്റെ പോറ്റ്ന്റ് പോലും ലോക ബാങ്കോ ആഗോളകുത്തക തമ്പ്രാക്കളോ കൈവശപ്പെടുത്തിയാലും അതിശയിക്കാനില്ലാത്ത വിധമാണ് നമ്മുടെ സാമ്പത്തികാവസ്ഥ കുതിക്കുന്നത്. ഒടുവിൽ, “This year onam sponsored by aagola kutthaka thmpraakkl” എന്നോ മറ്റോ ആയേക്കാം.എന്ന് വെച്ചാൽ അവർ നൽകുന്ന കിറ്റിന് അനുസൃതമായി നാം മലയാളികൾ ഓണം ആഘോഷിക്കണം. ചിലപ്പോൾ അതിൽ തിരുവാതിര കളിക്ക് പകരം മഴനൃത്തമാകും ഉണ്ടാവുക.

പ്രിയപ്പെട്ടവരെ ക്ഷെമിക്കുക. ഇതൊരു ദോഷൈകദൃക്‌ക്  സമീപനമല്ല. ആത്മബോധത്തിന്റെ തിരിച്ചറിവുകളിലേക്ക്  യാഥർത്ഥ്യങ്ങളുടെ സൂചി തിരിച്ച് വെക്കുമ്പോൾ ഇതിൽ കുറച്ച് സത്യം ഇല്ലേ എന്ന് നിങ്ങൾക്കും തോന്നാം. അത് കൊണ്ട് ഇത്തരം ചില വിപരീതാർഥങ്ങൾ നമ്മിലുണ്ടാവുന്നത് നന്ന്. എന്തെന്നാൾ ഇത് മാറുന്ന കാലത്തിന്റെ നേരറിവുകളാണ്.
                                   എങ്കിലും ;

                                                
ഓണാശംസകളോടെ…….. നിറസമൃദ്ധമായ ഓണാശംസകൾ………..

Friday, 24 June, 2011

തുണി ഉരിഞ്ഞെറിഞ്ഞവരുടെ ശ്രദ്ധക്ക്


കാറ്റിലും കോളിലും സുനാമിയിലും പെട്ട് ഭൂമിയുടെ ഉടയാടകൾ ഉലയുമ്പോൾ ;..... “ തുണി ഉടുക്കാത്ത ലോകം തുണി ഉടുത്തവരെ തോല്പിച്ചൂ.” ഏതാനും ദിവസം മുമ്പ്, ഫെഡറേഷൻ ഓഫ് ഇന്റെർനാഷണൽ ഫൂട്ട്ബോൾ അസ്സോസ്സിയേഷൻ (FIFA) ഫുട്ബോൾ നിയമത്തിലെ ഡ്രസ്സ് കോടിന് (Dresscode) വിരുദ്ധമെന്ന് വിധിയെഴുതി ഒരു വനിതാ  ഫുട്ബോൾ ടീമിനെ ലോക കളിമേളകളിൽ നിന്നും വിലക്കി.

                                  

മാന്യതയുടെ പുരോഗമന കാഴ്ച്ചകൾ സ്ത്രീ ഉടലിനെ വെറും ഉടലായി മാത്രം കണ്ട് തുണി ഉരിഞ്ഞിറിക്കുകയും തെറുത്ത് കയറ്റുകയും ചെയ്യുമ്പോൾ , “ മതി , ലോകമേ മതി ” ഇനി ഞങ്ങൾക്ക് വെറും കാഴ്ച്ചവസ്തുവാകാൻ കഴിയില്ലാ എന്ന് വിളമ്പരപെടുത്തിയവരെ നിങ്ങൾക്ക് നന്ദി.. നന്ദി.

                                            
ഇതിനെ കുറിച്ച് നിങ്ങൽക്കും എന്തെങ്കിലും പറയാൻ കാണും. കാണും എന്നല്ല; കാണണം. അത് അനുകൂലമാകട്ടെ പ്രതികൂലമാകട്ടെ…….. എന്തെങ്കിലും കുറിക്കുക.
                                           

                         (ചിത്രങ്ങളോട് കടപ്പാട് : ഗൂഗിൾ)                    
പിൻ കാഴ്ച്ച
                                  കമന്റൂകൾ വായിച്ചപ്പോഴാണ് വിഷയത്തെ ഇങ്ങനെയും കാണാം; കാണണം എന്ന് മനസ്സിലായത്. എന്റെ കാഴ്ച്ചയുടെ ഇടം അത്ര ഇടുങ്ങിയതോ മുഖംമൂടി അണിഞ്ഞതോ അല്ല. ഞാൻ കളികൾ ആസ്വദിക്കാറും, ആഘോഷിക്കാറും , ഹരംകൊള്ളാറും ഉണ്ട്. ഞാൻ കണ്ടത് വനിതകൾക്ക് ഒരു ഡ്രസ്സ്കോട് പുരുഷന്മാർക്ക് മറ്റൊന്ന്. പുരുഷന്മാരുടെ വസ്ത്രം അയഞ്ഞതും വലുതും . വനിതകളുടെ ഇറക്കം കുറഞ്ഞതും ഇറുകിയതും. ഇത്തരം വസ്ത്രസങ്കല്പത്തിന് ഉത്തരവാദി പുരുഷലോകമോ സ്ത്രീലോകമോ ? അതോ ഇത്തരക്കാരെ കാഴ്ച്ചവസ്തുവാക്കാം എന്ന് വല്ലാതെ ആഗ്രഹിക്കുന്ന ഒട്ടും ചുഴിഞ്ഞ് നോക്കാൻ ആഗ്രഹിക്കാത്തവരോ ? അതോ , കാഴ്ച്ചവസ്തുവാകാൻ ആഗ്രഹിക്കുന്ന എന്തിനും ഏതിനും മടിയില്ലാത്ത സ്ത്രീലോകമോ?  എന്റെ ചോദ്യം ഇവിടെ അവസാനിക്കുന്നു :- (ചോദ്യം പരസ്സ്യലോകത്തോടും സിനിമാലോകത്തോടും സ്ത്രീലോകത്തോടും, ഇതിനെല്ലാം കാരണക്കാരായ പുരുഷകേന്ദ്രീകൃത ലോകത്തോടും)

                                  ഞാൻ എന്റെ മുഖത്ത് കറുത്ത തൂണിയിട്ട് മൂടുന്നില്ല , മൂടാൻ ഒട്ടും ഇഷ്ട്ടവുമല്ല, മൂടാൻ ആരെയും നിർബന്ധിക്കാറുമില്ല, ശരീരം മുഴുവൻ മറയ്ക്കണം എന്ന് ആഗ്രഹിക്കുന്നവരെ തടയാറുമില്ല. ഞാൻ ഉദ്ധേശിച്ചത് ഇത്രമാത്രം : ഈ ലോകത്തെ നടപ്പ് ശീലങ്ങൾക്ക് വിരുദ്ധമായി ഞങ്ങൾക്ക് ഇങ്ങനെയെ കളിക്കാനാവു എന്ന് ലോകത്തോട് വിളിച്ച് പറഞ്ഞവർക്ക് നന്ദി... പ്രകാശിപ്പിച്ചു. അത്രാ‍മാത്രം.

