Friday, 10 December, 2010

“ശമനമാർഗം”

                ശമനമാര്‍ഗം

“ചിന്താമണ്ഡലം സംഘർഷഭരിതമാകുമ്പോഴോ
അതോ,ജീവിതയാതനകൾ തെരുവ്നായ്ക്കളുടെ ഓരയിടൽ പോലെ ഹൃദയത്തിൽ നിലവിളിക്കുമ്പോഴോനഷ്ട്ടപെടലുകളുടെ വിലാപം കൂടുതൽ കേൾക്കാനാകുന്നത്?”

തീക്ഷ്ണാനുഭവങ്ങളിൽ ചുട്ടെടുത്ത ഇത്തരം ചോദ്യങ്ങൾ സൃഷ്ട്ടിക്കുന്നത് അനിശ്ചിതാവസ്ഥകളാണെന്ന് അറിയാമെങ്കിലും ചിലനേരങ്ങളിൽ ഇത്യാദി ചോദ്യങ്ങൾ രൂപം കൊള്ളുക സ്വാഭാവികമാണെന്നാണ് അയാളുടെ പക്ഷം. പക്ഷെ,ആർക്കും വെളിപ്പെടാതെ നിശബ്ദമായി സഞ്ചരിക്കുന്ന തന്റെ തന്നെ തേങ്ങലുകൾക്ക് ഇങ്ങനെ ഉത്ഭവിക്കുന്ന ചോദ്യങ്ങള്‍   സ്വയം സാന്ത്വനത്തിന്റെ ഉത്തേജകമായി വർത്തിക്കുന്നുണ്ടെന്ന് ചില ഉദാഹരണങ്ങൾ സഹിതം അയാൾ സാക്ഷ്യപ്പെടുത്തി.അത് കൊണ്ടാകണം അയാളുടെ കണ്ണുകളിൽ എല്ലായ്പ്പോഴും പ്രത്യാശയുടെ ഗരിമ ദൃശ്യമായിരുന്നത്.

ഇടതൂർന്ന താടിയും സമൃദ്ധമായ മീശയും നെറ്റിയിലേക്ക് അലസമായി വീണ്കിടക്കുന്ന തലമുടിയും കൊണ്ട്, മുഖം മുക്കാലും മറക്കപ്പെട്ട നിലയിൽ പ്രത്യക്ഷപ്പെടുന്ന അയാൾ,താൻ തന്നെ തീർക്കുന്ന ശമനമാർഗങ്ങളീലൂടെ മാത്രമെ സഞ്ചരിക്കൂ എന്ന നിർബന്ധബുദ്ധിക്കാരനായിരിന്നു.  അസഹനീയ സങ്കടങ്ങൾ പെരുത്ത്കയറി വീർപ്പ്മുട്ടലുകൾ അനുഭവിക്കുന്ന മുഹൂർത്തങ്ങളിൽ,അയാൾ തന്റെ ഓരേയെരു വാഹാനമായ ഹെർക്കുലീസ് സൈക്കിളിള്‍  സ്റ്റാന്റിൽ കയറ്റിവെച്ച് അതിന്റെ പെഡലിൽ പിടിച്ച് അതിവേഗം കറക്കുക,മണിക്കൂറുകളോളം ഒറ്റക്കാലിൽ നിൽക്കുക, മിഴി രണ്ടും മൂടികെട്ടി വീടിനുള്ളിൽ തപ്പിത്തടഞ്ഞ് നടക്കുകതുടങ്ങി വിചിത്രങ്ങളായ ശമനമാർഗങ്ങളാണ് അയാൾ തന്റെ സങ്കടങ്ങളെ നേർപ്പിക്കാൻ ഉപയോഗിച്ചിരുന്നത്.

അയാളുടെ ഈ വേറിട്ട ചെയ്തികളെ ചില ദോഷൈകദൃക്കുകൾ ‘അരപിരി’ എന്ന പേരിൽ പരിഹസിച്ചിരിന്നു. സമൂഹത്തിന്റെ ഈ മുനവെച്ച നിലപാടിനെ ശരിവെക്കുന്ന പ്രകടനങ്ങളായിരിന്നു അയാളുടെതെങ്കിലും അയാളങ്ങനെ ആയിരുന്നോ ?

മുമ്പൊരിക്കലും അയാൾ ഇങ്ങനെ ഒന്നുമായിരുന്നില്ല. ഭൂമിയുടെ വിരിമാറിലൂന്നി പലതരം സ്വപ്നങ്ങളും കണ്ട് നടക്കുക . അതിനെതുടർന്ന് തട്ടി വീഴുക,തൊലി പൊളിയുക ഇതൊക്കെ തന്നെയായിരിന്നു അയാളുടെ പതിവ് സമ്പ്രദായങ്ങൾ.

പക്ഷെ, രണ്ടായിരത്തിപത്ത് ഡിസംമ്പർ അഞ്ചാം തിയതി- തന്റെ സ്ഥിരം സഞ്ചാരപഥത്തിന്റെ പരിധികളെയാകെ ലംഘിച്ച് കൊണ്ട്, ഒരിറ്റ് സമാശ്വാസത്തിനെന്നോണം താളനിബദ്ധമായ  പ്രകൃതിയിലേക്ക് നോക്കിയിരിക്കുക എന്ന കൃത്യത്തിലാണ് അയാൾ ഏർപ്പെട്ടത്. പ്രകൃതിയിലേക്കുള്ള ആ നോട്ടം സൂക്ഷ്മവും സുദൃഡവുമായപ്പോൾ അയാൾക്ക് കാണാനായി, താളവും ലയവും ഭാവവും ഒത്തിണക്കി കാറ്റിലാടുന്ന ഓലതുമ്പുകളെയും മരച്ചില്ലകളെയും. പ്രകൃതിയെ ആ രീതിയിൽ ജീവസുറ്റതാക്കുന്ന ഇളം കാറ്റിന്റെ അദൃശ്യതയിൽ ദൈവസാമിപ്യം അനുഭവിച്ച അയാൾ അനന്തമായ ആകാശത്തിന്റെ ദുരൂഹതയിലേക്ക് സഞ്ചരിച്ചു!


തടസ്സങ്ങളേതുമില്ലാത്ത ഒരു നേർരേഖയിലൂടെ ആയിരുന്നു അയാളുടെ ആകാശസഞ്ചാരമെങ്കിലും അതത്ര ലാഘവത്വം അനുഭവപ്പെടുന്ന തരത്തിലുള്ളതാ‍യിരുന്നില്ല. കയറ്റങ്ങളോ ഇറക്കങ്ങളോ തിരക്കുകളോ അനുഭവേദ്യമാകാതിരുന്നിട്ടും ആ യാത്രയുടെ സംത്രാസം അയാളെ വല്ലാതെ വിഭ്രമിപ്പിച്ചിരുന്നു.

പക്ഷെ, അയാളുടെ ശൂന്യാകാശ യാത്ര വെറും ശൂന്യമായില്ല. ശൂന്യതകളെ ചൂഴ്ന്ന് നിൽക്കുന്ന അതിഭവ്തീകത മൂന്ന് മാലാഖമാരുടെ രൂപത്തിൽ അയാൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടു ! കഥാപുസ്തകങ്ങളിലോ സിനിമകളിലോ കാണുംവിധം വർണ്ണച്ചിറകുകളോ കനകകിരീടമോ ഒന്നുമില്ലായിരിന്നു ആ മാലാഖകൾക്ക്. ‘വിവരണാതീതമായ ഒരവസ്ഥ’ എന്നെ ആ കാഴച്ചയെ കുറിച്ച് അയാൾക്ക് പറയാനുള്ളു.
പ്രഥമ കാഴ്ച്ചയുടെ അസാധാരണത്വമോ, ഔപചാരികതയുടെ ബലപ്രയോഗങ്ങളോ ഇല്ലാതെ ആദ്യം കണ്ട മാലാഖ ഒരു സ്പർശനസുഖത്തിന്റെ ലാളിത്യത്തിൽ മൊഴിഞ്ഞു:“സൃഷ്ട്ടികളിലെ ഉൽകൃഷ്ട്ട രൂപമായ അല്ലയോ മാനവ, താങ്കൾക്ക് ദൈവാനുഗ്രഹമുണ്ടാകട്ടെ !”

ജീവിതത്തിലാദ്യമായി,മറ്റാർക്കും കിട്ടാത്ത സൌഭാഗ്യമായി ഒരു മാലാഖയിൽ നിന്നും ലഭ്യമായ അനുഗ്രഹവചസ്സ് അയാളുടെ അന്തരാത്മാവിൽ പ്രകാശമായി നിറഞ്ഞു. സായൂജ്യസീമയുടെ ഉൽക്കർഷയിലയാൾ ‘ആമീൻ’ എന്ന് നീട്ടി ചൊല്ലുകയും മാലാഖക്ക് പ്രത്യഭിവാദ്യം ചെയ്യുകയും ചെയ്യതു.

മനുഷ്യശബ്ദത്തിന്റെ മനോഹാരിതയിൽ മനം കുളിർത്ത മാലാഖ അയാളോട് ചോദിച്ചു: “ഹേമനുഷ്യാ, താങ്കളുടെ ഈ ആകാശ സഞ്ചാരത്തിന്റെ ഉദ്ദ്വേശ-ലക്ഷ്യമെന്ത് ?”

അപ്രതീക്ഷിതമായി വന്ന ചോദ്യം കേട്ട് ഗഗനചാരി തെല്ലൊന്ന് പരിഭ്രമിച്ചുവെങ്കിലും,മാലാഖയോട് പറയാനുള്ള മറുപടിക്കായി തന്റെ തന്നെ അക്ജ്ജതയിലേക്ക് നോക്കി, സമൂലമൊന്ന് വിലയിരുത്തിയശേഷം ഇങ്ങനെ പറഞ്ഞു: “ അറിവില്ലായ്മയിൽ നിന്ന് തുടങ്ങി,അക്ജ്ജതയിലൂടെ സഞ്ചരിച്ച്, അറിയുന്തോറും അറിവുകൾക്കപ്പുറം പിന്നെയും അറിവുകളാണെന്നറിഞ്ഞ് , അറിവിന്റെ ലോകത്ത് ഞാനെത്ര നിസ്സരനെന്ന തിരിച്ചറിവ് നേടാൻ”

അയാളുടെ മറുപടിക്കെന്നോണം മാലഖയിങ്ങനെ പ്രതിവചിച്ചു: “ മനുഷ്യാപുത്രാ യാത്രകൾ നീളുംതോറും അഹന്തകൾ തലകുനിക്കുന്നു”

‘ശരിയാണ്. അഹന്തകൾ നമ്മെ അഹമ്മതിയിലേക്ക് നയിക്കുന്നു. ഞാനെന്നും എനിക്കെന്നുമുള്ള ചിന്ത നമ്മിലേക്ക് തന്നെ  നമ്മേ ചുരുക്കുകയും ,സ്വന്തം സങ്കടമാണ് മറ്റുള്ളവരുടെ സങ്കടങ്ങളെക്കാൾ വലുതെന്നുമുള്ള സ്വാർത്ഥവിചാരത്തിലേക്ക് നമ്മേ എത്തിക്കുകയും ചെയ്യുന്നു.’ അയാളുടെ മനോഗതം വാക്കുകളായി പുറത്തേക്ക് വരുമ്പോൾ ആകാശം മഴമേഘങ്ങളാൽ കറുത്തിരിന്നു.

.തുടർന്ന്, അയാളുടെ യാത്ര ആകാശകൌതുകങ്ങളിലൊന്നായ മഴമേഘങ്ങൾക്കുള്ളിലൂടെയായി. ഭൂമിയുടെ മണം പേറുന്ന മഴമേഘങ്ങൾ സൃഷ്ട്ടിവൈഭവത്തിന്റെ മഹനീയ സത്യമായി നിലകൊണ്ട് അയാളെ വിശ്വാസദാർഡ്യത്തിന്റെ ഉന്നതവിതാനത്തിലേക്ക് ഉയർത്തുകയും, ആത്മാവിൽ ജീവരഹസ്യത്തിന്റെ അകംപൊരുളായി നിറയുകയും ചെയ്യതു. അവിടം മുതലാണ് ആകാശയാത്രയുടെ പിരിമുറുക്കം അയാളിൽ നിന്നും അയഞ്ഞലിഞ്ഞില്ലാതായത്.

അയാൾ സുസ്മേരവദനായി കൊണ്ട്, ആത്മാവുകളെകുറിച്ചും ആത്മാവുകളുടെ അഭയസ്ഥാനത്തെകുറിച്ചും ചിന്തിച്ചു. ശുഷ്ക്കമായ ജീവിതാവസ്ഥക്കുമപ്പുറം അനശ്വരകാലത്തിന്റെ സജീവതയിൽ സ്വയം മറന്നങ്ങനെ സഞ്ചരിക്കുമ്പോൾ രണ്ടാമത്തെ മാലാഖ അയാളെ വിളിച്ചു:
                          ‘മൺസൂർ അഹ് മ്മദ്’

തന്റെ പേരു` ചൊല്ലി വിളിച്ചതിലെ വിസ്മയം മറനീക്കി പുറത്ത് വരും മുൻപ് ആ മാലാഖ, ഇരുട്ട് വിതക്കുന്ന വിഭ്രാന്തികളെകുറിച്ചും വെളിച്ചം പ്രസരിപ്പിക്കുന്ന പ്രത്യാശയെ കുറിച്ചും അയാളേട് സംസാരിച്ചു. എന്നിട്ട് അപരന് വെളിച്ചമാകേണ്ട അയാളുടെ കണ്ണുകളിലേക്ക് നോക്കി പ്രാർഥിച്ചു. “പ്രപഞ്ചനാഥന്റെ കാരുണ്യകടാക്ഷം താങ്കളുൾപ്പെടെയുള്ള സകലജനത്തിനും ഉണ്ടാകട്ടെ

സസന്തോഷം ആശംസാമന്ത്രം ശ്രവിച്ച അയാൾ മാലാഖയെ നോക്കി നന്ദി പൂർവ്വം ചിരിച്ചു. പ്രത്യഭിവാദ്യം നിറഞ്ഞ സ്നേഹത്തിന്റെ ചിരി. പക്ഷെ,നറുനിലാവ് പോലുള്ള ആ ചിരി പൊടുന്നനെ അവരെ വലയം ചെയ്യത കനത്ത ഇരുട്ടിലൊതുങ്ങി. എങ്കിലും, അയാളിങ്ങനെ സമാധാനിച്ചു.‘ഏത് കൂരിരിട്ടിലും എനിക്ക് ചിരിക്കാൻ കഴിയുന്നുണ്ടല്ലോ’.അത്തരം ദീപ്തചിന്തയുടെ ശുഭസാന്നിദ്ദ്യത്തിൽ അയാൾ വീണ്ടും മാലാഖയെ നോക്കി. അപ്പോൾ ആ മാലാഖയും അയാളിലേക്കെരു ചോദ്യമെറിഞ്ഞു. “ അല്ലയോ ആദമിന്റെ സന്തതി, താങ്കളുടെ ജീവിതാനുഭവത്തിൽ എത്ര സത്യമുണ്ട്?”