Thursday, 2 June, 2011

സോക്രട്ടീസിന്റെ ദൈവസങ്കല്പം; സായിബാബയുടെയും
സോക്രട്ടീസിന്റെ ദൈവസങ്കല്പം; സായിബാബയുടെയും.               ബി. സി. നാലാം നൂറ്റാണ്ടിൽ ജീവിച്ച ഗ്രീക്ക ദാർശനികനായ സോക്രട്ടീസിന്റെ സുദൃഢമായ ദൈവവിശ്വാസത്തെ കുറിച്ച് ,ഫ്രഞ്ച് തത്വചിന്തകനും വിപളവകാരിയുമായ വോൾട്ടയർ ( 1694-1778) രചിച്ച “Philosophical Dictionary” എന്ന വിഖ്യാത കൃതിയിലെ “സോക്രട്ടീസ് ”എന്ന അദ്ധ്യായത്തിൽ ഇങ്ങനെ വായിക്കാം: “മെർക്കുറിയുടെ ദേവാലയത്തിൽ തിരുകാഴ്ച്ച സമർപ്പിച്ച് മടങ്ങുകയായിരുന്ന രണ്ട് ഏതൻസ് പൌരന്മാർ സോക്രട്ടീസിനെ ചൂണ്ടി പറഞ്ഞു: ‘തിരുകാഴ്ച്ചയായി താറാവിനെയും ചെമ്മരിയാടിനെയും ബലി നൽകാതെ തന്നെ ഒരാൾക്ക് സുകൃതിയാകാൻ കഴിയും എന്ന് വിശ്വസിക്കുന്ന അവിശ്വാസിയല്ലേ താങ്കൾ?’
                                             സ്വതസിദ്ധമായ ലാളിത്യത്തോടെ ബുദ്ധിപൂർവ്വമായ വാക്ക്ചാതുരിയോടെ സോക്രട്ടീസ് അവരെ വിളിച്ചു. "കൂട്ടുകാരേ,,നിങ്ങൾ അനുവദിക്കുമെങ്കിൽ ഞാനൊരു
 കാര്യം പറയട്ടെ. ഒരു മനുഷ്യൻ ദൈവത്തോട് പ്രാർഥിക്കുന്നു. ദൈവത്തെ അകമഴിഞ്ഞ് സ്നേഹിക്കുന്നു. തന്റെ ദുർബലമായ മാനുഷികപ്രകൃതി അനുവദിക്കുന്നിടത്തോളം ദൈവികഗുണങ്ങൾ ജീവിതത്തിൽ പകർത്താൻ ശ്രമിക്കുന്നു. തന്റെ കഴിവിൽ പെടുന്ന എല്ലാ നന്മകളും പ്രാവർത്തികമാക്കുവാൻ ശ്രമിക്കുന്നു. അങ്ങനെയുള്ള മനുഷ്യനെ നിങ്ങൾ എന്ത്  വിളിക്കും ?”
                
           “ഒരു തികഞ്ഞ മതഭക്തൻ” അവർ പറഞ്ഞു.

                                                സോക്രട്ടീസ് തുട്ര്ന്നു. “അങ്ങനെയെങ്കിൽ, ഒരു സർവ്വശക്തനെ ആരാധിക്കുന്നതിനൊപ്പം തന്നെ നമുക്ക് ഒരു തികഞ്ഞ മതഭക്തനാവുകയും ചെയ്യമല്ലോ ? പരിശുദ്ധനായ ആ പ്രപഞ്ചശില്പി ആകാശത്തിൽ ഗോളങ്ങളെ അണിനിരത്തുകയും വിവിധങ്ങളായ ജീവിവർഗ്ഗങ്ങളെ സൃഷ്ട്ടിച്ച് അവയ്ക്ക് ജീവനും ചലനശേഷിയും നൽകുകയും ചെയ്യ്തപ്പോൾ അവൻ ഹെർക്കുലീസിന്റെ കരങ്ങളോ, അപ്പോളയുടെ മന്ത്രവീണയോ, പാനിന്റെ ഓടക്കുഴലോ ഉപയോഗിച്ച് എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ ?”
അതൊന്നും ഉപയോഗിച്ചിട്ടുണ്ടാവാൻ സാധ്യതയില്ല. അവർ പറഞ്ഞു.
“അപ്പോൾ ദൈവത്തിന്  ഈ കാണുന്നതെല്ലാം സൃഷ്ട്ടിക്കുവാൻ വേറാരുടെയും സഹായം ആവശ്യമില്ല്ങ്കിൽ, അവൻ ഇതിനെയൊക്കെ നിലനിർത്തുന്നത് മറ്റാരിലൂടെയോ ആണെന്നു വിശ്വസിക്കാനും നിർവ്വാഹമില്ല. നെപ്റ്റ്യൂൺ കടലിന്റെ ദേവനും,യൂളസ് കാറ്റിന്റെ ദേവനും, യൂണോ വായുവിന്റെ ദേവനും, സിറിയസ് വിളവെടുപ്പിന്റെ ദേവതയുമാണെങ്കിൽ അവരിലൊരാൾ         ശാന്തമായ അവസ്ഥ    ആഗ്രഹിക്കുമ്പോൾ മറ്റുള്ളവർ കാറ്റും കോളുമാണ് തീരുമാനിക്കുന്നതെങ്കിലോ ? അങ്ങനെയെങ്കിൽ പ്രപഞ്ചത്തിൽ ഇന്ന് കാണുന്ന വ്യവസ്ഥ ഉണ്ടാവുക സാധ്യമല്ലന്ന് വളരെ വ്യക്തമാണല്ലോ. നിങ്ങൾ സൂര്യന് നാല് വെള്ളകുതിരകളെയും ചന്ദ്രന് നാല് കറുത്ത കുതിരകളെയും സങ്കല്പിക്കുന്നു. പക്ഷെ, രാവും പകലും ഉണ്ടാകുന്നത് എട്ട് കുതിരകൾ മൂലം ആയിരിക്കുന്നതിനേക്കാൾ എത്രയോ മടങ്ങ് കൂടുതൽ സാധ്യത ഗോളങ്ങൾ അവയുടെ നാഥന്റെ ആക്ഞാനുസാരം ചലിക്കുന്നത് മൂലമായിരിക്കാനല്ലേ?

ഏതൻസുകാർ രണ്ടുപേരും അദ്ധേഹത്തെ തുറിച്ച് നോക്കി. പക്ഷെ,  മറുപടി ഒന്നും പറഞ്ഞില്ല.
                            
                               ചുരുക്കത്തിൽ സോക്രട്ടീസ് അവരോട് സമർഥിച്ചത് : പുരേഹിതന്മാർക്ക് പണം നൽകാതെ തന്നെ വിളവെടുപ്പ് നടത്താം. ഡയാനയുടെ ക്ഷേത്രത്തിൽ  വെള്ളിപ്രതിമകൾ സമർപ്പിക്കതെ തന്നെ വേട്ടക്ക് പുറപ്പെടാം. പൊമാനോ മനുഷ്യന് ഫലങ്ങളോ, നെപ്റ്റ്യൂൺ കുതിരകളെയോ നൽകുകയില്ല. അതിനാൽ എല്ലാം സൃഷ്ട്ടിച്ച സർവാധിനാഥനായ ദൈവത്തോടാണവൻ ഇതിനെല്ലാം നന്ദി പറയേണ്ടത്.

                                    ലോകഗതിയെ കുറിച്ച് അഭിക്ഞനും  അദ്ധേഹത്തിന്റെ ശ്യഷ്യനുമായിരുന്ന “സെനഫോൻ” സോക്രട്ടീസിനെ മറ്റി നിർത്തി പറഞ്ഞു: “അങ്ങയുടെ പ്രഭാഷണം വിസ്മയകരമായിരുന്നു.ഓറാക്കിളിനേക്കാൾ നന്നായി അങ്ങ് സംസാരിച്ചു.അത്കൊണ്ട്  തന്നെ അങ്ങ് നഷ്ട്ടത്തിൽ പെട്ടവനാകാൻ പോകുന്നു. അങ്ങയോട് സംസാരിച്ച രണ്ട് പേരിലൊരാൾ ക്ഷേത്രത്തിൽ ബലികൊടുക്കുവനുള്ള താറവിനെയും ചെമ്മരിയാടിനെയും വിൽക്കുന്ന കശാപ്പുകാരനും, മറ്റവൻ വെള്ളിയിലും പിച്ചളയിലും ദൈവവിഗ്രഹങ്ങൾ നിർമിച്ച് വിറ്റ് ലാഭമുണ്ടാക്കുന്നവനുമാണ്. അവരുടെ കച്ചവടത്തിന് കോട്ടമുണ്ടാക്കുന്ന അങ്ങയിൽ അവർ മതനിന്ദാ കുറ്റം ആരോപിക്കും. അങ്ങയെ നശിപ്പിക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന മെലിസ്റ്റിനും അനിറ്റസ്സിനും അവർ അങ്ങയെ ഒറ്റുകൊടുക്കുകയും ചെയ്യും. എന്നോടോ (സെനാഫോൺ) പളേറ്റോവിനോടൊ മാത്രം പറയാവുന്ന കാര്യം കശാപ്പ്കാരനോടും വിഗ്രഹം നിർമ്മിക്കുന്നവനോടും പറയുന്നതിൽ നിന്നും അങ്ങയുടെ പ്രസിദ്ധമായ പ്രക്ജ്ഞ അങ്ങയെ തടയേണ്ടതായിരുന്നു.

                             താനും നാളൂകൾക്കകം അഞ്ഞൂറംഗ സഭയെ കൊണ്ട് സോക്രട്ടീസിനെ കുറ്റവാളിയെന്ന് വിളംബരപ്പെടുത്താനും അദ്ധേഹത്തിനു വധ ശിക്ഷ വിധിക്കാനും ശത്രുക്കൾക്ക് കഴിഞ്ഞു. അങ്ങനെ ദൈവത്തിന്റെ ഏകത്വത്തിന് വേണ്ടി നിലകൊണ്ടതിനാൽ സോക്രട്ടീസിന് വിഷം കുടിക്കേണ്ടിവന്നു. ഏതൻസുകാർ പിന്നീട് അദ്ധേഹത്തിന്റെ പേരിൽ ഒരു ക്ഷേത്രം നിർമിച്ചു.  സകല ദേവാലയത്തിനും എതിരെ ശബ്ദിച്ച അതേ സോക്രട്ടീസിന്റെ പേരിൽ തന്നെ എന്നത് “ഒരു ജാതി ഒരു മതം ഒരു ദൈവം  മനുഷ്യന്”എന്ന് വാദിച്ച ശ്രീനാരായണ ഗുരുവിനെ ഒരു പ്രത്യക വിഭാഗം  പ്രതിഷ്ട്ടയാക്കിയതിനു തുല്ല്യമോ?