മറുപടിക്കായി അയാൾ ഏറെ നേരം കണ്ണടച്ച് നിശബ്ദം പ്രാർത്ഥിച്ചു . എന്ത് പറയും എന്നത് അയാളെ സംബണ്ഡിച്ചിടത്തോളം വളരെ പ്രയാസമുള്ളകാര്യമായിരുന്നു. എങ്കിലും നിത്യസത്യമായ ദൈവത്തെ സ്മരിച്ച് കൊണ്ട് അയാൾ പറഞ്ഞു: “ സ്നേഹ-കാരുണ്യങ്ങളൂടെ നിറകുടമായ മാതൃത്വവും. നിഷ്ക്കളങ്ക ബാല്യങ്ങളിൽ പോലും പൊട്ടി ഉണരുന്ന കോപമെന്ന വികാരവും. ഭാവി-ഭൂത-വർത്തമാന കാലങ്ങളെ തീവ്രവും, തീക്ഷണവും, ഊഷ്മളവും, ചലനാത്മകവും, ആഹ്ലാദഭരിതവുമാക്കുന്ന രതിയും.”

അയാളുടെ ഉത്തരം ശ്രവിച്ച മാലാഖ ഒരിക്കൽ കൂടി ദൈവാനുഗ്രഹം നേരുകയും അയാളോട് യാത്ര തുടരാൻ കല്പിക്കുകയും ചെയ്യതു.

തുടർന്ന് മൺസൂർ അഹ് മ്മദ് എന്ന ആകാശസഞ്ചാരി സ്ഥലകാലങ്ങളുടെ അതിരുകൾ ഭേദിച്ചും , വിസ്മയങ്ങളുടെ ജ്വലിത മേഖലകൾ താണ്ടിയും ഏറെ ദൂരം മുന്നോട്ട് നീങ്ങി. അതിനിടയിൽ എവിടയോ വെച്ച് അയാൾ മൂന്നാമത്തെ മാലാഖയുമായി സണ്ഡിച്ചു. അവിടെ- ആകാശത്തിന്റെ മഹാമവ്നത്തിൽ മാലാഖ പ്രപഞ്ചനാഥനെ വണങ്ങുകയായിരിന്നു. അയാളും മാലാഖക്ക് പിന്നിൽ നിന്ന് ദൈവത്തെ സ്തുതിച്ചു.

പ്രാർത്ഥനാനന്തരം, എല്ലാം അറിയുന്നവന്റെ ആക്ജാനുവർത്തി മനുഷ്യ വർഗത്തിന്റെ വർത്തമാനകാല പ്രതിനിധിയോട് ചോദിച്ചു: “പ്രിയ മാനവാ, നീ അറിഞ്ഞതിന്റെ അർത്ഥവ്യാപ്തി എത്ര?”

ചോദ്യത്തിന്റെ തീവ്രത അയാളുടെ മനസ്സിനെ പിടിച്ചുലച്ചു. ‘അർത്ഥമളക്കാൻ ത്രാണി ഇല്ലാത്ത ഈ സാധാരണക്കാരൻ ഇതിനൊക്കെ എന്ത് ഉത്തരം പറയും ? അതും ആധികാരിക ഉത്തരങ്ങളുമായി അനേകം മനീഷികൾ ഭൂമിയിൽ വസിക്കുമ്പോൾ’. അയാൾ സ്വയം ചോദിച്ചു. എങ്കിലും, ചോദ്യകർത്താവ് മാലാഖയാണെന്നുള്ളത് കൊണ്ടും ഉത്തരം പറയാതിരിക്കുന്നത് ഉചിതമല്ലന്നുള്ളത് കൊണ്ടും സ്വന്തം അനുഭവ പശ്ചാത്തലത്തിന്റെ ഉൾത്താപത്തിൽ നിന്നും അയാൾ അറിഞ്ഞതിനെ ഇങ്ങനെ സ്വാംശീകരിച്ചു.

“സ്വാർത്ഥതയും സങ്കടങ്ങളും നിറഞ്ഞ ഭൂമിയിൽ ജീവിതം സമ്മാനിക്കുന്നത്,‘ശാരീരികവും മാനസീകവുമായ കൊടുക്കൽ-വാങ്ങലുകളുടെ അപൂർണ്ണമായ കുറെ പരിസമാപ്തികളാണ്”.അയാൾ ഒറ്റ ശ്വാസത്തിൽ പറഞ്ഞ്നിർത്തി. പക്ഷെ, അയാൾ പറഞ്ഞതിലെ ശരി-തെറ്റുകളെ കുറിച്ചൊന്നും പറയാതെ ദൈവത്തിനുള്ള സ്തുതികീർത്തനങ്ങൾ ആവർത്തിച്ച് മൂന്നാമത്തെ മാലാഖ ആകാശലോകത്തിന്റെ നിഗൂഡതയിലേക്ക് മറഞ്ഞു.

അനന്തരം ആകാശത്തിന്റെ നിഗൂഡനിശബ്ദ്ദതയിൽ ഒരു അപ്പൂപ്പൻ താടി പോലെ അയാൾ പാറിനടന്നു. അപ്പോൾ അയാൾ ചിന്തിച്ചത്, ജീവിത യാഥാർത്ഥ്യങ്ങളുടെ അതിസങ്കീർണ്ണമായ നൂലാമാലകളിൽ നിന്നും ശമന മാർഗം തേടിയുള്ള ഇത്തരം വേറിട്ട യാത്രകളെ കുറിച്ചായിരിന്നു.; ....ശേഷംഅനന്തതയിലെ ഭാരമില്ലായ്മയിൽ സകലഭാരങ്ങളെയുമിറക്കി  ഋജുവായ      
പന്ഥാവിലൂടെ മൺസൂർ അഹമദ്  എന്ന ആകാശസഞ്ചാരി മടക്കയാത്ര ആരംഭിച്ചു......

Tuesday, 16 November, 2010

പള്ളിമിനാരവും കടന്ന് ആകാശഗോപുരത്തിനും മേലെ….ള്ളിമിനാരവും കടന്ന് ആകാശഗോപുരത്തിനും മേലെ.

മഴയുടെ ആഹ്ലാദം മനസ്സിൽ നിറഞ്ഞപ്പോൾ, മഴയെ തൊട്ടറിയാനും മണത്തറിയാനും ഞാൻ മെല്ലെ അടുക്കളവാതിലും കടന്ന് പൂറത്തേക്ക് വീൽ ചെയർ ഉരുട്ടി. വീൽചെയറിന്റെ ഫുട്ട്റെസ്റ്റ് ഉയർത്തി കാലുകൾ മഴയിലേക്ക് നീട്ടി. കാലിലെ രോമത്തെ അങ്ങോട്ടുമിങ്ങോട്ടും തെറിപ്പിച്ച് രസിച്ച മഴനൃത്തം കാഴ്ച്ചയിൽ മാത്രം നിറഞ്ഞപ്പോൾ ഞാൻ കൈകൾ കൂടി മഴയിലേക്ക് നീട്ടി . മഴയുടെ തണുപ്പും തലോടലും കൈകളിലൂടെ ആന്തരികബോധത്തിൽ ഇളം തണുപ്പേകിയപ്പോൾ ഞാൻ തിരിച്ചറിഞ്ഞു ‘കാഴ്ച്ചയും അനുഭവവും രണ്ടും ഒന്നിനൊന്ന് വിത്യസ്ഥമാണെന്ന്.

സമൃദ്ധമായി പെയ്ത് നിറയുന്ന മഴയിലേക്ക് നോക്കിയിരുന്ന എന്റെ മനസ്സിൽ അങ്ങ് ദൂരെ വിശുദ്ധനഗരിയിലെ ആദ്യത്തെ ദൈവീകഭവനമായ മസ്ജിദുൽ ഹറാമിൽ ഹജ്ജ് നിർവഹിക്കാൻ എത്തുന്ന ജനലക്ഷങ്ങൾ മഴപോലെ നിറഞ്ഞു. കൂട്ടത്തിൽ ഈ വർഷം ഹജ്ജ് നിർവഹിക്കാൻ പോയ എന്റെ ഉമ്മയുടെ മുഖം ജനസഹസ്രങ്ങൾക്കിടയിൽ പരതാൻ ഞാൻ മഴയിൽനിന്നും കാലും കൈയ്യും കുടഞ്ഞെടുത്തു. ഉമ്മയുടെ കണ്ണീർ നിറഞ്ഞ പ്രാർഥനയുടെ അലയൊലികൾ എന്നിൽ സ്പർശിച്ചപ്പോൾ  ഞാൻ ടി വി ഓൺ ചെയ്തു. ആ സമയം അറേബ്യൻ ചാനലിൽ വൈകുന്നേര പ്രാർഥന (അസർ നമസ്ക്കാരം) നടക്കുന്നു. ചിട്ടയായി ചെയ്യുന്ന പ്രാർഥനക്കിടയിൽ ദൈവം മഹാനാണ് (അല്ലാഹു അക്ബർ) എന്ന് ചൊല്ലി ജനലക്ഷങ്ങൾ ഒന്നായി സാഷ്ടാഗം പ്രണമിക്കുന്ന കാഴ്ച്ച എന്നിലുളവാക്കിയ ആനന്ദം പള്ളിമിനാരവും കടന്ന് ആകാശഗോപുരത്തിനും മേലെ പ്രപഞ്ചനാഥന്റെ സന്നിധിയിലേക്ക് സഞ്ചരിച്ചു.

ഭൂഗേളത്തിന്റെ ഏതാണ്ട് മധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന കഅ`ബയെ കേന്ദ്ര ബിന്ദുവാക്കി ലോകത്തിന്റെ നാനാഭാഗത്തുള്ള ജനകോടികൾ സാഷ്ടാഗം പ്രണമിക്കുന്നതിന്റെ നേർക്കാഴ്ച്ചയാണ് നാം ഹജ്ജ് വേളകളിൽ കാണുന്നത്. മസ്ജിദിന്റെ അർഥം തന്നെ സാഷ്ടാഗം പ്രണമിക്കാനുള്ള സ്ഥലം എന്നാണ്.

ജമ്മം കൊണ്ട് തന്നെ ബഹുഭൂരിപക്ഷം മതവിശ്വാസികളും അവരവരുടെ വിശ്വാസത്തെ പവിത്രമായി കണ്ട് ആദരിക്കുകയും സ്നേഹിക്കുകയും, ഇന്ന ഇന്ന വിശ്വാസങ്ങളിൽ ഉൾച്ചേർന്ന് ജീവിക്കുകയും ചെയ്യുന്ന മഹത്തായ നാടാണ് നമ്മുടെ ഇന്ത്യ മഹാരാജ്യം. ഏതാനും നാൾ മുമ്പ് ക്രിസ്തുമത വിശ്വാസിയായ എന്റെ സുഹൃത്ത് എന്നോട് ചോദിച്ചു: “ കുനിഞ്ഞും നിവർന്നുമുള്ള നിങ്ങളുടെ ആരാധനാരീതി തികച്ചും യാന്ത്രികമല്ലേ ?” ഈ ചോദ്യം  പത്ത് വർഷം മുമ്പ് ഞാന്‍  വായിച്ച  പ്രൌടവും പ്രസിദ്ധവുമായ ഒരു പുസ്തകത്തിലേക്ക് എന്നെ  കൂട്ടികൊണ്ട് പോയി. ഇതേ ചോദ്യം അന്ന് അയാളും ചോദിച്ചു. പൈരോഹിത്യപാരമ്പര്യമുള്ള  ജൂത കുടുംബത്തിൽ പിറന്ന ലിയോപോൾഡ് വെയ്സ് എന്ന ചെറുപ്പക്കാരനായിരിന്നു അയാൾ. അയാൾ ഹീബ്രു-അരമായ ഭാഷകളിലും ജൂതവേദങ്ങളിലും വ്യുൽപത്തി നേടി, വിയന്ന സർവ്വകലാശാലയിൽ നിന്നും തത്വചിന്തയും കലാചരിത്രവും പടിച്ച് സൈനികനും, പത്രപ്രവർത്തകനും, സിനിമാ‍സംവിധായകനും, തിരകഥാകൃത്തും ഒടുക്കം വിശ്വപ്രസിദ്ധ പത്രമായ ‘ഫ്രാങ്ക് ഫർട്ടർ സൈറ്റൂങ്ങ്” ഉൾപ്പെടെ പ്രമുഖ പത്രങ്ങളിൽ ലേഖകനായും ജോലി ചെയ്ത ലിയോപോൾഡ് വെയ്സ് , 'എന്റെ സുഹൃത്ത് ഇന്ന് എന്നോട് ചോദിച്ച  ചോദ്യം' മറ്റൊര് രൂപത്തിൽ വയോവൃദ്ധനായ മറ്റൊരാളോട് അന്ന് ചോദിച്ചു. പല്ലില്ലാത്ത മോണകാട്ടി ചിരിച്ച് കൊണ്ട് ആ വൃദ്ധൻ പറഞ്ഞ മറുപടി ഞാനിവിടെ കുറിക്കട്ടെ.