                     നി നമുക്ക് സായിബാബയിലേക്ക് വരാം. 1926 nov 23  ആഡ്രയിലെ പുട്ടുപർത്തിയിൽ പിറന്ന സത്യനാരായണ രാജു എന്ന പതിനാല് കാരൻ 1918 -ല്‍     അന്തരിച്ച ആത്മീയഗുരുവായ ഷിർദ്ധിസായിയുടെ പുനർജന്മമാണെന്ന് അവകാശപെട്ട് കൊണ്ട് ഇന്ത്യൻ ആത്മീയതയിലെ ഗ്രാമീണവിശ്വാസത്തിലേക്കിറങ്ങി.1944-ൽ ഏതാനും അനുയായികൾ ചേർന്ന് സത്യസായിബാബയുടെ പേരിൽ ആദ്യ ക്ഷേത്രം പുട്ടുപർത്തിയിൽ പണിതുയർത്തി.(പിന്നീട് നടന്നതെല്ലാം കാലം സാക്ഷി) ഇക്കാലം കൊണ്ട് സ്വയം പ്രഖ്യാപിത അവതാരത്തിന്റെ    ആസ്തി 
            45000 കോടിക്ക് മേലെ വളർന്നു. എതിരാളികൾ പറയും പോലെ ശൂന്യതിയിൽ നിന്നും സ്വർണ്ണമാലയും, മോതിരവും, റാഡോവാച്ചും, ശിവലിംഗവും, വിഭൂതിയും മറ്റും സൃഷ്ട്ടിക്കുന്ന മാന്തിക(ജാല)വിദ്യകൊണ്ട് മാത്രമായിരുന്നില്ല സായിബാബ തന്റെ ഈ ബ്രന്മാണ്ട-ബ്രഹത് സാമ്രാജ്യം കെട്ടിപൊക്കിയത്. “താൻ ആരെന്നും, നാം ശ്വസിക്കുന്ന അതേ ജീവവായുവാണ് സായിബാബ ശ്വസിക്കുന്നതെന്നും, ആ ജീവവായു വിഷലിപ്തമായാൽ നമ്മെ പോലെ തന്നെ സായിബാബയും പിടഞ്ഞ്പിടഞ്ഞ് മരിക്കുമെന്നും തിരിച്ചറിയാത്ത (അറിഞ്ഞിട്ടും വലിയ പ്രയോജനമില്ലാത്ത) ഒരു പ്രത്യക സമൂഹത്തിന്റെ (ഈ പ്രത്യക സമൂഹത്തിൽ നാനാജാതി മതസ്ഥരും ഉണ്ടേ) വിശ്വാസത്തിന്റെ മൂർദ്ധന്യത്തിലാണ് സായിബായേ പോലുള്ള അവതാരങ്ങൾ ഇന്ത്യൻ മണ്ണിൽ ജന്മമെടുത്ത് വളർന്ന് പന്തലിക്കുന്നത്. അത് കൊണ്ട് മാത്രമാണല്ലോ ,ഭഗവാൻ സായിബാബയിൽ ജീവിന്റെ തുടിപ്പ് നിലനിർത്താൻ ആധുനികവൈദ്യശാസ്ത്രം അവസാനവട്ട ശ്രമം നടത്തുമ്പോൾ സ്വദേശ-വിദേശ മാധ്യമപ്രവർത്തകരോട് ഗദ്ഗദഖണ്ഡരായി സായിഭക്തർ പറഞ്ഞത് .“ഭഗവാൻ മരിക്കില്ല. ഭഗവാൻ ഇപ്പോൾ ഏതോ അനുയായിയുടെ രോഗം മാറ്റാനുള്ള ശ്രമത്തിലാണ്.അദ്ധേഹം തൊണ്ണൂറ്റിആറാം വയസ്സിലെ മരിക്കു എന്നും പറഞ്ഞിട്ടുണ്ട്.” എന്ന് വിലപിച്ച് കണ്ണീർ വാർത്തത്, സമൂഹം അംഗീകരിക്കുന്ന ബഹുമാനിക്കുന്ന സമുന്നത വ്യക്തിത്വങ്ങളായിരുന്നു.”
                                                നി സായബായുടെ സേവനങ്ങളിലേക്ക് വരാം:-കഠിനമോ ലളിതമോ ആയ യാതൊരു അദ്ധ്വാനവും കൂടാതെ നാല്പത്തയ്യായിരം കോടിക്ക് മേലേ ആസ്തിൾ കുമിഞ്ഞ് കൂടുമ്പോൾ ബഹുഭൂരിപക്ഷം എന്ത് ചെയ്യും ? അത് തന്നെ സായിബാബയും ചെയ്യ്തു.മാത്രമല്ല,അദ്ധേഹം ചെയ്യ് ത സമൂഹസേവനത്തിന്റെയും ആതുരസേവനത്തിന്റെയും മാതൃക അദ്ധേഹത്തിന്റെ മനുഷ്യദൈവം അല്ലെങ്കിൽ അവതാരപുരുഷൻ എന്ന നിലനില്പിന് തന്നെ വളരെ വളരെ അത്യാവശ്യമല്ലേ ? ( അദ്ധേഹത്തിന്റെ ഇത്യാതി സദ്ശ്രമങ്ങളെ നിസാരവത്കരിക്കാൻ ഒട്ടും ശ്രമിക്കുകയല്ല ഈ വെറും നിസരൻ.” ദയവ് ചെയ്യ്ത് സായിഭക്തർ കോപിക്കരുതേ) എനിക്ക് തോന്നിയ ചില സാധ്യതകൾ നിങ്ങളുമായി പങ്ക് വെക്കുക മാത്രം. ഞാൻ മാത്രമല്ല ഇങ്ങനെയെല്ലാം ചിന്തിക്കുന്നത്. പുരോഗമനചിന്തകരായ ഹിന്ദുമത വിശ്വാസികളിൽ നിന്ന് പോലും സായിബാബ വിമർശനത്തിന് വിധേയമായിട്ടുണ്ട്. ഷിർദ്ധി ബാബയുടെ പുനരവതാരമെന്ന് അവകാശപെട്ട് കടന്ന് വന്ന സായിബാബയെ ഷിർദ്ധിഭക്തരൊന്നും ഇപ്പോഴും അംഗീകരിച്ചിട്ടില്ല. മഹാരാഷ്ട്രയിലെ ഷിർദ്ധി കേന്ദ്രത്തിൽ എവിടെയും സായിബാബയുടെ ഒരു പടം പോലുമില്ല.  സായിബാബയുടെ മാജിക്കുകൾ തുറന്ന് കാട്ടി ബി.ബി.സി. സം പ്രേഷണം ചെയ്യ് ത “ദ് സീക്രട്ട് സ്വാമി” എന്ന ഡോക്യുമെന്റ് റിയിൽ ,സായിബാബ ഗുരുവല്ല അന്താരാഷ്ട്രബൻഡമുള്ള മാഫിയ തലവനാണെന്ന് തുറന്ന് പറഞ്ഞത് ‘ബാസവപ്രേമാനന്ദ’ എന്ന ശാസ്ത്രാന്വേഷിയായുഇരുന്നു. പിന്നെയും പിന്നെയും വിവാദങ്ങൾ പലതും സായിബാബയിലൂടെ കടന്ന് പോയി. പക്ഷെ, എല്ലാ വിവാദങ്ങളും പാതിവഴിയിൽ ഭൂമിക്കടിയിലെ ഘനാന്തകാരത്തിലേക്ക് മൂടപ്പെട്ടു. ഒടുവിൽ , തൊണ്ണൂറ്റിയാറാം വയസ്സിലെ താൻ സമാധിയാകു എന്ന തന്റെ സ്വന്തം പ്രവചനം പോലും “എൻപത്തിയാറിലാക്കി” കാലയവനികക്കുള്ളിൽ മറഞ്ഞ സായിബാബ ,ഇപ്പോഴും വെളുക്കാത്ത അല്ലെങ്കിൽ വെളുക്കാൻ അനുവദിക്കാത്ത ആ ‘തലമുടിയിൽ’ കുറെ ഏറെ നിഗൂഡതകളും വിവാദങ്ങളും ഒളിപ്പിച്ച് നിഗൂഡനിശബ്ദതയിലേക്ക്  മറഞ്ഞു.
.


Saturday, 23 April, 2011

നന്ദി………….
                        “ബ്ലോഗ് മീറ്റിന് തിരുർ തുഞ്ചൻ പറമ്പിൽ വരണമെന്നുണ്ട് .പക്ഷെ ,ചില സാങ്കേതിക കാരണങ്ങളാൽ വരാൻ കഴിയാത്തതിൽ വിഷമമുണ്ട് ” എന്ന എന്റെ കമന്റ് വായിച്ചിട്ട് സാബു കൊട്ടോട്ടി എന്നെ സ്നേഹപൂർവ്വം ക്ഷണിക്കുകയും  ബ്ലോഗറും റിട്ടയേർഡ് മജിസ്ട്രേറ്റുമായ ഷെരീഫ് സാഹിബുമായി ഈ  വിഷയം ഗൌരവപൂർവ്വം ചർച്ച ചെയ്യുകയും ചെയ്യ്തതിനു കൊട്ടോട്ടിക്ക് ആദ്യത്തെ നന്ദി……

                           ങ്ങോട്ടും ഇങ്ങോട്ടും ഏതാണ്ട് 550 കിലോമീറ്റർ ദൂരം ഞാൻ ഒറ്റക്ക് ഡ്രൈവ് ചെയ്യതോളാം എന്ന തീരുമാനത്തിൽ ഷെരീഫ് സാഹിബുമായി ധാരണയിലെത്തി. സുഖകരമായ ട്രെയിൻ യാത്ര വേണ്ടന്ന് വെച്ച് മാരുതി  800 -ൽ (വിത്തൌട്ട് എ സി) എന്നോടൊത്ത് വരാമെന്ന് സമ്മതിച്ചതിന്  ഷെരീഫ് സാഹിബിനും നന്ദി നന്ദി

ഉമ്മയുടെ ഇടപെട

പൊയിക്കോ , പോകുന്നതിൽ വിരോധമില്ല . പക്ഷെ, നിന്റെ കൂട്ടുകാരിൽ ആരെങ്കിലും വേണം. അല്ലെങ്കിൽ ഓടിക്കാനറിയാവുന്ന ഡ്രൈവർ വേണം .ഞാൻ വീണ്ടും ഓട്ടത്തിലായി നെട്ടോട്ടത്തിലായി. പക്ഷെ, ഞായറിന്റെ തിരക്കിലേക്ക് മുൻ കൂർ ബുക്ക് ചെയ്യപ്പെട്ട സുഹൃത്തുക്കളും ഡ്രൈവറ്ന്മ്മാരും നിസ്സ്വഹായത പ്രകടിപ്പിച്ചപ്പോൾ എന്റെ യാത്ര വീണ്ടും അനിശ്ചിതത്വത്തിലായി. ഒടുവിൽ , എന്റെ യാത്ര റദ്ധാക്കികൊണ്ട്  സ്നേഹമുള്ള ബ്ലോഗ്ഗറന്മാരെ തേടി എന്റെ സന്ദേശം പോയി.

                             “ഇൻഷാ അല്ലാഹ്ന്ന ആശ്വാസത്തിലേക്ക് മടങ്ങുമ്പോൾ എന്റെ അടുത്ത സുഹൃത്തായ വാഹിദിന്റെ ഫോൺ കാൾ എത്തി .” ഡ്രൈവർ ശരിയാട്ടുണ്ട്. “ എന്റെ ബ്ലോഗ് സ്വപ്നം വീണ്ടും ഉണർന്നു . എന്റെ ശബ്ദം വീണ്ടും ശരീഫ് സാഹിബിന്റെ ഫോണിൽ മുഴങ്ങി. യാത്രക്കുള്ള തയ്യാറെടുപ്പുകൾ വീണ്ടും സജീവമായി. രാവിലെ ഒമ്പത് മണിക്ക് കായംകുളത്ത് എത്താം എന്ന ഷെരീഫ് സാഹിബിന്റെ ഉറപ്പിൽ ഞാൻ തലയിണയിലേക്ക് താഴ്ന്നു.

ഒരു പെൺ മനസ്സ്

                      ദ്യം ഒരു മെസേജിലൂടെയും പിന്നെ ഫോണിലൂടെയും എന്റെ യാത്രക്ക് വേണ്ട സഹായം വാഗ് ദാനം ചെയ്യത , മനസ്സിൽ നിറയെ കാരുണ്ണ്യമുള്ള ഫെമിന ഫാറൂഖ് എന്ന ബ്ലോഗർക്കും നന്ദി നന്ദി.

                        റെജിസ്ട്രേഷൻ ഫീസിൽ നിന്ന് പോലും ഒഴിവാക്കി , എനിക്കുണ്ടായ യാത്രാചിലവിന്റെ നേർപകുതി കൂടി നൽകി എന്റെ ഞെരുക്കത്തെ ഉൺമേഷത്തിലേക്ക് പറത്തി വിട്ട ഹാഷിമിനും സാബു കൊട്ടോട്ടിക്കും നന്ദി……നന്ദി…….. ( കൂതറ എന്ന ബ്ലോഗ് നാമത്തോട്  ഒരുതരത്തിലും കൂറ് പുലർത്താത്ത ഹാഷിമിന്റെ വളരെ നല്ല മനസ്സ് ഇവിടെ വായിക്കാം)

                                      ടിപിടിച്ച മനസ്സിൽ കുറച്ച് ഊർജ്ജം നിറക്കുക. അക്ഷരസ്നേഹികളായ ബ്ലോഗറന്മാരുമായി പരിചയപ്പെടുക എന്ന ലക്ഷ്യം മാത്രമായിട്ട് അവിടെ എത്തിയ എന്നെ സുവനീർ ഏറ്റുവാങ്ങാൻ തിരഞ്ഞെടുത്തതിന് , അതിന് കാരണക്കാരായ സുമനസ്സുകൾക്ക് നന്ദി നന്ദി
കെ. പി. രാമനുണ്ണിസാറിനും നന്ദി……. നന്ദി…………

    “എന്നിലെ ആഴങ്ങളിൽ നിറയുന്ന നന്ദി…… നിറഞ്ഞ് തന്നെ നിൽക്കും . നിരന്തരം…………..”


Wednesday, 13 April, 2011

ഇഷ്ട്ടനമ്പറിന് പതിനാറ്കോടി അറുപത്തൊന്ന് ലക്ഷം

ഇഷ്ട്ടനമ്പറിന്  പതിനാറ്കോടി അറുപത്തൊന്ന് ലക്ഷം .
                                                                                                 
                                             ണ്ടി ഓടാൻ പെട്രോൾ വേണം ഓടിക്കാനറിയാവുന്ന ഡ്രൈവർ വേണം. അപകടങ്ങളെഴിവാക്കാൻ പ്രാർഥനയോടും സൂക്ഷമതയോടും  കൂടി ഓടിക്കുകയും വേണം. നമ്പറിന്റെ പ്രസക്തി, മറ്റ് പല പ്രധാനപെട്ട  സർക്കാർ വക ചിട്ടവട്ടങ്ങൾക്ക്. പക്ഷെ, ഇവിടെ ഇതാ ഒരു മനുഷ്യൻ വെറും  കവുതുകത്തിന്  പതിനാറ്കോടി അറുപത്തൊന്ന് ലക്ഷം രൂപ ഇഷ്ട്ടനമ്പറിന് വേണ്ടി ചിലവാക്കിയിരിക്കുന്നു. ഇത് ഖത്തർ എന്ന രാജ്യത്ത്. ഇതിന് മുമ്പും ഇതിനെക്കാൾ കൂടിയ തുകക്ക് (62.64 കോടി രൂപക്ക്) ഇഷ്ട്ടനമ്പർ സ്വന്തമാക്കിയിട്ടുണ്ട് എന്നും പത്രം പറയുന്നു.
                                                                      
                                                                    
                                     കോടി കോടി മനുഷ്യർ ആഹാരത്തിനും വസ്ത്രത്തിനും പാർപ്പിടത്തിനും വേണ്ടീ ജീവിതസമരത്തിൽ നിരന്തരം പടപൊരുതുമ്പോൾ , ഇത്തരം മനുഷ്യർ കാട്ടികൂട്ടുന്ന സാമ്പത്തിക അഹങ്കാരത്തിന്  ഏത് പേരാണ് ചൊല്ലി വിളിക്കേണ്ടത് ? ഇഹലോകത്ത് ദൈവം മനുഷ്യരിൽ ചിലർക്ക് മറ്റ് ചിലരേക്കാൾ അനുഗ്രഹങ്ങൾ ചൊരിയുന്നു. ഈ അനുഗ്രഹങ്ങൾ ദൈവത്തിന്റെ അവുദാര്യമായി കണ്ട് വിനയാന്വിതരും നന്ദിയുള്ളവരുമാവുകയാണ് വേണ്ടത്. ഇത്തരം സാമ്പത്തിക അഹങ്കാരികളെ മനസ്സാ ഞാൻ ചെരിപ്പ് മാല അണിയിക്കട്ടെ.