“ പിന്നെ ഞങ്ങളെങ്ങനെയാണ് ദൈവത്തെ പ്രാർഥിക്കേണ്ടത് ? മനസ്സും ശരീരവും രണ്ടും ഒന്നിച്ചല്ലേ അവൻ സൃഷ്ട്ടിച്ചത് ? അങ്ങനെയാണെങ്കിൽ ശരീരംകൊണ്ട് കൂടിയല്ലാതെ, മനസ്സ്കൊണ്ട് മാത്രമായി മനുഷ്യൻ പ്രാർഥിക്കുവാൻ പാടുണ്ടോ ? കേട്ടോളു-ഞങ്ങൾ മുസ്ലിങ്ങൾ പ്രാർഥിക്കുന്നതെങ്ങനെ എന്ന് ഞാൻ താങ്കൾക്ക് പറഞ്ഞ്തരാം. ഞങ്ങൾ മക്കയിലെ വിശുദ്ധ ദേവാലയമായ കഅ`ബയുടെ നേരെ തിരിഞ്ഞ്നിൽക്കുന്നു. ലോകത്തിന്റെ ഏത് ഭാഗത്തുള്ള മുസ്ലിമിന്റെ മുഖവും പ്രാർഥനാവേളകളിൽ ഈ ദേവാലയത്തിന് നേരെ തിരിഞ്ഞിരിക്കും. ഞങ്ങളെല്ലാം ഒരു ശരീരം പോലെയാണെന്നും ഞങ്ങളുടെയെല്ലാം ആലോചനകളുടെ മധ്യബിന്ദു ഒരേയൊരു ദൈവമാണെന്നും അർഥം. ഞങ്ങൾ ആദ്യമായി നേരെ നിന്ന് വിശുദ്ധഖുർആനിൽ നിന്ന് ഒരു ഭാഗം ഉരുവിടുന്നു, ആ ഖുർആൻ ദൈവത്തിന്റെ വചനമാണെന്നും മനുഷ്യനെ നേരേനിർത്തുന്നതിനും ജീവിതത്തിൽ മന:സ് ഥൈര്യം ലഭിക്കുന്നതിനും വേണ്ടി അത് മനുഷ്യന് നൽകപ്പെട്ടതാണെന്നും ഓർത്ത്കൊണ്ട്. അത് കഴിഞ്ഞ് ദൈവമല്ലാതെ മറ്റാരും ആരാധനക്കർഹനില്ലന്ന് ഓർത്ത്കൊണ്ട്  ഞങ്ങൾ പറയുന്നു:“ദൈവമാണ് ഏറ്റവും ശ്രേഷ്ഠൻ”. പിന്നെ ഞങ്ങൾ കുനിയുന്നു. കാരണം, എന്തിലും മീതെ ഞങ്ങൾ ദൈവത്തെ ബഹുമാനിക്കുന്നുണ്ട്. അവന്റെ ശക്തിയെയും മഹിമയെയും വാഴ്ത്തുന്നു . അത് കഴിഞ്ഞ് ഞങ്ങൾ പ്രണമിച്ച് നെറ്റിത്തടം മണ്ണിൽ തൊടുവിക്കുന്നു.കാരണം, അവന്റെ മുമ്പിൽ ഞങ്ങൾ പൊടിമണ്ണിൽ കവിഞ്ഞ ഒന്നുമല്ലെന്നും ഞങ്ങളൂടെ സ്രഷ്ടാവും അത്യുന്നതങ്ങളിലെ ഞങ്ങളൂടെ പരിപാലകനും അവനാണെന്നും ഞങ്ങൾ കരുതുന്നു . പിന്നെ ഞങ്ങൾ മണ്ണിൽനിന്നും മുഖമുയർത്തി, ഇരുന്ന് കൊണ്ട് പ്രാർഥിക്കുന്നു. ദൈവം ഞങ്ങളുടെ പാപങ്ങൾ പൊറുത്ത് തരണമേയെന്നും ഞങ്ങളെ നേർമാർഗത്തിലേക്ക് നയിക്കണമേയെന്നും ഞങ്ങൾക്ക് ആരേഗ്യവും ഉപജീവനവും പ്രദാനം ചെയ്യണമെന്നും ആണ് പ്രാർഥിക്കന്നത്. പിന്നെ ഞങ്ങൾ ഏകദൈവത്തിന്റെ ശക്തിക്കും മഹിമക്കും മുമ്പിൽ പ്രണമിച്ച് നെറ്റികൊണ്ട് മണ്ണ് തൊടുന്നു. അത് കഴിഞ്ഞ് വീണ്ടും ഞങ്ങൾ ഇരുന്നു പ്രാർഥിക്കുന്നു: മുൻപ്രവാചകരെ അനുഗ്രഹിച്ചപോലെ ദൈവത്തിന്റെ സന്ദേശം ഞങ്ങൾക്ക് എത്തിച്ച് തന്ന മുഹമ്മദ് നബിയെ അനുഗ്രഹിക്കേണമേ എന്ന്. പിന്നെ ഞങ്ങൾ അവനോട് ഇഹലോകത്തും പരലോകത്തും ഞങ്ങൾക്ക് നല്ലത് വരുത്തേണമേ എന്ന് അപേക്ഷിക്കുന്നു. അവസാനത്തിൽ ഞങ്ങൾ വലത്തോട്ടും ഇടത്തോട്ടും മുഖം തിരിച്ച് പറയുന്നു: “ദൈവത്തിന്റെ കൃപയും സമാധാനവും താങ്കൾക്കുണ്ടാവട്ടെ” അങ്ങനെ നേർമാർഗികളായ എല്ലാവരെയും, അവരെവിടെയായാലും ഞങ്ങൾ അഭിവാദ്യം ചെയ്യുന്നു.

ഞങ്ങളൂടെ പ്രവാചകൻ പ്രാർഥിച്ചിരുന്നത് ഇങ്ങനെയാണ് .എല്ലാകാലത്തേക്കുമുള്ള അനുയായികളെ പ്രാർഥിക്കാൻ പഠിപ്പിച്ചതും ഇത്തരത്തിലാണ്. അവർ സ്വേച്ചപ്രകാരം ദൈവത്തിന് സ്വയം സമർപ്പിക്കാൻ - ഇസ്ലാം എന്ന പദത്തിന്റെ അർഥമിതാണ്. അങ്ങനെ നിങ്ങൾ ദൈവത്തിലും സ്വന്തം വിധിയിലും ശന്തിയടയണം.

നിറയെ സ്നേഹമുള്ള എന്റെ ചില ഹൈന്ദവ സുഹൃത്തുക്കളും ഇത്തരത്തിൽ ചില സംശയങ്ങളും ചോദ്യങ്ങളൂം പലപ്പോഴും ഉന്നയിക്കുകയുണ്ടായിട്ടുണ്ട്. അതിൽ പ്രധാനമായതാണ് “ഹജറുൽ അസ് വദ്” എന്ന കല്ലിനെ കുറിച്ചുള്ളതാണ്. ഇതിനുള്ള ഉത്തരത്തിനായി ഒരിക്കൽ കൂടി ഞാൻ “മക്കയിലേക്കുള്ള പാത” എന്ന പുസ്തകത്തിലേക്ക് പോകട്ടെ .

      
                               
“ആ കെട്ടിടത്തിന്റെ കിഴക്കേ മൂലയിൽ ഒരു കറുത്ത കല്ല് പതിച്ച് വെച്ചിട്ടുണ്ട്. തുറന്ന് വെച്ച ആ കല്ലിന് ചുറ്റും വെള്ളികൊണ്ട് ചട്ടം കൂട്ടിയിരിക്കുന്നു. അനവധിയനവധി തലമുറകളിലെ തീർഥാടകർ ഈ കറുത്ത കല്ലിനെ ചുംബിക്കുന്നു. നൂറ്റാണ്ടുകളുടെ ചുംബനം കൊണ്ട് അത് കുഴിഞ്ഞ്പോയിരിക്കുന്നു. ഈ ശില അമുസ്ലിംകൾക്കിടയിൽ വലിയ തെറ്റിദ്ധാരണക്കിടയാക്കിയിട്ടുണ്ട്.  മറ്റ് മതസ്ഥരോട് ഒരിളവ് കാണിക്കുന്നതിന് വേണ്ടി ഈ ആരാധനവസ്തുവിനെ മുഹമ്മദ് നിലനിർത്തി എന്നാണ് പലരുടെയും ധാരണ. ഈ വിചാരഗതി സത്യത്തോട് ആകാവുന്നതിലധികം അകന്ന് നിൽക്കുന്നു. കഅ`ബ തന്നെയും ആരാധിക്കപ്പെടുകയല്ല, ആദരിക്കപ്പെടുകയാണ്. കറുത്തകല്ലിന്റെ സ്ഥിതിയും ഇത് തന്നെ. പ്രവാചകൻ അബ്രഹാമിന്റെ പഴയകെട്ടിടത്തിന്റെ അവശേഷം എന്ന നിലയിൽ അത് ആദരിക്കപ്പെടുന്നു. തന്റെ വിടവാങ്ങൽ തീർഥാടനത്തിൽ പ്രവാചകൻ മുഹമ്മദിന്റെ ചുണ്ടുകൾ ഈ കല്ലിനെ സ്പർശിച്ചിട്ടുണ്ട് എന്നത് കൊണ്ട് അക്കാലം മുതൽ എല്ലാ തീർഥാടകരും അതിനെ ചുംബിച്ച് വരുന്നു. പിൽക്കാലത്തെ വിശ്വാസികളുടെ തലമുറകളെല്ലാം എപ്പോഴും തന്റെ മാതൃക അതേപടി പിൻപറ്റുമെന്ന് മുഹമ്മദിന് നന്നായി അറിയാമായിരിന്നു. ആ കല്ലിനെ ചുംബിച്ചപ്പോൾ ഭാവി തീർഥാടകരുടെ ചുണ്ടുകൾ തന്റെ ചുണ്ടുകളുടെ ഓർമയുമായി ആ കല്ലിന്മേൽ ഒത്ത് ചേരും എന്നും അദ്ധേഹത്തിന് അറിയാമായിരിന്നു. കാലത്തിനും മരണത്തിനും അപ്പുറത്തേക്ക് തന്റെ മുഴുവൻ സമുദായത്തിനുമായി അന്ന് അർപ്പിച്ച ആ പ്രതീകാത്മകപരിരംഭണത്തിൽ അവർ വന്ന് ചേരുമെന്നും അദ്ധേഹത്തിന് അറിയാമായിരിന്നു. അങ്ങനെ, ആ കറുത്ത കല്ലിനെ ചുംബിക്കുമ്പോൾ ഓരോ തീർഥാടകനും താൻ പ്രവാചകനെയും ഒപ്പം തനിക്ക് മുമ്പുള്ളവരും ഇനി തനിക്ക് ശേഷം അവിടേക്ക് വന്നെത്താനിരിക്കുന്നവരുമായ എല്ലാ മുസ്ലിംകളെയും പരിരംഭണം ചെയ്യുകയാണ് എന്ന് കരുതുന്നു.”

ആന്റിക്ലോക്ക് വൈസായി ചലിക്കുന്ന  സൂര്യചന്ദ്രന്മാരുടെ നിതാന്തപ്രയാണങ്ങളെ അനുസ്മരിപ്പിക്കും വിധം കഅ`ബക്ക ചുറ്റും നൂറ്റാണ്ടുകളായി മനുഷ്യമഹാസമുദ്രം നടത്തുന്ന പ്രദിക്ഷണത്തിന് തുടക്കവും ഒടുക്കവും അടയാളപ്പെടുത്താൻ അയ്യായിരം വർഷം മുമ്പ് അബ്രഹാം പ്രവാചകൻ(ഇബ്രാഹിം നബി) പ്രതിഷ്ഠിച്ച കറുത്ത കല്ല് മാത്രമാണ് ഹജറുൽ അസ് വദ്. ഈ സത്യം ഒരോ മുസ്ലിമിനും,
 ചരിത്രമറിയാവുന്ന ആർക്കും തന്നെ അത്  നിഷേധിക്കാനുമാവില്ല . 

മനസ്സ് ശാന്തമായി. ഞാൻ വിശുദ്ധമക്കയിലെ കാഴ്ച്ചകളിലേക്ക് സഞ്ചരിച്ചു. ദേശ,ഭാഷ,വംശ,വർഗ,വർണ വൈജാത്യങ്ങളെ അപ്രസ്ക്തമാക്കി (ഇത്തരം വേളകളിലെങ്കിലും) ഒരേയൊരു പരാശക്തിയുടെ വിളിക്ക് ഉത്തരം നൽകി മുസ്ലിം മനസ്സ് ഒന്നായി വിളിക്കുന്നു   “ലബ്ബയിക്കല്ലാഹുമ്മ ലബ്ബയിക്ക്
                                        ലബ്ബയിക്ക ലാ ശരീക്ക ലക ലബ്ബയിക്
                                        ഇന്നൽ ഹംദ വന്നിഅ`മത്ത ലക വൽമുൽക്
                                       ലാശരീകലക്“ (അല്ലാഹുവേ, നിന്റെ വിളികേട്ട് ഞാനിതാ എത്തി. ഞാൻ വന്നു കഴിഞ്ഞു. നിനക്ക് പങ്കുകരായി ആരുമില്ല. എല്ലാ നന്മയും അനുഗ്രഹവും നിനക്കാണ്)

       

Wednesday, 20 October, 2010

അമളികൾ നിലക്കുന്നേയില്ല….

അമളികൾ നിലക്കുന്നേയില്ല.

ഒരു ചെറിയ കാലത്തെ  ഇടവേളക്ക് ശേഷം ഞാൻ വീണ്ടും, “എനിക്ക് പറ്റിയ അമളിയുമായി“
 നിങ്ങൾക്ക് മുന്നിൽ .

മലപ്പുറത്തെ താനൂരിൽ നിന്നും പ്രസിദ്ധീകരിക്കുന്ന ‘വെട്ടം‘ മാസികയിൽ വന്ന
ഒരറിയിപ്പിൽ ഇങ്ങനെ കണ്ടു . “ഞങ്ങൾക്ക് പറ്റിയ അമളികൾ” എന്ന പേരിൽ
ഒരു പുസ്തകം പ്രസിദ്ധീകരിക്കുന്നു. നിങ്ങൾക്ക പറ്റിയ അമളികൾ ഞങ്ങൾക്ക്
എഴുതുക. അങ്ങനെ ഞാനും എഴുതി എനിക്ക് പറ്റിയ അമളി.  
മഹാകവി അക്കിത്തം, സി. രാധാകൃഷണൻ, പി കെ. വാര്യർ
 റ്റി. എൻ. ജയചന്രൻ ഐ . എ. എസ്, എം.എൻ.കാരാശ്ശേരി,
 ശെഖ് മുഹമ്മദ് കാരക്കുന്ന്(ഡയറക്റ്റ്ര് ,ഐ.പി എച്ച്) , പ്രൊ:എസ്.ശിവദാസ്  തൂടങ്ങി
മലയാളത്തിലെ പ്രഗൽഭരും പ്രശസ്തരും എഴുതിയ അമളിയോടൊപ്പം
 ഈയുള്ളവന്റെ അമളിയും ഇടം പിടിച്ചു.

 ചെറുതും വലുതുമായ എത്രതരം അമളികൾ
നമ്മുടെ ചുറ്റുവട്ടത്തിൽ നിത്യവും നടക്കുന്നു. അതിൽ തന്നെ സങ്കടകരമായതും
സന്തേഷകരമായതും കാണും . ചിലർക്കെങ്കിലും പുറത്ത് പറയാൻ പറ്റാത്തത്ര
അസുഖകരമായ അമളികളും പിണഞ്ഞിട്ടുണ്ടാകും. “ഞങ്ങൾക്ക് പറ്റിയ അമളി
കൾ” എന്ന തലകെട്ട് കണ്ടപ്പോൾ തന്നെ എന്റെ മനസ്സിൽ നിറഞ്ഞത് ഏതാനും
വർഷം മുമ്പ് നടന്ന ആ ആക്രിസംഭവമാണ്. പ്ലാസ്റ്റിക്ക് കുപ്പികൾ, പൊട്ടിയ ബ
ക്കറ്റ്, ഇരുമ്പ്തുരുമ്പ് സാധനങ്ങൾ, സിമിന്റ്ചാക്ക് തുടങ്ങി ആക്രി(പഴയ) സാ
ധനങ്ങൾ പെറുക്കാൻ പലപ്പോഴായി വീട്ടിൽ വന്നിരുന്ന ഒരു (പാവം?) മനുഷ്യ
നുമായി ഞാൻ പരിചയപ്പെട്ടു. അയാളുടെ ദു:ഖങ്ങളൂം സങ്കടങ്ങളൂം ശ്രദ്ധാപൂർവം
കേൾക്കുക എന്നത് ഒരു പതിവു സമ്പ്രദായമാക്കുകയും ചെയ്യുതു. തുടർന്ന് , എ
ന്തെങ്കിലും പഴയ സാധനങ്ങൾ വീട്ടിൽ ഉണ്ടെങ്കിൽ അയാൾക്ക് വെറുതെ കൊടു
ക്കുക എന്ന സദുദ്ദേശ്യം ഞാനും തുടർന്നു. അങ്ങനെ ഞങ്ങൾ തമ്മിലുള്ള പരിച
യവും മുറുകി.

ഒരിക്കൽ അയാൾ തന്റെ പ്രാരബ്ധകെട്ടുകൾ അഴിക്കുന്ന വേളയിൽ എന്നേട്
പറഞ്ഞു. “ ഞാൻ ആക്രിസാധനങ്ങൾ പെറുക്കാൻ കൊണ്ടുവരുന്ന ഈ വണ്ടി
ആക്രിസാധൻങ്ങൾ എടുക്കുന്ന കട ഉടമയുടെതാണ്. ഈ വണ്ടിക്ക് ദിവസ്സം
ഇരുപത്തഞ്ച രൂപയും മൊതലാളി ഈടാക്കുന്നുണ്ട്.
 അത് കേട്ടപ്പോൾ എന്റെ മനസ്സ് ഇങ്ങനെ മന്ത്രിച്ചു: “ ഇയാൾക്ക് ഒരു ഉന്തുവണ്ടി
വാങ്ങിക്കാനുള്ള സഹായം ചെയ്യുകയാണെങ്കിൽ  ദിവസം കുറഞ്ഞത് അമ്പത്
രൂപ കൂടി അയാൾക്ക് കിട്ടുമല്ലോ; മാത്രമല്ല , അയാൾ ചപ്പിലും ചവറിലും നിന്ന്
പെറുക്കികൂട്ടുന്ന ആക്രി സാധനങ്ങൾക്ക് വില കൂടുതൽ കിട്ടുന്നിടത്ത് കൊണ്ട്
പോയി കൊടുക്കുകയും ചെയ്യാമല്ലോ.,

അങ്ങനെ ഉന്ത് വണ്ടിക്ക് ആവശ്യമായ പണം സ്വരൂപിച്ച് കൊടുക്കാൻ തീരുമാ
നിക്കുകയും ആ കാര്യം അയാളെ അറിയിക്കുകയും, വണ്ടിക്ക് എന്ത് ചിലവു വരു
മെന്ന് അന്വേഷിച്ച് വരാൻ പറയുകയും ചെയ്യതു. പിറ്റേന്ന് ഉച്ച കഴിഞ്ഞപ്പോൾ
അയാൾ വീണ്ടും വീട്ടിലെത്തി  പറഞ്ഞൂ. ‘മൂവായിരത്തിനും നാലായിരത്തിനും
ഇടയിൽ വേണ്ടീ വരും.’

അയാളിൽ പൂർണ്ണമായി വിശ്വസിച്ച് പോയ ഞാൻ ഒടുവിൽ, പരിചയക്കാരെയും
സുഹൃത്തുക്കളെയും, ബണ്ഡുക്കളെയും ഫോണിലൂടെവിളിച്ചും അല്ലാതെ നേരിൽ
കണ്ടും കാര്യങ്ങൾ വിശദീകരിച്ചു. ഓരോരുത്തരുടെ സഹായങ്ങൾ സ്വീകരിച്ചു.
പാലും മീനും കൊണ്ടുവരുന്നവരിൽ നിന്നുപോലും പണം വാങ്ങി. പിരിവിന്
ശേഷം തികയാത്ത തുക വീട്ടിൽ നിന്നും സംഘടിപ്പിച്ച് വണ്ടിക്ക് വേണ്ട തുക
അയാളെ  ഏല്പിച്ചു.

ഒരു പാവം (?) മനുഷ്യനു ഒരു ചെറുസഹായം ചെയ്യാൻ കഴിഞ്ഞ  ചാരിതാർഥ്യ
ത്തോടെ ഞാനും പുതിയ വണ്ടിക്കുള്ള കാത്തിരിപ്പായി. ദിവസ്സങ്ങൾ ആഴ്ച്ചകൾ
കടന്ന് പോയി .നിരാശനായ ഞാൻ ഒരന്വേഷണം നടത്തി. ആ അന്വേഷണം
ചെന്ന് നിന്നത് അയാൾ അപ്പോഴും(ഇപ്പോഴും) വാടക വണ്ടിയിൽ തന്നെ ആക്രി പെറുക്കി 
 പെറുക്കി

ഒടുവിൽ ഒന്ന് മാത്രം മനസ്സിലായി. സഹായമായാലും സേവനമായാലും ചെയ്യേ
ണ്ടത് പോലെ ച്ചെയ്യുക. അയാളെ പൂർണ്ണമായി വിശ്വസിച്ചതിൽ പറ്റിയ അമളി
നൽകുന്ന പാ0വും അത് തന്നെ.(പിന്നീട് അയാൾ ആക്രി സാധനങ്ങൾ പെറുക്കാ
ൻ എന്റെ കൺ വെട്ടത്ത് കൂടി വന്നിട്ടില്ല; ഇന്ന് വരെയും.)Saturday, 14 August, 2010

….അമ്മേ, പൊറുക്കുക.

     അയാൾ പിടഞ്ഞുവീഴുന്ന ഓരോ നിമിഷത്തിനും സാക്ഷിയായിരുന്നു. യാഥാർത്ഥ്യത്തിന്റെ മൂർദ്ധന്യത്തിൽ നിന്നും സങ്കല്പത്തിന്റെ ശൂന്യതയിലേക്ക് പതിക്കുന്ന മനുഷ്യാവസ്ഥകൾ കണ്ട് അയാൾ ഞെട്ടി. എങ്ങു നിന്നുയരുന്നതും കരൾ പിളർക്കും രോദനം മാത്രം. നിലക്കാത്ത നിലവിളികളൊക്കെയും കടലിരമ്പത്തിലേക്കും ആകാശധൂളികൾക്കുള്ളിലേക്കും അനസ്യൂതം സഞ്ചരിക്കുന്നത് പിടക്കുന്ന മനസ്സോടെ അയാൾ കണ്ടു.


      ഇവിടെ, അയാളും നമ്മെപോലൊരു സാക്ഷി മാത്രമാകുന്നു. ഹൃദയ ദ്രവീകരണ ശക്തി കൈമോശം വരാതെ കാത്ത് സൂക്ഷിക്കുന്ന പച്ച മനസ്സുള്ള , നാട്യങ്ങളേതുമില്ലാത്തൊരു പാവം. പക്ഷെ, അയാൾക്കും നാടോടുമ്പോൾ നടുവെ ഓടേണ്ടതായി വരുന്നു.

     അയാൾ ഉറക്കെ വിളിച്ചു: അമ്മെ…… അമ്മെ….

വിളി കേൾക്കാൻ പോലും സമയമില്ലാതെ അമ്മ അപ്പോഴും അടുക്കളയിലെ കരിപുരണ്ട സമസ്യകൾക്കിടയിൽ ജീവിതപ്രാരാബ്ദങ്ങളുടെ ഉത്തരം പരതുകയായിരുന്നു. എത്ര പരതിയിട്ടും ഉത്തരം കിട്ടാതെ അമ്മ വെറും ചേദ്യചിഹ്നമായി അവശേഷിച്ചു.

     അമ്മയെ വണങ്ങി അയാൾ പിന്നെയും വിളിച്ചു: “അമ്മേ…….അമ്മേ……” അപ്പോഴും അമ്മ വിളി കേട്ടില്ല. അമ്മ അടുപ്പിൽ തീയൂതുകയായിരുന്നു. തീ ഊതി ഊതി പുക കയറിയ കണ്ണിൽ നിന്നും പീള പ്രവഹിച്ചു.

     നിശബ്ദ നിലവിളിയിൽ നെടുവീർപ്പുകളുതിർക്കുന്ന തന്റെ അമ്മയെ നോക്കി അയാൾ പറഞ്ഞു: “വിതുമ്പലുകളിൽ ഒളിച്ച് വെക്കപെടുന്ന അമ്മയുടെ കണ്ണീർകണങ്ങൾ ആത്മാവിൽ ചേർത്ത് വെക്കപ്പെടുന്ന സ്നേഹമാണമ്മെ “തീ പിടിച്ച ലോകത്ത് നിന്നും കരിഞ്ഞ മാംസത്തുണ്ടുകൾ പെറുക്കുന്ന ഈ മകനെന്ത് ഓണം? എങ്കിലും ഞാൻ വരാൻ നോക്കാം. വരാൻ കഴിഞ്ഞില്ലേലും എന്റമ്മ ഓണമുണ്ണേണം.

      കടുവകളി, തിരുവാതിരകളി, ഓണത്തല്ല്, അത്തപ്പൂക്കളം തുടങ്ങി മാവേലിസ്മരണകൾ മുഴുക്കെയുമിന്ന് ചാനൽ ലേകത്ത് അരങ്ങ് വാഴുമ്പോൾ നാമുടെ ഓണപ്പഴമ കമ്പ്യൂട്ടർ ചിപ്പിലൂടെ ഗ്ലോബലൈസ് ചെയ്യതമ്മേ . എന്തിന് , മാവേലിയെയും വാമനനേയും; ദൈവങ്ങളെ ഒക്കെത്തന്നെയും പരസ്യലോകം മൊത്തമായി വിഴുങ്ങികഴിഞ്ഞമ്മേ. പരസ്യപെരുമഴയിൽ പതഞ്ഞ് പെരുകുന്ന സോപ്പ്കുമിളയോടൊപ്പമല്ലേ ദൈവങ്ങളെ ഒക്കെതന്നെയും നമുക്കിപ്പോൾ കിട്ടുന്നത് ?

     പോപ്പും റാപ്പും കർണ്ണപുടങ്ങളിൽ നുരകുത്തി പതയുമ്പോൾ , ദൈവനാമങ്ങൾ സുകൃതക്ഷയം വന്ന നാലുകെട്ടിലെ പൊളിഞ്ഞിളകിയ എടുപ്പുകൾ മാത്രമാകുന്നു അമ്മേ… ആന്റിനകുട്ടകളിൽ അകപ്പെട്ട ദൈവങ്ങൾക്കൊക്കെയും കുത്തകകമ്പനികളുടെ കൃപയാലെ പുറം ലോകത്തെത്താൻ ഇനി മുതൽ അവകാശമുള്ളു ആന്റിനകുട്ടകളിൽ അകപ്പെട്ട ദൈവങ്ങൾക്കൊക്കെയും കുത്തകകമ്പനികളുടെ കൃപയാലെ പുറം ലോകത്തെത്താൻ ഇനി മുതൽ അവകാശമുള്ളു എന്റമ്മേ… ബട്ടനൊന്നമർത്തിയാൽ ഓണവും വിഷുവും എന്ന് വേണ്ട എല്ലാ ആഘോഷങ്ങളും ഏത് തരം കളികളും കണ്മുന്നിൽ പൂക്കുലപോലെ വിരിയുമമ്മേ…


      അത് കൊണ്ട് , എന്നമ്മ എന്നെ പ്രതീക്ഷിക്കണ്ടാ. ഒക്കുമെങ്കിൽ മാത്രം വരാം. ഉറപ്പ് പറയാൻ കഴിയില്ല. വന്നില്ലാന്ന് കരുതി എന്റമ്മ ഓണമുണ്ണാതിരിക്കരുത്. ഇവിടെ ഞങ്ങൾ ‘കൃസ്ത്യൻ സഹോദരനും, ബക്കാർഡിയും’ കൂട്ടി വിഭവസമൃദ്ധമായ ഓണക്കേളീയാടുന്നുണ്ട്.
അമ്മേ…. അവസാനമായി ഒന്ന് കൂടി കുറിക്കട്ടെ ,നമ്മുടെ ശാസ്ത്രലോകം ജനറ്റിക്ക് ജിനോം പ്രോജക്റ്റിലൂടെ മാവേലി മന്നന്റെ ഡി. എൻ. എ പരതുകയാണ്. എന്തിനെന്നല്ലേ ? “കള്ളവും ചതിയുമില്ലാത്ത കലാപമേതുമില്ലാത്ത ഒരു പുതുലോകക്രമത്തിന്.


       പക്ഷെ,അമ്മ മകനെ കാത്ത് മനം കുഴഞ്ഞ് ഗതകാല സ്മൃതിതടത്തിൽ മുങ്ങി നിവർന്ന് ഓണപ്പാട്ടിന്റെ ഈരടികളിൽ ലയിച്ച് ,ഓണതല്ലിന്റെ ശബ്ദ്ഘോഷം കേട്ട് ,തിരുവാതിര നൃത്തത്തിൽ പതറും ചുവടുകൾ വെച്ച് ,നൊമ്പരപ്പാടിന്റെ അരികു പറ്റി പാടി….

                                   “മാവേലി നാട് വാണിടും കാലം മാനുഷരെല്ലാരും ഒന്ന് പോലെ……”

Monday, 2 August, 2010

                                 ഓണവും പണവും തമ്മിലെന്ത് ......?