                                                                             

Thursday, 10 March, 2011

ഓർമയിലൊരു കണ്ണീർ ചുംബനം.


                 ർമയിലൊരു കണ്ണീർ ചുംബനം.

ചെറുമഴയിൽ നനഞ്ഞവനെ പോലെ, ചുട്ട് പൊള്ളുന്ന വെയിലിൽ വിയർത്ത് കുളിച്ച് അയാൾ എന്റെ മുറിയിലേക്ക് കയറിവന്നു. എനിക്ക് തികച്ചും അപരിചിതനായ ആ മനുഷ്യൻ ആരായിരുന്നു ? എന്തായിരുന്നു അയാളുടെ ലക്ഷ്യം ?

ഞാൻ അക്ഷമനെപോലെ , വിയർത്തൊലിച്ച അയാളുടെ ദേഹത്തേക്കും മുഖത്തേക്കും മാറി മാറി നോക്കി. അയാളൊന്നും സംസാരിച്ചില്ല.  സംസാരിക്കാൻ കഴിയാത്തവനാണോ  എന്ന് പോലും ഞാൻ സംശയിച്ചു. അയാളുടെ നില്പ് കാണുമ്പോൾ ഏതോ ദുരന്തം കണ്ട് സംസാരശേഷി താൽക്കാലികമായി നഷ്ട്ടപ്പെട്ട് നിൽക്കുന്നത് പോലെ തോന്നി.

ഒടുവിൽ ക്ഷമകെട്ട് ഞാൻ ചോദിച്ചു: നിങ്ങൾ ആരാണ് ? എവിടെ നിന്ന് വരുന്നു ? നിങ്ങൾക്ക് എന്ത് വേണം ? എന്റെ ചോദ്യങ്ങൾ ഇങ്ങനെ നീണ്ട്പോയപ്പോൾ അല്പം ആശ്വാസം കൈവന്നവനെപോലെ അയാൾ നിന്ന സ്ഥാനത്ത് നിന്ന് ഇത്തിരി ഇളകി, ശ്വാസം ഒന്നിളക്കി വിട്ടു, എന്റെ മുന്നിൽ കിടന്ന കസേരയിലേക്ക് വളരെ വേഗത്തിൽ കയറി ഇരുന്നു.

പിന്നീട് നടന്നത് എന്നെ അത്ഭുതപ്പെടുത്തുമാറുള്ളതായിരുന്നു.എന്റെ മുഖത്തേക്ക് നോക്കിയിരുന്ന അയാൾ പൊടുന്നനെ വിങ്ങിക്കരയാൻ തുടങ്ങി. ഞാൻ വല്ലാതെ അസ്വസ്ഥപെട്ടു. എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങി. ശ്ശെ, എന്ത് ? നിങ്ങൾ എന്തിനാണ് കരയുന്നത് ? പറയൂ ഞാൻ എന്ത് സഹായമാണ് നിങ്ങൾക്ക് ചെയ്യ്ത് തരേണ്ടത് ?

കുറെ നേരം ഒന്നും സംസാരിക്കാതിരുന്ന അയാൾ പൊടുന്നനെ എന്റെ കൈകൾ രണ്ടും കൂട്ടിപിടിച്ച് തെരുതെരെ കണ്ണീർ പുരണ്ട ചുംബനങ്ങൾ നൽകി.

ഞാൻ പകച്ച് പോയി . തികച്ചും അപരിചിതനായ ഒരു മനുഷ്യൻ എന്തിനിങ്ങനെ കാട്ടിക്കൂട്ടുന്നു ? ഞാൻ സ്വയം ആശ്വസിച്ചു . “ ഇത്തിരി വട്ട് കാണുമായിരിക്കും” വേണ്ട അങ്ങനെ കരുതേണ്ട എന്ന് ഖേദിച്ച് മടങ്ങുമ്പോൾ അയാൾ പറഞ്ഞു : “ കുഞ്ഞെ, ദ്രവിച്ച ജീവിതങ്ങൾ കണ്ട് പകച്ച് പോയവനാ ഞാൻ. ഞാൻ ഇങ്ങനെ അല്ലാതെ പിന്നെങ്ങനെ ആവാൻ? “

ഞാനെന്ന് പിടഞ്ഞു. അയാളെ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങുമ്പോൾ അയാൾ മുറിയിൽനിന്നിറങ്ങി നടന്ന് തുടങ്ങി . അതിനിടയിൽ അയാൾ തിരിഞ്ഞ് നിന്ന് പറഞ്ഞു: “ ഏകാന്തതയിൽ പൂക്കുന്ന തണൽ മരങ്ങൾ തേടിയുള്ള ഓട്ടത്തിലാണ് ഞാൻ , ഞാൻ എന്റെ ശിരസ്സ് തിളക്കുന്ന നട്ടുച്ചയിലേക്കിറക്കട്ടെ”   

ഞാനപ്പോൾ ഒന്നും മനസ്സിലാകാത്തവനെ പോലെ ,   ഇതികർത്തവ്യതാമൂഡനെ പോലെ  കുറെ ഏറെ നേരമിരുന്നു. അല്പദൂരെ ഒരു മരത്തിൽ കെട്ടിയിരിക്കുന്ന പൈകിടാവിനെ നോക്കി. വെയിലിന്റെ തീക്ഷണതയിൽ ആ അരുമകിടാവ് നാവ് പുറത്തേക്ക് നീട്ടി വല്ലാതെ അണക്കുന്നു. ദാഹജലവും ആശ്വാസവും കൊടുക്കുന്ന തന്റെ യജമാനനെ പ്രതീക്ഷയോടെ നോക്കി കിടക്കുന്നു. ഒടുവിൽ, ഞാനും എന്റെ യജമാനനെ പ്രതീക്ഷയോടെ നോക്കി .തിളക്കുന്ന സൂര്യകിരണങ്ങൾ പൊഴിയുന്ന സഞ്ചാരപഥത്തിന്റെ വിപരീത ദിശയിലേക്ക് എരിഞ്ഞ് കത്തുന്ന കണ്ണുമായി ഞാൻ നോക്കി. എന്റെ യജമാനനെ……………

Sunday, 30 January, 2011

സാമി അസിമാന്ദയുടെ മന:സാക്ഷി

              

                                                              സ്വാമി അസിമാനന്ദ           

യഥാവിധി നിർവചിക്കാനാവത്ത രണ്ട് സത്യാവസ്ഥകളാണ് മനസ്സും മന:സാക്ഷിയും.കാരുണ്യം, സ്നേഹം, അനുകമ്പ തുടങ്ങിയ വികാര-വിചാരങ്ങൾ ഓരോ മനസ്സിൽ നിന്നും ഏതളവിൽ എത്രമാത്രം പുറന്തള്ളപ്പെടും എന്ന് പറയുക പ്രയാസമാണ്. മദർ തെരേസ്സയെയും ജോർജ് ബുഷിനെയും കുറിച്ച് ഒരു നിമിഷം ചിന്തിക്കുക. ആദ്യത്തേത് കാരുണ്യത്തെ ഒന്നാകെ തന്റെ ചിറകിനടിയിലേക്ക് ആവാഹിച്ച മഹനീയ മാതൃക. രണ്ടാമത്തേത് ലക്ഷക്കണക്കിന് നിരപരാധികളെ നിഷ്ട്ടൂരം കൊന്ന് കൂട്ടുന്നതിനു രംഗസജ്ജീകരണം നടത്തിയിരുന്ന ഭരണാധികാരി. ഇതിനെ രണ്ടിനെയും രണ്ടളവിൽ നമ്മിൽ പലരും ആദരിക്കുകയും ബഹുമാനിക്കുകയും  കൂടെ ചേർന്ന് നിന്ന് ഫോട്ടോ എടുക്കാൻ മത്സരിക്കുകയും ചെയ്യുന്നു. ഇവിടെ നാം കൽ‌പ്പിച്ച് കൊടുക്കുന്ന “മന:സാക്ഷി” തല കീഴായികിടന്ന് നമ്മെ തന്നെ തുറിച്ച് നോക്കി സങ്കടപ്പെടുകയും കണ്ണ്റുക്കി കാണിക്കുകയും ചെയ്യുന്നില്ലേ ?

ദേശസ്നേഹത്തിന്റെ മൊത്തകുത്തക തങ്ങൾക്ക് മാത്രമെന്ന് അവകാശപ്പെട്ടിരുന്ന രാഷ്ട്ടീയപാർട്ടികളും, മത സംഘടനകളും ഒന്നാകെ ഒരേ സ്വരത്തിൽ ഭീകരവാദികൾ തീവ്രവാദികൾ എന്ന് മാത്രം വിളിക്കപ്പെട്ടിരുന്നത് അല്ലെങ്കിൽ മുദ്ര ചാർത്തപ്പെട്ടിരുന്നത് മുസ്ലിം നാമധാരികളെയോ സംഘടനകളെയോ രാഷ്ട്ടീയ പാർട്ടികളെയോ മാത്രമായിരുന്നു. ഇന്നലെ വരെ പൊട്ടിതെറിച്ച ബോംമ്പുകളുടെ ഒക്കെ അവകാശികൾ ഇത്തരക്കാർ മാത്രമെന്നായിരുന്നു അവരോടൊപ്പം അധികാരിവർഗവും ഭരണവർഗവും കണ്ടിരുന്നത്. നമ്മുടെ പത്രമാധ്യമങ്ങൾ പോലും പരസ്പര ശത്രുതയുടെ വിത്ത് പാകുംവിധമായിരുന്നു അക്ഷരകൂട്ടങ്ങളെ പെറുക്കിവെച്ചിരുന്നത്.

ഓരോ ബോം മ്പുകൾ പൊട്ടുമ്പോഴും, നിരപരാധികൾ ചിതറിതെറിക്കുമ്പോഴും ഞാൻ എനിക്കറിയാവുന്ന മുസ്ലിം മനസ്സുകളോട് ചോദിക്കും: “ തുല്ല്യതയില്ലാത്ത ഈ ക്രൂരത എന്തിന്? ഏതെങ്കിലും മതദർശനം ഇതിനെ പ്രോത്സാഹിപ്പിക്കുന്നുണ്ടോ ? ഇത് കൊണ്ട് എന്ത് നേട്ടം? ”
ഇങ്ങനെ ഒട്ടനവധി ചോദ്യങ്ങളും ശകാരങ്ങളും കോപങ്ങളൂം സങ്കടങ്ങളും എന്നിൽ നിന്നും പ്രവഹിച്ചിരിന്നു(അതിനു വലിയ മാറ്റം ഇപ്പോഴും സംഭവിച്ചിട്ടില്ല). കാരണം,“ ഒരു നിരപരാധിയെ വധിച്ചാൽ ജനസമൂഹത്തെ മുഴുവൻ വധിച്ചതിന് തുല്ല്യമെന്നും,പൊറുക്കപ്പെടാത്ത അപരാധമെന്നും“ പടിപ്പിക്കുന്ന ഒരു തത്വസംഹിതയിൽ വിശ്വസിക്കുന്നവനാണ് ഞാനെന്നുള്ളത് കൊണ്ട്.

ഇത്തരം അനിശ്ചിതാവസ്ഥയിലേക്ക് പെയ്യതിറങ്ങിയ നിലാമഴയായിരിന്നു “അസിമാന്ദയുടെ മന:സാക്ഷി“. മലേഗാവിലും, സംചോതാ എക്സ്‌പ്രസ്സിലും , അജ്മീറിലും, മക്കാ മസ്ജിദിലും, തുടങ്ങി ഒട്ടനവധി സ്ഫോടങ്ങൾക്ക് ഉത്തരവാദി താനും തന്റെ സംഘക്കാരാണെന്നും പറഞ്ഞുള്ള മൊഴി ഡിസംബർ 18 നു തീസ് ഹസാരി കോടതിയിലെ മെട്രോപോളിറ്റൻ മജിസ്ട്രോറ്റ്  ദീപക് ദബാസിന് മുംമ്പാകെ ദൃഡനിശ്ചയത്തോടെ രേഖപെടുത്തുമ്പോൾ പോലും നമ്മുടെ പ്രധാന പത്രമാധ്യമങ്ങൾക്കൊക്കെ മൈവുനവൃതമായിരിന്നു. പരപ്രേരണയോ യാതെരുവിധ സമ്മർദ്ദമോ ഇല്ലാതെ,  ജയിലിൽ തന്നോടൊപ്പം കഴിഞ്ഞ “നിരപരാധിയായ കലീം എന്ന മനുഷ്യസ്നേഹിയുടെ“ സ്നേഹ-പരിചരണത്തിൽ മനംകുളിർത്ത് മന:പരിവർത്തനമുണ്ടായ സാമി അസിമാനന്ദ  “എന്നെ വധശിക്ഷക്ക് വിധിക്കുമെന്നറിയാം, എങ്കിലും എനിക്ക് കുറ്റസമ്മതം നടത്തണം “ എന്ന് പറയുമ്പോൾ , ഇതിന്റെ പേരിൽ ക്രൂരമായി പീഡിപ്പിക്കപെട്ട് വർഷങ്ങളായി ജയിൽവാസമനുഭവിക്കുന്ന അനേകം നിരപരാധികളൂടെ മനസ്സിലേക്കും, അവരുടെ കുടുംബത്തിലേക്കും, അവർ പ്രതിനിധാനം ചെയ്യുന്ന ചുറ്റുപാടുകളിലേക്കും അടിച്ച് വീശിയ “ആശ്വാസത്തിന്റെ തോത്“ അളക്കുക പ്രയാസമാണ്.