‘കാണം വിറ്റും ഓണമുണ്ണണം’ എന്ന ചിരപുരാതന ചൊല്ലിലേ അന്തരാർഥത്തെ ഉള്ളറിഞ്ഞ് ഉൾകൊണ്ട് മലയാളികൾ ഓണാഘോഷം സമ്പന്നമാക്കാറുണ്ട്. സാമ്പത്തിക ഭദ്രതയിൽ കഴിയുന്നവർക്ക് ഒന്നും വിൽക്കാതെ തന്നെ ഓണം ഉണ്ണാം. പക്ഷെ, വിൽക്കാനൊന്നുമില്ലാത്ത പാവങ്ങൾ എന്ത് വിറ്റ് ഓണമുണ്ണും ? സ്വന്തം വൃക്ക വിറ്റോ അതോ സ്വന്തം ശരീരം വിറ്റോ? സമ്പത്തിക ദുരന്തത്തിന്റെ ഉച്ചസ്ഥായിയിൽ , തൊഴില്ലായ്മയുടെ രൂക്ഷതയിൽ കേരളം വരളുമ്പോൾ മലയാളിയുടെ ഓണം ഇനി എങ്ങനെ ആകും ? ഓണാഘോഷങ്ങളിലേക്ക് ഓണസങ്കടങ്ങളിലേക്ക് ഞാൻ എന്റെ വണ്ടിയുമായി  ഒന്ന് ചുറ്റി…… ഒരല്പനേരം കൺതുറന്നു……

ഗതകാല സ്മൃതികളും ഗ്രഹാതുരത്വവും സമ്മാനിച്ച് ഓരോ ഓണവും കടന്നെത്തുമ്പോൾ കൈവിട്ട്പോയ ഗ്രാമവിശുദ്ധിയെക്കുറിച്ചും സാംസ്കാരിക തനിമയെക്കുറിച്ചും മറ്റും മലയാളികളിൽ പലരും പത്രമാസികകളിലൂടെയും, റ്റി. വി. സ്ക്രീനിലൂടെയും ഇപ്പോൾ ഇന്റെർനെറ്റിലൂടെയും  പതിവായി സങ്കടപ്പെടുന്നു (എന്നെ പോലെ).
                          ഓണം…… നഷ്ട്ടസ്വപ്നങ്ങളുടെ നൊമ്പരക്കാടുകൾ, ഗൃഹാതുരത്വത്തിന്റെ നനുത്ത സ്പർശങ്ങൾ, തിരിച്ചറിയാൻ കഴിയാത്ത് ഏതോ ഒരു അപൂർവ്വത. ഓർമകളിൽ ഓണം പൊയ്തിറങ്ങുകയാണ്……….
                                              
          
 വർഷത്തിലൊരിക്കൽ മലയാളികൾ എല്ലാം മറന്നുണരാൻ കൊതിക്കുന്ന ഓണക്കാലം. അത് കൊണ്ടാണ് ഞാൻ, "ഓണം വന്നോണം വന്നോണം വന്നേ …" എന്ന പാട്ടും മൂളി നഗരഹൃദയത്തിലേക്കിറങ്ങിയത്. ഒരു സൌഹൃദസല്ലാപത്തിന് .
                                                തുടക്കം ഗൌരവത്തിലായിരിന്നു.
                                               “ ഓണം നമുക്കെന്നും എന്തു തന്നു.
                                                 ഒരാണ്ട് നീളും കിനാക്കള്‍ തന്നു "
പ്രൊഫ: മധുസൂദനൻ നായരുടെ വരികൾ ചൊല്ലിക്കൊണ്ട് ബിരുദാനന്തര ബിരുദധാരിയും
സർക്കാരുദ്ധ്യോഗസ്ഥനും അദ്ധ്യാപകജോലിയിൽ പ്രാവിണ്യവുമുള്ള ജി. ബിനുജി ഇങ്ങനെ പറഞ്ഞു : “ വിളവെടുപ്പുത്സവ-മെന്ന നിലയിലായാലും അവിശ്വസനീയമായ അവതാരകഥയുടെ രൂപത്തിലായാലും ഓണം ഒരു വർഷത്തെ തിരക്കുകൾക്കിടയിൽ കിട്ടുന്ന ഒരു ആശ്വാസമാണ്, വിശ്രമമാണ്, സന്തോഷമാണ്. ഇത്തരം ഒരു സന്തോഷത്തിന്റെ കാലം വേണ്ടത് തന്നെയെന്നാണ് ബിനുജിയുടെ പക്ഷം.“ പണമുള്ളവർ ഓണക്കാലത്ത് കുറച്ചധികം പണം ധൂർത്തടിച്ച് കളയുന്നുണ്ട്. പക്ഷെ അത് കണ്ട് പണമില്ലാത്തവരും ധൂർത്തിന് ശ്രമിക്കുന്നത് തന്നെ വിഷമിപ്പിക്കാറുണ്ടെന്നും ഈ ഓച്ചിറ സ്വദേശി കൂട്ടിചേർത്തു.

                              “ഓ…… എന്റെ മനസ്സിൽ ഓണവുമില്ല, ഓണസ്മൃതിയുമില്ല… എല്ലാം പോയി…” ഓണത്തെകുറിച്ച്, ഓണാഘോഷത്തെ കുറിച്ച് രണ്ട് വാക്കെന്ന് പറഞ്ഞപ്പോൾ ഓട്ടോ സ്പെയേർസ്സിന്റെ ഉടമയും ഒരു ഫിനാന്‍സിംഗ്  സ്ഥാപനത്തിന്റെ ഉടമയുമായ സനൽകുമാർ വേവലാതിപെട്ടു. “ പക്ഷെ, അതിൽ സങ്കടമുണ്ടായിരുന്നോ എന്നൊന്നും നിശ്ചയമില്ല. ബിസ്സിനസ്സിന്റെ സാദ്ധ്യതയിൽ ജാഗ്രതയോടെ ശ്രദ്ധയൂന്നുന്ന സനൽകുമാറിന് ഓണം രണ്ട് ദിവസ്സത്തെ അവധി മാത്രം. ഇതിനിടയിൽ വീട്ടുകാരോടൊത്ത് ഇത്തിരി ഓണാഘോഷവും.
                                    
കോളേജ് വിദ്യാർഥിനിയായ ഗായത്രിയുടെ ഓണത്തിന് ഒരു കാമ്പസ്  മണമാണ്." കാമ്പസ്സിൽ
ഞങ്ങൾ പരസ്പരം ആശംസകൾ നേരുന്നു. എന്റെ ബസ്റ്റ് ഫ്രണ്ട് മൂംതാസിനെ ഓണാഘോഷത്തിന് ക്ഷണിക്കുന്നു, റ്റി. വി. യിലെ അടിപൊളി ഓണപരിപാടികൾ മനസ്സ് നിറയെ കാണുന്നു… ആസ്വദിക്കുന്നു… മാവേലിതമ്പുരാന്  റ്റാറ്റ പറയുന്നു." ഇവിടെ ഗൃഹാതുരത്വവുമില്ല സങ്കടവുമില്ല. ഒരു പൈങ്കിളിട്ടച്ചിൽ പുള്ളിക്കാരി ഓണാഘോഷത്തെ കുറിച്ച് പറഞ്ഞ് നിർത്തി.
                           
 മൈക്കാട് പണിക്കാരി ശാന്തച്ചേച്ചിക്ക് "‘ എന്തോന്ന് ഓണം എന്നാണ് ‘ ഓണത്തിന്റന്നും പണിക്ക് പോയാലെ ജീവിക്കാൻ കഴിയു എന്ന അവസ്ഥയാണ് . “പിന്നെ ഉള്ളത് കൊണ്ട് ഓണം പോലെ“ എന്ന് പറഞ്ഞത് പോലെ എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടും. ഓണം കഴിയുമ്പോൾ കടം മിച്ചം. " അവരുടെ നെറ്റിയിൽ നിന്നും എല്ലാത്തരം ക്ലേശങ്ങളും വായിച്ചെടുക്കാനായി. മനസ്സ് പറഞ്ഞു: “പാവം ചേച്ചി.“
                          
അധ്യാപകനായ സന്തോഷിന് ഓണം ഗൃഹാതുരത്വത്തിന്റെ നനുത്ത സ്പർശം തന്നെയാണ്. പക്ഷെ, ഇപ്പോഴത്തെ ഓണം റെഡിമെയിട് ഓണമാണെന്നാണ് കഷിയുടെ വിലയിരുത്തൽ. വർഷത്തിലൊരിക്കൽ വന്ന് ചേരുന്ന ഓണത്തെ മലയാളികൾ ഒരു ചടങ്ങായി കണ്ട് ഫാസ്റ്റ് ഫുഡിൽ ഒതുക്കുകയാണെന്ന് സന്തോഷ് സങ്കടപെടുന്നു. ഓർമയിലെ ഓണം …… അതൊരു ആവേശമായിരിന്നു. വീട്ടുകാരോടൊത്ത് കൂട്ടുകാരാടൊത്ത് ആർപ്പുവിളികളുമായി വയൽ വരമ്പുകളിലൂടെ പാറിനടന്നിരുന്ന കാലം. ആ നല്ല നാളുകൾ ഓർമയിൽ മാത്രം.സന്തോഷ് മനസ്സ് തുറന്ന് ഗതകാല സുകൃതത്തിലേക്ക് സഞ്ചരിച്ചു……

                                    ഞങ്ങളുടെ ഓണത്തിന് മീനിന്റെ മണമാണ് കുഞ്ഞെ. ഞങ്ങളുടെ വീട്ട് പടിക്കൽ മീൻ കൊണ്ട് വരുന്ന ഗോപിചേട്ടന്റെ ഓണത്തിന് മീനിന്റെ മണമാണെന്ന് ഞാനും തിരിച്ചറിഞ്ഞു. ഗോപിചേട്ടൻ പറയുകയാ: പണമുള്ളവന് എന്നും ഓണമാ… പണമില്ലാത്തവന് ഒരൊറ്റ ഓണം. “ കടം വാങ്ങിയുള്ള ഓണം” മാവേലി തമ്പുരാൻ നേരിട്ട് വന്നാലും ഞങ്ങളുടെ ഒക്കെ ഗതി ഇതുതന്നെയാണെന്നും പറഞ്ഞ് ഓഹോ……. ഓഹോ… എന്നും നീട്ടി വിളിച്ച് മീൻ കുട്ട കാലിയാക്കാൻ യാത്രയായി.

നാളെയാണ് … നാളെയാണ്…. നറുക്കെടുപ്പ് നാളെയാണ്… അടുത്തെത്തിയപ്പോൾ തന്നെ കൈകാട്ടി നിറുത്തി ഒരു ഓണം ബമ്പർ ടിക്കറ്റെടുത്തു (ഞാനല്ല കൂടെ വന്ന എന്റെ സുഹൃത്ത്, എന്റെ ഭാഗ്യം, എന്നോടൊത്തുള്ളത് കൊണ്ട് ഞാൻ ഭാഗ്യകുറി എടുക്കാറില്ല) ഞാൻ ചേദിച്ചു . എങ്ങനെയുണ്ടാശാനെ ഓണം ബമ്പറിന്റെ വിൽ‌പ്പന? ങ്ങ്ഹാ….. വെറുമൊരു മൂളൾ മാത്രം. ആമൂളലിൽ ഒരു നിർഭാഗ്യവാന്റെ തേങ്ങലുണ്ടായിരുന്നുവോ…? ഭാഗ്യം വിൽക്കുന്നവന്റെ നിർഭാഗ്യങ്ങൾ…. പ്രാരബ്ദങ്ങൾ…. എല്ലാം........ മരത്തിൽ നിന്നും വീണ് നട്ടെല്ല് തകർന്ന ആ ലോട്ടറി വില്പനക്കാരനിലുണ്ടായിരുന്നു. ഞരങ്ങി നീങ്ങുന്ന ആ ട്രൈ സൈക്കിളിൽ ഒത്തിരി- ഒത്തിരി സ്വപ്നങ്ങളും കരിവാളിച്ച് കിടന്നു.

പി.എസ്. സി ടെസ്റ്റ് എഴുതിയെഴുതി ലിസ്റ്റിൽ കടന്ന് കൂടിയിട്ടും ജോലി സാദ്ധ്യത നീണ്ട് നീണ്ട് പോകുന്നതിൽ കുപിതരായ രണ്ട് ചെറുപ്പക്കാർ എന്നോട് പറഞ്ഞു. “പണമുണ്ടെങ്കിൽ ഓണവും, പെരുന്നാളും, ക്രിസ്തുമസ്സും എല്ലാം കാണും.ഇല്ലെങ്കിൽ ഒരു പിണ്ണാക്കും കാണില്ല. ഒരു സിഗററ്റ് വലിക്കണമെങ്കിൽ ആരെയെങ്കിലും ഓസണം. അതാ സ്ഥിതി. പിന്നെന്ത് ഓണം? അവരുടെ രോഷത്തിൽ പതഞ്ഞ് ഞങ്ങൾ വീട്ടിലേക്ക് തിരിക്കുമ്പോൾ ദാ… എതിരെ “ മാവേലി നാട് വാണീടും കാലം മാനുഷരെല്ലാരും ഒന്ന് പോലെ…

കള്ളവുമില്ല ചതിയുമില്ല എള്ളോളമില്ല പൊളിവചനവും…..” എന്ന ഓണപാട്ടും പാടി വന്ന ഒരു പറ്റം കോളേജ് വിദ്യാർഥികളോട് ചോദിച്ചു: “ ഈ വിധമൊരു കാലമുണ്ടായിരുന്നോ…? “ആ… അറിയില്ല.“ ഇനി അത്തരം ഒരു കാലം ഉണ്ടാവുമോ..? “ ആ…അതും അറിയില്ല”

നാഷണൽ ഹൈവെയിൽ നിന്നും വണ്ടി തിരിച്ചിറക്കി വീടിന്റെ പോർച്ചിലേക്ക് കയറി ഉമ്മായെ വിളിച്ച് വീൽചെയറിന് കാത്തിരിക്കുമ്പോൾ ഞാൻ ആലോചിച്ചു; കള്ളവും, ചതിയും, പൊളിവചനങ്ങളും, ലൈംഗിക-പീഡനങ്ങളും, സ്ത്രീ പീഡങ്ങളും, മദ്യദുരന്തവും, സെക്സ്-ബ്ലൂ ഫിലിം റാക്കറ്റും, കോഴയും, കൈക്കൂലിയും, കൊലപാതങ്ങളും, വർഗീയതയും, മതതീവ്രവാദവും, ഫാഷിസവും, വൃക്കക്കച്ചവടവും, മഴനൃത്തവും, ആഗോളകുത്തക തമ്പ്രാക്കന്മാരും ഒക്കെ കൂടി ദൈവത്തിന്റെ  സ്വന്തം നാടിനെ വസ്ത്രാക്ഷേപം ചെയ്യുമ്പോൾ ഭാവിയെ കുറിച്ചോർത്ത് കുറെയേറെ സുമനസ്സുകൾ ഇവിടെ അശാന്തഹൃദയരാവുകയാണ്.
എങ്കിലും," ആശംസകൾ…….ആശംസകൾ……. ഓണാശംസകൾ……."
                                 

Monday, 19 July, 2010

………….ഞാൻ ;

                                                                 ഞാൻ, നെരിപ്പോടിൽ ശിരസ്സ് വെച്ച് മഴതുള്ളികളെ കാത്ത്കിടക്കുന്ന ഒരു

തപ്തഹ്ര് ദയനാണ്. പ്രജ്ജയുടെ നേർരേഖയിൽ ചീവീടുകൾ ചിലക്കുമ്പോൾ ഞാൻ കാണുന്നു സൂര്യൻ

ഉദിക്കുന്നതായിട്ട്. പക്ഷെ, ആ ഉദയം മറ്റെരു അസ്തമയമാണല്ലോ എന്ന തിരിച്ചറിവ് വീണ്ടും

പ്രഭാതമായി… പ്രതീക്ഷയായി… എന്നിൽ ജീവവായുവിനെ പോലെ സ്പന്ദിക്കുന്നു. അപ്പോൾ, ശ്വാസം

നിലച്ച ശരീരത്തിൽ നിന്നും വിട്ടൊഴിയാൻ കൂട്ടാക്കാത്ത ആത്മാവിനെപോലെ എന്റെ മനസ്സ് മൂകമായി

മന്ത്രിക്കുന്നു “ മുടി ചീകു… ഉല്ലാസവാനാകു..”