ഇവിടെയാണ് അസിമാനന്ദയുടെ മന:സാക്ഷി പ്രസക്തമാകുന്നത് . ഇത് പോലെ, ഏത് തരം ഭീകരവാദമോ  തീവ്രവാദമോ ആകട്ടെ. അവർ ചെയ്യുന്നതിന്റെ ഉത്തരവാദിത്വം അവരവർ തന്നെ തുറന്ന് പറഞ്ഞ് നീതിന്യായ വിവസ്ഥക്ക് മുന്നിൽ സാക്ഷ്യപെടാൻ മനസ്സ് കാട്ടിയാൽ എത്രയോ നിരപരാധികൾക്ക് അതിക്രൂരമായ പീഡനങ്ങളീൽ നിന്നും മോചനം കിട്ടും. അല്ലങ്കിൽ, അതിനു വിധേയരാവാതിരിക്കൻ കഴിയും.( ലഷ്ക്കറെ തയ്യിബയോ, അൽ- ജിഹാദോ, അൽ-ഉമ്മയോ, അൽ-ഉസാമയോ, അൽ-ഹുജിയോ ആരുമായികൊള്ളട്ടെ അസിമാനന്ദയെ പോലെ ആർജ്ജവത്തോടെ ദൃഡനിശ്ചയത്തോടെ പരസ്യമായി വിളിച്ച് പറയുക. 

ഒരു കാര്യം കൂടി ഓർമപ്പെടുത്തി കൊള്ളട്ടെ: മതേതര-ജനാധിപത്യമെന്ന് വിശേഷിപ്പിക്കുന്ന ഇന്ത്യൻ ഭരണകൂടത്തിന്റെ വിശ്വാസിയതയെ ഒരു പരിധിവരെ നിലനിർത്തുവാൻ  സഹായിച്ചത് സത്യസന്ധത കൈമോശം വരാതെ കാത്ത് സൂക്ഷിച്ച  ഹേമന്ത് കർക്കരെ എന്ന ധീരനായ അന്വേഷണ ഉദ്ധോഗസ്ഥനായിരിന്നു. ഹിന്ദുത്വഭീകരതയുടെ തീവ്രമുഖം പൊളിച്ചടുക്കി ഇന്ത്യൻ മനസാക്ഷിക്ക് മുന്നിലേക്കിട്ട ആ ധീരരക്തസാക്ഷിയെ ആദരവോടെ സ്മരിക്കട്ടെ. {മുംബൈ ഭീകരാക്രമണത്തിനിടയിൽ അദ്ധേഹം വെടിയേറ്റ് മരിക്കാനിടയായ സംഭവം വിവാദവിഷയവും അന്വേഷണവിഷയവുമാണ്. സത്യം എന്നെങ്കിലും പുറത്ത് വരുമെന്ന് പ്രതീക്ഷിക്കാം .} പ്രാർഥനയോടെ ....  


 Tuesday, 11 January, 2011

കാഴ്ച്ചകൾ സമ്മാനിക്കുന്നത്

കാഴ്ച്ചകൾ സമ്മാനിക്കുന്നത്.

കണ്ണിനും മനസ്സിനും സ്നേഹം പകരുന്ന കാഴ്ച്ചകൾ(സ്നേഹം പകരുക എന്ന് വെച്ചാൽ ഇഷ്ട്ടം തോന്നുക, തൊട്ട് നോക്കാൻ തോന്നുക, ഉമ്മ കൊടുക്കാൻ തോന്നുക, സഹതാപം തോന്നുക,സ്വന്തമാക്കാൻ തോന്നുക തുടങ്ങി ഓരോരുത്തരുടെ സ്വഭാവസവിശേഷതകൾക്ക് അനുസൃതമായിട്ടുള്ള “സ്നേഹം” മുളപൊട്ടുക സാധാരണമാണ്) പ്രപഞ്ചത്തിന്റെ മുന്നോട്ടുള്ള ഗതി സന്തോഷപ്രദമാവാൻ  ഇത്തരം ചില കൊടുക്കൽ-വാങ്ങലുകളുടെ  ഇടപെടലുകൾ അനിവാര്യമല്ലേ?

ശരീരഭാഗങ്ങൾക്ക് വരൽച്ചയോ വിണ്ട്കീറലോ ഉണ്ടായാൽ അലോപ്പതിയോ ആയുർവേദമോ ആയ ക്രീമുകൾ പുരട്ടുകയോ, ഓയിൽ മസ്സാജ് ചെയ്യുകയോ ചെയ്യാറുണ്ട്. അത്പോലെ കൈകാലുകളുടെ നഖങ്ങൾക്ക് ക്യൂട്ടക്സ് പുരട്ടി ഭംഗിയാക്കുകന്ന പരിപാടി എന്റെ വീട്ടിലും ഞാൻ കണ്ടിട്ടുണ്ട്. മുഖത്താണെങ്കിൽ ഫേഷ്യൽ ച്ചെയ്യുക, പുരികം പ്ലക്ക് ചെയയ്യുക, മഞ്ഞൾ അരച്ച് പുരട്ടക, പച്ചക്കറി അരച്ച് മുഖത്ത് വാരിതേച്ച് കണ്ണടച്ചിരിക്കുക എന്നീ കലാപരിപാടികൾ പലപ്പോഴും പലയിടത്തും കണ്ടിട്ടുണ്ട്.

എന്നാൽ ഈ അടുത്ത ദിവസം ഒരു മലയാളം ടി വി ചാനലിൽ സുന്ദരമായ കാലിനെ കൂടുതൽ ഭംഗിയാക്കുന്നത് കണ്ടു. ആദ്യം അരമണിക്കൂർ ഓയിൽ മസാജ്, പിന്നീട് വെറും മസാജ്, വീണ്ടും എന്തോ വിരലുകൾക്കിടയിൽ തിരുകി പിന്നെയും മസാജ്, പിന്നീട് പൊതിഞ്ഞ് കെട്ടി വെയ്ക്കൽ, പൊതിയിൽ നിന്നും എടുത്ത് പിന്നെയും എന്തൊക്കെയോ ചെയ്യ്തു. ഒരു പിടിയും കിട്ടിയില്ല. അവസാനം പരിപാടി തുടങ്ങും മുമ്പ് കണ്ട കാലിനെ അത്രമാറ്റമൊന്നും ഇല്ലാതെ ഞാൻ കണ്ടു. ഒരു പക്ഷെ, തൊട്ട് നോക്കുമ്പോൾ കൂടുതൽ മയം വന്ന് കാണുമായിരിക്കും

അവസാനം ഞാൻ എന്റെ കാലിലേക്ക് നോക്കി. ഒരു വിരലനക്കാൻ പോലുമാവാതെ;…………. ഒരു തുള്ളി കണ്ണ്നീർ, താഴേക്ക് പതിക്കാതെ മൂടികെട്ടിയ കാർമേഘങ്ങൾക്കുള്ളിലേക്ക് പോയി.