                                             അങ്ങനെ, പുലരികളിൽ നിന്നും പുലരികളിലേക്ക് ഞാൻ തീർഥയാത്ര നടത്തുന്നു.

ആ യാത്രയിൽ മറ്റൊരാളായി കൊണ്ട് ഞാൻ ചിരിക്കുന്നു ചിന്തിക്കുന്നു. ഇനി ഞാൻ യാത്ര തുടരട്ടെ…

എന്നോടൊത്ത് മരിക്കുന്ന ചില ഓർമകളൂം ഏറെ ആഗ്രഹങ്ങളും പേറി. അവിടെ ഞാൻ എന്റെ

നിഴലിനോട് കലഹിച്ചും കഥ പറഞ്ഞും…

                                                      “ സ്നേഹാർദ്രമായ കരങ്ങളിൽ നിന്നും വരുന്ന പ്രേമത്തിന്റെ തലോടലുകൾ

പോലും മനസ്സിന്റെ ആന്തരികബോധത്തിൽ ഞാനറിയാതെ വേദനയായി പരിണമിക്കുന്നു.” അവിടെ

കാഴ്ചകൾ നനയുന്നില്ലേ എന്ന ചോദ്യത്തോടൊപ്പം… , ആകാശവിതാനത്തിൽ ഉരുണ്ട് കൂടുന്ന

കാർ മേഘതുണ്ടുകളിൽ, ഭ്രാന്തിന്റെ വേരുകൾ തലച്ചോറിലേക്ക് ആഴ്ന്നിറങ്ങുമ്പോഴുണ്ടാകുന്ന മാനസ്സിക

വിഭ്രാന്തിയിൽ കുളിജപം മറന്ന് നട്ടുച്ചവെയിലിൽ നഗ്നപാദനായി അലയുന്ന മനുഷ്യരിൽ, ദൈന്യതയുടെ

സർവ്വാശംങ്ങളും വാരി നിറച്ച മുഖങ്ങളുമായി ആയാസത്തോടെ നടന്നു നീങ്ങുന്ന വ്രദ്ധജനങ്ങളിൽ ,

വാടിതളർന്ന് കൊഴിയാൻ പോകുന്ന പൂവികളിൽ, ദാഹാർത്തമായ മിഴികളോടെ നാവ് പുറത്തേക്ക് നീട്ടി

വെയിലേറ്റ് വാടിതളർന്ന ആട്ടിൻ കുട്ടിയിൽ, മുകളിലിരിക്കുന്ന കൌതുകവസ്തു കൈ എത്തി പിടിക്കാനാ-

വാതെ ലാളിത്യമാർന്ന നിസ്സഹായതയിൽ കരയുന്ന കുഞ്ഞ്പൈതലുകളിൽ , അനാഥമായി കിടക്കുന്ന

ഒരു വീൽചെയറിൽ , വികലാംഗത നിലക്കാത്ത വിലാപമായി തീരുമ്പോഴും അഷ്ട്ടിക്കായി കൈനീട്ടി

യാചിക്കേണ്ടി വരുന്ന ഹതഭാഗ്യരിൽ…. ഇങ്ങനെ ചെറുതും വലുതുമായ പ്രശ്നങ്ങളിലൂടെ എന്നിൽ

പിറവി കൊള്ളുന്ന ദു:ഖത്തിന്റെ തീ നാമ്പുകൾ അനതമായി നീളുമ്പോൾ ഞാൻ ചോദിക്കുന്നു: ഞാനിങ്ങനെ

ഒരാൾ എന്തിന് എല്ലാറ്റിലും ദു:ഖങ്ങളുടെ സ്പുലിംഗങ്ങൾ ദർശിക്കാൻ മാത്രമായിട്ടിരിക്കുന്നു.

                                                     ഇത്തരം ഒരു ചോദ്യവും ഉത്തരവും എന്നിൽ നിന്നും എനിക്ക് വേണ്ടി ഉണ്ടാവാൻ

കാരണം, ഇന്ന് വിരിഞ്ഞ് വിടർന്ന്, സൌവരഭ്യവും സന്തോഷവും പരത്തി നിൽക്കുന്ന സുന്ദരമായ

പൂവിലും ഞാൻ ദു:ഖത്തിന്റെ ദളം വിടർത്തിയതിനാലാണ്. എനിക്കറിയില്ല ആ ചെടിയുടെ പേരെന്തന്ന്.

ആ പൂവിന്റെ പേരും അറിയില്ല. അറിയാനൊട്ടൊരു ശ്രമവും നടത്തിയതുമില്ല.

ആ പൂവ് ആരും തലയിൽ ചൂടാറില്ല. അത് കൊണ്ട് തന്നെയാണ് ആ പൂവിനോട്

എനിക്ക് പ്രിയം തോന്നാൻ കാരണവും. അത് മാത്രമാണ് ദു:ഖമാകാനും കാരണം. അത് ആ പൂവിന്റെയും

കൂടെ ദു:ഖമാകും എന്ന് ആത്മാവ് അറിഞ്ഞപ്പോഴാണ് ആ പൂവിനെയും ചെടിയെയും കുറിച്ച് ഇങ്ങനെ

ഈ രൂപത്തിൽ പകർത്തപെട്ടത്.

                                                        ആ പൂമൊട്ട് ചെടിയുടെ തായ്തണ്ടിൽ നിന്നും മുളച്ച്പൊന്തി എന്റെ കണ്ണിന്

ദർശനമാകുന്നതോടെ ഞാനും ആ ചെടിയും തമ്മിൽ അസാധാരണമായ ഒരു ബണ്ഡത്തിന് നാന്ദിയാകുന്നു.

പിന്നീടുണ്ടാവുന്ന അതിന്റെ വളർച്ചയുടെ ഓരോ ഘട്ടവും എന്റെ കണ്ണിൻ ക്രഷ്ണമണികളിൽ സ്പർശിക്കുകയും

എന്നിലെ വാചാലമായ മൌനം ചെടിയെ വലം വെക്കുകയും ചെയ്യുന്നു.

                                                വളർച്ചയുടെ ഒടുക്കം ആ പൂമൊട്ട് പ്രാർഥനപോലെ വിരിഞ്ഞ് തുടങ്ങൂന്നു. തൊഴുത്

നിന്ന പൂമൊട്ട് ദാനം കൊടുക്കുന്ന കൈ പോലെ വിടരുന്നു. അവസാനശ്വാസം വരെ വിടർന്ന് സൌരഭ്യവും

സൌന്ദര്യവും ദാനമായി നൽകുന്നു…

                                                 ഹായ്…. ! എന്ത് നല്ല പൂവ് ! മനസ്സുകൾ ആഹ്ലാദപൂർവ്വം ഹ്രദയത്തോട് മന്ത്രിക്കുന്നു.

മ്രിദുവിരലുകളാലും , ചുവന്നചുണ്ടുകളാലും ചുംബനങ്ങളുടെ തേൻ മഴ പൂവിലേക്ക് വർഷിക്കുന്നു. ഒപ്പം,

സംഗീതസുന്ദരമായ ഇളം കാറ്റിന്റെ മർമ്മരവും. അങ്ങനെ ലഹരിയിൽ നിറയുന്ന പൂവ് ആടിഉലഞ്ഞ്

ന്രത്തം വെക്കുന്നു!

സൌമ്യമായി സ്നേഹം കൊടുക്കുന്ന പൂവ് . ആരും തലയിൽ ചൂടാൻ ആഗ്രഹിക്കാത്ത-

പൂവ് . അല്പദിവസ്സം സൌരഭ്യവും സൌന്ദര്യവും സന്തോഷവും പടർത്തി ചിരിച്ച് നിന്നിട്ട് വാടിതളർന്ന്

കൊഴിഞ്ഞ് വീഴുന്നു. അങ്ങനെയുള്ള ആ പൂവിനോട് ഞാൻ പറഞ്ഞു : “പാവം പൂവേ നീ ഞാനാകുന്നു”.

Thursday, 1 July, 2010

അമ്മ സങ്കടപ്പെട്ടു…അച്ഛനും

ഉടുതുണി ഉരിഞ്ഞെറിഞ്ഞവരും തെറുത്തു  കയറ്റിയവരും ചാനൽ ലോകത്ത് നിറഞ്ഞാടുന്നു. അവരുടെ അധർമ്മത്തിൽ നിന്നും ചീറ്റിതെറിക്കുന്ന അശുദ്ധരക്തം യു. കെ. ജി ക്കാരൻ ആദർശിന്റെ സിരാകേന്ദ്രത്തിലേക്കും സംക്രമിച്ചു. അവൻ ചതുരപെട്ടിയിലെ നിഴലാട്ടത്തിലേക്ക് നോക്കി വലിയവായിൽ നിലവിളിച്ചു.

നയനമോഹന കാഴച്ചയെ ഇന്ററപ്റ്റ് ചെയ്യ്ത അവന്റെ നിർബന്ധത്തെ അമ്മ ഈർക്കിൽ കൊള്ളി കൊണ്ട് നിയന്ത്രിച്ച് , അടുത്ത് പിടിച്ചിരുത്തി സീരിയലുകൾ കാണിച്ച് സമാധാനപ്പെടുത്തി.

മോനെ, ദേ… നോക്കിയെ ടീ വി ലെ കളിപ്പാട്ടങ്ങളെ. എന്ത് നല്ല കളിപ്പാട്ടങ്ങൾ അല്ലെ കുട്ടാ…? താളം പിടിക്കുന്ന കളിപ്പാട്ടങ്ങൾ, ചൂളമടിക്കുന്ന കളിപ്പാട്ടങ്ങൾ, കെട്ടിമറിയുന്ന കളിപ്പാട്ടങ്ങൾ… എന്റെ മോനും അമ്മയിത്തരം കളിപ്പാട്ടങ്ങളൊക്കെ വാങ്ങിത്തരാട്ടോ. അമ്മയുടെ പുന്നാരകുട്ടൻ  അടങ്ങിയിരിക്ക് . അമ്മ ഈ ‘മോഹഭംഗം’ ഒന്ന് കണ്ട് തീർക്കട്ടെ.

ആദർശ് കളിപ്പാട്ടം പ്രതീക്ഷിച്ച് സമാധാനപ്പെട്ട് . എന്നിട്ടും, അവൻ ചെറുതായി വിങ്ങിവിങ്ങി ഏങ്ങുന്നുണ്ടായിരിന്നു. അങ്ങനെ, ആ കുരുന്നിനെ മോഹവലയത്തിൽ പെടുത്തി അമ്മ മധുവാണിയുടെ ‘മോഹഭംഗം’ കണ്ട് തീർത്തു.

ദോഷം പറയരുതല്ലോ, ആദർശിന്റെ അമ്മ ആതിര അന്ന് തന്നെ അവനെരു ചിന്നകളിപ്പാട്ടം വാങ്ങി കൊടുത്തു. പക്ഷെ, കിട്ടുന്ന ഓരോ കളിപ്പാട്ടങ്ങളുടെയും പുതുമ അവനിൽ നിന്നും വളരെ വേഗം ചോർന്ന് പോയി. ടി വി യിലെ പളപളപ്പ് കൂടുതൽ വലുപ്പമുള്ളതും മനോഹരവുമായ കളിക്കോപ്പുകളിലേക്ക് അവന്റെ ആഗ്രഹം വിശപ്പായി പടർത്തി  അവൻ വാശിക്കാരനും കുസ്ർതി കുട്ടനും അമ്മയുടെ തല്ല് കൊള്ളിയുമായി.

ആദർശിന്റെ അച്ചൻ അനന്തൻ പറഞ്ഞു : എടീ… ആതിരെ, നീ അവനെ ഇങ്ങനെ തല്ലുകയും ശകാരിക്കുകയും ചെയ്യരുത് . നിനക്ക് സീരിയലുകള് കാണാൻ വേണ്ടി ഓരോന്ന് പറഞ്ഞ് അവനെ മോഹവലയത്തിൽ കുരുക്കുന്നത് കൊണ്ടല്ലേ അവൻ വാശിക്കാരനാകുന്നത് ? നീ ഈ ചതുരപെട്ടി പ്രേമം  കുറച്ച് കൺട്രോൾ ചെയ്യ് .(വിഡ്ഡിപ്പെട്ടി എന്നുള്ളത് പഴയ പേരാണ്)

ഓ….അവനെന്തോന്ന് കാട്ടിയാലും കുറ്റം മുഴോനും എന്റെ തോളേലോട്ട് കെട്ടിക്കോ .ആതിര പിറുപിറുത്തു.

നീ കോപിക്കാൻ പറഞ്ഞതല്ല. ദെ…നോക്കിയെ, അവനിപ്പോള്‍  കലഹിക്കുന്നത് ഏതേ സിനിമാനടൻ ചവിട്ടുന്ന സൈക്കിളും നോക്കിയാ…

ഓ… ചുമ്മാതല്ല, എന്നെ കുറ്റപ്പെടുത്തുന്നത്. അതാണ് കാര്യം. സൈക്കള് വാങ്ങികൊടുക്കാതിരിക്കാനുള്ള എക്സ്യുസ്. ആതിര സൈഡ് കോട്ടി പറഞ്ഞു.

അവന്റെ ഒപ്പം പടിക്കുന്നവരെല്ലാം സൈക്കളിന്മേലാ സ്കൂളിൽ വരുന്നതെന്നാ അവൻ പറയുന്നത്.
നിങ്ങൾ എന്നെ കുറ്റപ്പെടുത്താതെ അവനോരു സൈക്കിൾ വാങ്ങികൊട്. അവൻ നമ്മടെ മോനല്ലേ. അവന് നമ്മളല്ലാതെ ആരാ സൈക്കിള് വാങ്ങികൊടുക്കാൻ. കുട്ടികളാവുമ്പോ ഇത്തിരി വാശിയും കുസ്രതിയും ഒക്കെ കാണും. അത്, വള്രുമ്പോളങ്ങ് മാറിക്കോളും.

അങ്ങനെ കീഴടക്കാനുള്ള ത്വര സൈക്കിളിന്റെ രൂപത്തിൽ അവനെ ആവേശിച്ചു. അച്ചൻ വാങ്ങികൊടുത്ത സൈക്കിളിൽ ദൂരങ്ങൾ കാൽച്ചുവട്ടിലൊതുക്കാൻ ചക്രം ചവുട്ടിതിരിച്ചവൻ അസാമാന്യ വേഗത്തിലേക്ക കുതിപ്പ് തുടങ്ങി. അച്ചന്റെയും അമ്മയുടെയും ദ്രശ്യപരിധിയിൽ നിന്നും അവൻ മാഞ്ഞ് മറഞ്ഞു. എന്നിട്ടും കീഴടങ്ങുന്ന ദൂരങ്ങളൊന്നും അവന് മതിവരാതെ ആയി. അവൻ വല്ലാത്ത അക്ഷമ പ്രകടിപ്പിച്ചു.

ആദർശിന്റെ മൂക്കിന് താഴെ നനുത്ത മീശ കിളിർത്തു. അതോടെ അവനിൽ നിഷേധ മനോഭാവത്തിന്റെ നുര പതയുകയും നാവ് പുറത്തേക്ക് നീളുകയും ചെയ്യതു . അപ്പോഴാണ് അവന്റെ അമ്മയും അച്ചനും- അതായത് ആതിരയും അനന്തനും- മൂക്കത്ത് വിരൽ വെച്ചത്. 'എവിടെയായിരുന്നു പിഴച്ചത്?'

അപ്പൊഴെക്കും, ആദർശ് ഒട്ടും ആദർശവും ബാക്കി വൊക്കാതെ ആധിപത്യത്തിന്റെ ചെങ്കോൽ വീടിന്റെ അകത്തളത്ത് നാട്ടിയിട്ട് മൂർച്ച ഏറിയ ഖഡ്ഗവുമായി പുറം ലോകത്തേക്കിറങ്ങി.

ആദർശിന്റെ അമ്മയും അച്ചനും വേവലാദിയോടെ പകച്ചു. അവർ ടി വി സ്ക്രീനിലേക്ക് മിഴിനീട്ടി. അവിടെ നിറയെ കൊള്ളയും കൊള്ളിവെപ്പും ബലാൽത്സംഗവാർത്തകളും കൊലപാതകവാർത്തകളും നിറഞ്ഞ ദ്ര്യശ്യങ്ങൾ മാത്രം. അതിനിടയിൽ അല്പവസ്ത്ര ധാരിണികൾ കല മാനവും വിറ്റ് തീർക്കുന്നു.

എല്ലാം കണ്ടും കേട്ടും ആദർശിന്റെ അമ്മ സങ്കടപ്പെട്ടു…. അച്ചനും….

Thursday, 24 June, 2010

രണ്ട് കഥകൾ

പ്രഹേളിക

വിപിനമധ്യത്തിൽ പണിതുയർത്തിയ പർണ്ണശാലയിൽ പതിവ് പോലെ ഗുരുജി ചമ്രംപിണച്ചിരുന്ന് ജ്ഞാനമനസ്സോടെ കണ്ണുകളടച്ച് പ്രപഞ്ചത്തിന്റെ ഗൂഡാർഥങ്ങളെ കുറിച്ച് ചിന്തിച്ചു.

സന്തത സഹചാരിയും സേവനതല്പരനുമായ ശിഷ്യൻ ധർമപാലൻ അപ്പോൾ ഗുരുജിയോട് ചോദിച്ചു . “ നമ്മുടെ സിദ്ദാർതഥനു യാതൊരു കുഴപ്പവുമില്ലായിരുന്നല്ലോ; പിന്നെന്തെ ഇങ്ങനെ ഒരു മാറ്റം….?”

വനമധ്യത്തിലെ നിഗൂഡനിശബ്ദ്ദതയിൽ രുദ്രാക്ഷമാലയിൽ വിരലുകൾ തെറുത്ത് കയറ്റികൊണ്ട് പ്രസ്തുത ചോദ്യത്തിനുള്ള ഉത്തരത്തിനായി ഗുരുജി കണ്ണുകളടച്ച് ധ്യാനനിരതനായി….

ജപമനസ്സുമായി ഗുരുജി ഉത്തരത്തിനായി പരതികൊണ്ടിരുന്നപ്പോൾ, അങ്ങ് ദൂരെ നഗരമധ്യത്തിലെ നിബിഡമായ കോൺക്രീറ്റ് കാടുകൾക്കിടയിൽ തിളങ്ങുന്ന സൂര്യന് കീഴെ നിന്ന് കൊണ്ട് സിദ്ദാർതഥൻ ആരോടെന്നില്ലാതെ വിളിച്ച് പറഞ്ഞു: “ സൂര്യൻ ഒന്ന് ഉദിച്ചിരുന്നെങ്കിൽ, ഇവിടം മുഴുവൻ എന്തൊര് ഇരുട്ടാണ്”

                                      

അജ്ഞാത തീരങ്ങളിലേക്ക്

                    
മനുഷ്യപുത്രന്മാർ ഭൂമിക്കും ആകാശത്തിനും മദ്ധ്യത്തില്‍  നീന്തിപറന്നു; അല്ല, വെള്ളതുള്ളികളെയും വെള്ളാരം കല്ലുകളെയും തട്ടിതെറുപ്പിച്ച് ആഹ്ലാദാരവങ്ങളോടെ അവർ ഒഴുകി…

പക്ഷെ, അവർ അറിഞ്ഞതും അറിയാത്തതായി ഭാവിച്ചതുമായ സത്യം അവർക്ക് മുന്നിൽ ഒളിഞ്ഞിരുന്നു. ആ അജ്ഞാത സത്യത്തിൽ അവർ ചെന്നിടിച്ചു. ഇടിയുടെ ശക്തിയാൽ അവരുടെ ചിറകുകൾ ഒടിഞ്ഞു  സ്തബ്ധരായ അവർ മുകളിലേക്ക് നോക്കി.

കുത്തനെയുള്ള മഞ്ഞ് മലകൾ അവരുടെ മുന്നിൽ തല ഉയർത്തി നിൽക്കുന്നു. ജീവിതം കൊതിച്ച അവർ ആ മഞ്ഞ് മലകളിൽ അള്ളിപിടിച്ച് കയറി.അതിന്റെ നെറുകയിൽ കുത്തിയിരുന്നു ശ്വാസം വിട്ടു.

അവരുടെ നിശ്വാസം കേട്ട് വിറങ്ങലിച്ച മഞ്ഞ്മലയെ തഴുകി അവരുടെ കണ്ണ്നീർ ഒഴുകി ഇറങ്ങി. ആ കണ്ണുനീർ കറുത്തപുഴയായി ഭൂമിയിൽ പരന്നു! ചുറ്റും വെള്ളത്താൽ മൂടപ്പെട്ട മഞ്ഞ്മലയിൽ അവർ,വിദൂരതയിൽ മിഴിനട്ട് കൂനിപിടിച്ചിരുന്നു.

കാലപ്രവാഹത്തിൽ, ചുറ്റുപാടുകളിൽ അനേകം കല്ലുമലകൾ ഉയർന്നു. ചലനങ്ങളുടെ ശക്തി അവിടങ്ങളെ ജീവസ്സുറ്റതാക്കി.

കല്ലുമലകളെ മറന്ന മഞ്ഞുമല അവരെയും കൊണ്ട് ഉരുകാൻ തുടങ്ങി… ലോകം മറന്ന മഞ്ഞ്മലകൾ, പുഴയുടെ ആഴങ്ങളിലൂടെ അവരെയും കൊണ്ട് ഒഴുകി………

“—അജ്ഞാത തീരങ്ങളിലേക്ക്”(ഈ രണ്ട് കഥകളും യുവസരണി മാസികയിലൂടെ വെളിച്ചം കണ്ടത്. ആദ്യത്തേത് എത്ര സൂര്യൻ ഒന്നിച്ചുതിച്ചാലും ഇവിടുത്തെ അന്ധകാരം അവസാനിക്കില്ലാ എന്നും രണ്ടാമത്തെത്, അനവധി  ദ്രഷ്ടാന്തങ്ങൾ കണ്ടാലും അറിഞ്ഞാലും പിന്നെയും അഹങ്കരിക്കുന്നവർ വെറും മഞ്ഞ്മലകൾ പോലെ എന്നും.)

Monday, 14 June, 2010

ജീവനകലയും ഒരു നാടൻപട്ടിയും

വെടി ഒച്ച കേട്ട് പട്ടി ജീവനും കൊണ്ട് മണ്ടിപ്പാഞ്ഞപ്പോൾ ആസ്ഥാനവിദ്വാന്മാരുടെ അകം പുറങ്ങൾ വിറകൊണ്ടു. വിശന്ന് വലഞ്ഞ പുലികൾ മാതിരി ചാനലുകാർ വാർത്തകൾക്കായി പരക്കം പാഞ്ഞു. കിട്ടിയ പുല്ലും കച്ചിതുരുമ്പും കൊണ്ട് മനുഷ്യമുഖത്ത് ഇക്കിളിപെരുപ്പിച്ച് ചർച്ചകൾക്ക് തുടക്കമിട്ടു. " മാൻ ഒഫ് ഗോഡ്, മാൻ ഒഫ് പീസ്" എന്നൊക്കെയുള്ള വിശേഷണങ്ങൾ കനിഞ്ഞേകി ഊതിപെരുപ്പിച്ച ജീവനകലയുടെ ആചാര്യൻ ശ്രീ ശ്രീ രവിശങ്കരന് നേരെ വധശ്രമം, തീവ്രവാദി ആക്രമണം. (മുമ്പ് സത്യസായി ബാബക്ക് നേരെ നടന്ന വധശ്രമം ഇവിടെ ഓർക്കുക.)


വാർത്തകൾ ചാനലുകളിൽ നിന്നും മുറിഞ്ഞും കമിഴ്ന്നും വീണു. അന്വേഷണം ഊർജ്ജിതമെന്ന് കേന്ദ്രആഭ്യന്തരമന്ത്രി . അന്വേഷിക്കാൻ കർണാടക ഡി ജി പി എന്ന് ഉത്തരവാദിത്തപെട്ടവർ.
അങ്ങനെ, അന്വേഷിച്ചു. കണ്ടെത്തി ." സംഭവം വെറും ഒരു നാടൻ പട്ടി."

പോ... പട്ടി... എന്ന് പറഞ്ഞൊഴിഞ്ഞപ്പോൾ പിന്നിൽ നിന്ന ആൾ പറയുകയാ:പോടാ....പട്ടി...., മുകളിൽ ശരിക്കും പിടിഉണ്ടെങ്കിൽ ചില സത്യങ്ങൾ തുണി ഉടുക്കാത്ത പട്ടിയെ പോലെ വഴുതിക്കളിക്കും, ചിലത് വലിയ വായിൽ മോങ്ങും, മറ്റ് ചിലത് കറങ്ങിതിരിഞ്ഞ് ആകാശത്തിലേക്ക് സഞ്ചരിക്കും.

ദൈവത്തിന്റെ ആരോഗ്യകൃപ  മനുഷ്യദൈവങ്ങൾ വഴി കരഗതമാക്കാൻ മനുഷ്യമക്കൾ ശ്വാസം നീട്ടി അകത്തോട്ടും� അയച്ച് പുറത്തേക്കും വിട്ട് , ജീവനകലയിലേക്ക്  ഈച്ചകളെ പോലെ കൂട്ടത്തോടെ ഇരമ്പി ആർക്കുമ്പോൾ ശ്രീ.. ശ്രീ.. ഒരാനന്ദമാകും .പിന്നെയും പിന്നെയും ആനന്ദമാകും. ശ്രീ ശ്രീക്ക് ആനന്ദമാകുന്നത് പോലെ  മറ്റ് മനുഷ്യദൈവങ്ങൾക്കും മനുഷ്യമക്കൾ ഈച്ചകളാകും

മതമില്ലാത്ത പ്രാണവായു വിറ്റ് വൻലാഭം കൊയ്യുന്ന ശ്രീ ശ്രീ രവിശങ്കറിനെ കുറിച്ച് പ്രശസ്ത്ത എഴുത്തുകാരി ശോഭാ ഡേ പറഞ്ഞത് � സാരി പുതച്ചത് കാണുമ്പോൾ കാഴ്ച്ചയിൽ താടിയുള്ള പെണ്ണിനെ പോലെ തോന്നിക്കും എന്നാണ്.� ഒരു ബോംബെക്കാരൻ ഭർത്താവ് വേദനയോടെ പറഞ്ഞത്: � സാരി പോലുള്ള ആടകൾ ധരിക്കുന്ന ഒരു വിചിത്രമനുഷ്യൻ കാരണം തനിക്ക് തന്റെ ഭാര്യയെ നഷ്ട്ടപെട്ടു എന്നാണ്.എന്ത് കൊണ്ടാണ് ആർട്ട് ഒഫ് ലിവിങ്ങ് എന്ന പേരിൽ ഇത് അറിയപെടുന്നതെന്നു മനസ്സിലാകുന്നില്ല. ഇതിനു ആർട്ട് ഒഫ് ലീവിങ്ങ് എന്നല്ലെ പറയേണ്ടത് എന്നാണ് പല സമ്പന്ന ഭർത്താക്കന്മാരും ചേദിക്കുന്നത് എന്നാണ് ശോഭാ ഡേയുടെ കമന്റ്.


ഇവിടെ ഇതാ മറ്റൊരു സ്വാമി പഞ്ചാഗ്നിമധ്യത്തിൽ ഘോര തപസ്സിനൊരുങ്ങുന്നു.  ലൈംഗിക വിവാദത്തോടെ 50 ദിവസത്തോളം അഴിയെണ്ണിയ സ്വാമി നിത്യാനന്ദയാണ് ആ വിരുതൻ. ലൈംഗിക കുറ്റവാളി എന്ന നിലയിൽ സംഭവിച്ച ആത്മീയക്ഷതത്തിൽ നിന്നുള്ള മോചനമാണ് ഘോരതപസ്സിലൂടെ ലക്ഷ്യം വെക്കുന്നത്.

മനസ്സിലാകാത്തത് കൊണ്ട് ചോദിക്കുകയാ: ഇവർക്കൊക്കെ, പതഞജലിയുടെ യോഗസൂത്രം വായിച്ചും പടിച്ചും ആരേഗ്യസാധ്യതകളും ജീവിതശാന്തിയും നേടിയാൽ പോരെ? മണ്മറഞ്ഞ പുണ്ണ്യപുരുഷന്മാർ പടിപ്പിച്ച ശാന്തിമന്ത്രം ഹ്രദിസ്തമാക്കി ജീവിതം സഭലമാക്കിയാൽ പോരെ? അതോ, ഇവർക്കൊന്നും മാർഗദർശനം കൊടുക്കാൻ ഇവർ വിശ്വസിക്കുന്ന മതഗ്രന്ഥങ്ങൾക്കാവാത്തത് കൊണ്ടാണോ ഇത്തരം ഹൈടെക്ക് ഗുരുക്കന്മാർക്ക് പിറകെ അന്തമില്ലാതെ പായുന്നത് ?

Tuesday, 25 May, 2010

അനുഭവം


                   ഇരുപത്തഞ്ചാണ്ടിൽ  “ഒരുട്രെയിൻ യാത്ര


യാത്രകൾ എന്നും ഒരു ഹരമായിരുന്നു എനിക്ക്.പക്ഷെ,എന്റെ യാത്രകളിലേറെയും ആശുപത്രികളിൽ നിന്നും ആശുപത്രികളിലേക്കായിരിന്നു. ആശുപത്രികളിൽ നിന്നുംഉയരുന്ന മരുന്നുകളുടെ രൂക്ഷഗന്ധം വേദനിക്കുന്നവരുടെയും വേദനയുടെയും ഗന്ധമാണെന്ന് തിരിച്ചറിഞ്ഞതോടെ, ആ ഗന്ധം സങ്കടപ്പെടുന്നവരുടെ ഗന്ധമാവുകയും അത് എന്റെ  ഇഷ്ട്ടങ്ങളുടെ പട്ടികയിൽ ഇടം നേടുകയും   ചെയ്തു .
പതിനെട്ടിന്റെ പടിവാതിൽക്കൽ വെച്ച് ഒരു മുട്ട് വേദനയുടെ രൂപത്തിൽ ഉടലെടുത്ത രോഗം ചലനങ്ങളുടെ ലോകത്ത് നിന്നും നിശ്ചലാവസ്ഥയുടെ കടും നിലങ്ങളിലേക്ക് എന്റെകാഴ്ച്ചകളെ എടുത്തെറിഞ്ഞു . അതോടെ, യാത്രകൾ ഒരു സ്വപ്നമായി. കാഴ്ച്ചകൾക്ക്  സുഖം പകരുന്ന കാടും, മേടും,കാട്ടരുവിയും; സ്വകാര്യസങ്കടങ്ങൾക്ക് ശമനമേകുന്നകടൽതീരവും തുടങ്ങി സകലമാനകാഴ്ച്ചകളും ഇരുപത്തൊന്നിഞ്ച് ചതുരപെട്ടിയിലൂടെ എന്റെ മുറിയിലേക്ക് ഒഴുകി നിറഞ്ഞു അങ്ങനെ,  എപ്പിസോടുകളിൽ നിന്നും എപ്പിസോടുകളിലൂടെ തൊട്ടറിയാനും അനുഭവിച്ചറിയാനുമാവാതെ ഞാനും ;.........ഒന്നര  കിലോമീറ്റർ മാത്രം ദൂരെയുള്ള റെയിൽ പാളത്തിലൂടെ രാത്രി വണ്ടികൾ പാഞ്ഞു പോകുമ്പോൾ കേൾക്കുന്ന ചൂളംവിളി ശബ്ദ്ദം രാത്രിനിശബ്ദ്ദതയിൽ, ബാത്ത്റൂമിന്റെ സ്വകാര്യതയിലേക്ക് ഞരങ്ങിനിറയുമ്പോൾ എന്റെ മനസ്സും അറിയാതെ പാഞ്ഞിട്ടുണ്ട് എവിടെക്കെന്നില്ലാതെ. പിന്നീട് ഒരു വാഹനം സ്വന്തമായിട്ട് ഉണ്ടായപ്പോൾ ട്രെയിനുകളെ അടുത്ത്നിന്നു ഏറെനേരം കാണുകയും എന്റെ ട്രെയിൻ  യാത്രയെന്ന ആഗ്രഹത്തെ ഉറക്കി കിടത്തുകയും ചെയ്യ്തു.
അനുഭവങ്ങളെയും  യാഥാർത്ഥ്യങ്ങളെയും തീക്ഷണമായി മനസ്സിലാക്കി തുടങ്ങിയപ്പോൾ    എന്റെ സഞ്ചാരപഥം ഗതിമാറി ഒഴുകുകയും അത് പിന്നീട്  എന്നെക്കാൾ സങ്കടപ്പെടുന്നവരുടെ പരുപരുത്ത പാതകൾ തേടി സഞ്ചരിച്ച് തുടങ്ങുകയും     ചെയ്യ്തിരുന്നു. കായംകുളത്ത് നിന്നും കോഴിക്കോട് ഫറോക്കിലേക്കുള്ള      യാത്ര തീർത്തും അപ്രതീക്ഷിതമായിരുന്നു. ഞാനും ഉമ്മയും, ബന്ധുവും അയൽ വാസിയുമായ മാണിക്യവും (മാണിക്യത്തിന്റെ യഥാർത്ത പേര് ഷറഫുദ്ദീൻ) കൂടി രാത്രി ഒമ്പതര മണിക്ക് കായംകുളംറെയിൽ വേ സ്റ്റേഷനിൽ എത്തി.  യാത്രയാക്കാൻ എന്റെ അളിയനും (brother in law)  ഉണ്ടായിരുന്നു . കാര്യമായ തയ്യാറെടുപ്പുകൾ ഒന്നും നടത്താതെയുള്ള ആ യാത്ര ഏറെ ബുദ്ധിമുട്ടുകൾ സമ്മാനിച്ചു. കാറിൽ നിന്നും വീൽചെയർ ഇറക്കി സഞ്ചാരയോഗ്യമാക്കി മാണിക്യം എന്നെയും കൊണ്ട് റെയിൽവേ സ്റ്റേഷന്റെ ഉള്ളിലേക്ക്. രണ്ടാമത്തെഫളാറ്റ്ഫോമിൽ എത്തുന്ന ട്രെയിനുവേണ്ടി റെയിൽ പാളം മുറിച്ചു കടന്നുള്ള ആ പോക്ക്, ഹോ.....കടുപ്പം. സഹായികളായി നിന്ന ട്രെയിനിലെ യാത്രികരായ രണ്ട് നല്ല സുമനസ്സുകൾക്ക് മനസ്സിൽ നന്ദി  നിറയുമ്പോൽ കൂട്ടുവന്ന മാണിക്യവും അളിയനും കൂടി ഫളാറ്റ്ഫോമിൽ നിന്നും കരിങ്കൽക്കൂട്ടത്തിലേക്ക്  വീൽ ചെയറിനോടൊപ്പം എന്നെയും ഇറക്കി വെച്ചു. ചീറിപാഞ്ഞുവരുന്ന ട്രെയിനിന് മുന്നിൽ മൂന്ന് ജീവൻ പൊലിയണ്ടാ എന്നും പറഞ്ഞ് ശടപടാന്ന്  വീൽചെയർ ഉയർത്തി ത്സടുതിയിൽ മുന്നോട്ട്... ദാ വീണു....മാണിക്യം. ഞാനൊന്ന് കുലുങ്ങിവിറച്ചു. മാണിക്യത്തിന്റെ മുട്ടിലെ തൊലി അല്പം പൊളിഞ്ഞിളകി പൊളിഞ്ഞ മുട്ടിനെ മറന്ന് മൂന്ന് ജീവൻ.......മൂന്ന് ജീവൻ......എന്ന് പറഞ്ഞ് വീണ്ടും എന്നെയും എടുത്തോണ്ടോടി.മറുകരയെത്തിയപ്പോൾ ഞാൻ വീണ്ടും രണ്ട് നല്ലമനസ്സുകൾക്ക് വേണ്ടി ഫളാറ്റ് ഫോമിലെ ജനക്കൂട്ടത്തിലേക്ക് നോക്കി.തത്സമയം രണ്ടുപേരുടെ കയ്യുകൾ എന്റെ വീൽചെയറിലേക്ക് നീണ്ടു വന്നു. ആരോടെന്നില്ലാതെ നന്ദി...വളരെനന്ദി...എന്നു ചൊല്ലി കൊണ്ടിരുന്നപ്പോൾ  ഞാൻ രണ്ടാമത്തെ ഫളാറ്റ് ഫോമിലേക്ക്  എത്തി.എന്നെയും കൊണ്ട് നാല്പതോളം പടികളുള്ള റെയിൽവേ മേൽ പാലം കയറിയിറങ്ങുക എന്ന കഠിനയത്നത്തിൽ നിന്നും രക്ഷനേടാനായിരുന്നു പാളം മുറിച്ച് കടക്കുക എന്ന   കുറുക്ക് വഴി തേടിയത്.(കുറുക്ക് വഴി തേടിയതിന് റെയിയിൽവേ നിയമങ്ങളോട് മാപ്പ്). മാപ്പ്ചൊല്ലിതിരിഞ്ഞപ്പോൾ, നട്ടെല്ലിന് പിടിത്തം വീണതിനാൽ നടുവിന് കൈ ഊന്നി നിൽക്കുന്ന അളിയനും മുട്ടിൽനിന്നും ചോരതുടക്കുന്നമാണിക്യവും. അത് കാണെ മൻസ്സിലൊരു മുഴക്കം:വേണ്ടായിരുന്നുഒന്നുംവേണ്ടായിരുന്നു” ‘ങ്ങ്ഹാ...കുളിക്കാനിറങ്ങിയതല്ലേ ഇനിനനഞ്ഞിട്ട്കയറാം’(പഴഞ്ചൊല്ലിനൊരുതിരുത്ത്)എന്നപൊതുഅഭിപ്രായത്തിൽ ഞങ്ങൾക്കുള്ളകമ്പാർട്ട്മെന്റിന്റെ സ്ഥാനം നിർണയിച്ച് വീൽചെയർ ഉരുണ്ടു. അതാ,കണ്ണൂർഎക്സ്പ്രസ്സ്.എല്ലാഅവശതകളും മറന്ന്,സഹായികളുടെ കരുത്തിൽ ഞാനും,ഉമ്മയും,മാണിക്യനും ഞങ്ങൾക്കുള്ള കമ്പാർട്ട്മെന്റിൽ.
അസ്സലാമു അലൈക്കും(ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ)അളിയൻ കൈ ഉയർത്തി യാത്രയാക്കുമ്പൊൾ ടെയിൻ മുന്നൊട്ട് നീങ്ങി തുടങ്ങി.നിന്ന് തിരിയാൻ ഇടമില്ലാത്തിടത്ത് ഞങ്ങൾ അവർക്കൊപ്പം. ഞാൻ വീൽചെയറിൽ ഒരു കാരണവരെപോലെ.ഇതിനിടയിൽ എന്റെ ഉമ്മ,പാവം ഉമ്മ സങ്കടങ്ങൾ മാത്രം തിന്നാനും വിളമ്പാനും വിധിക്കപ്പെട്ട ഉമ്മ ഒന്നിരിക്കാൻ ഒരിത്തിരി സ്ഥലത്തിനു പരതി. ഒടുവിൽ അല്പ സ്ഥലം എന്റെ സമീപം ഒപ്പിച്ചു . ട്രൈയിനിന്റെ ഉള്ളിലെത്തിപെടാൻ ഞങ്ങൾ അനുഭവിച്ച ഉൾക്കിടുലത്തിന് അല്പം ശമനമായപ്പോൾ പുറത്തെ കാഴ്ചകളിലേക്ക്  മിഴിനീട്ടി. ഇരുട്ട് വിഴുങ്ങിയ കാഴ്ച്ചകൾക്ക് ആശ്വാസമായി ഇലക്ട്രിക്ക് ലാമ്പുകളുടെ പാൽ വെളിച്ചം  മാത്രം കാണനായി. കാഴ്ച്ചകൾമങ്ങിയ കണ്ണിൽ നിന്നും മനസ്സ് പിന്നിലേക്ക് ചൂളം വിളിച്ച് പാഞ്ഞു. ഇരുപത്തഞ്ച് വർഷം പിന്നിലേക്ക്. അസുഖം വന്ന് ഏതാണ്ട് ഒരു വർഷം തികയുമ്പോൾ ഒരു പതിനെട്ട്കാരനും കൂട്ടരും നടത്തിയ ബാം ഗളൂർ യാത്ര. ഒരു മഹാ വൈദ്യനെ കാണനുള്ള യാത്ര.മഹാരഷ്ട്രയിലെ സാംഗിളി സ്വദേശിയായ  മാന്ത്രികകരങ്ങളുള്ള യശ്വന്തിനെതേടിയുള്ള ബാംഗളൂർ യാത്ര. (അന്നത്തെ വനിതമാസികയുടെ കവർ സ്റ്റോറിയായിരുണു മാന്ത്രികകരങ്ങളുള്ള യശ്വന്ത്.)  അന്ന് ഒരു കാലിന് മാത്രമേ അസുഖം ഉണ്ടായിരുന്നുള്ളു. പിന്നീട്,കാലങ്ങൾ മറിയുമ്പോൾ ഒരു
കാലിൽ നിന്നും ഒട്ടും നടക്കാൻ കഴിയാത്ത അവസ്തയിലേക്കും പിന്നെ,വീൽചെയറിലേക്കുമുള്ള പരിണാമം മാത്രം. ചിന്തകൾ മുറുകി നിറഞ്ഞപ്പോൾ കണ്ണുകൾ സജലങ്ങളായി. ഞാൻ കണ്ണുകൽ ഇറുക്കെ പൂട്ടി .

സഹയാത്രികരുടെ ശബ്ദ്ദത്തെയും ചേഷ്ട്ടകളെയും വേർതിരിച്ച്  ചിന്തിച്ചിരിക്കുമ്പോൾ  എന്റെ കാഴ്ച്ച പുറത്തെ ഇരുട്ടിലേക്ക് നീണ്ടു.... നിശബ്ദ്ദദയിലാണ്ടങ്ങനെ കിടക്കുന്ന വമ്പൻ കെട്ടിടങ്ങളും, ചെറുവീടുകളും, കടകളും പിന്നിലേക്ക് ഓടി മറയുന്നു. കോട്ടയം, എറണാകുളം, ഷൊർണ്ണൂർ, പൊന്നാനി, തിരൂർ... അങ്ങനെ ഒട്ടനവധി റെയിൽവെ സ്റ്റേഷന്റെ പേരുകൾ വഹിക്കുന്ന ബോർഡുകൾ കണ്ടുകണ്ടങ്ങനെ
ഫറേക്ക് സ്റ്റേഷനിലെത്തി. അപ്പൊഴെക്കും, കാഴ്ച്ചകളും വെളുത്തിരുന്നു.

ഞങ്ങളുടെ കമ്പാർട്ട്മെന്റ് ഏറ്റവും പിന്നിലായിരുന്നു. സഹയാത്രികരുടെ സഹായത്താൽ ഫറേക്ക് സ്റ്റേഷനിലിറങ്ങിയ ഞാൻ ഞെട്ടി. സ്റ്റേഷന്റെ കവാടത്തിലെത്താൻ ഏതാണ്ട് അര കിലോമീറ്ററിലതികം ദൂരം താണ്ടണം. ഞാൻ ഉമ്മയോട് ചോദിച്ചു: നടക്കാമോ?   നടക്കാതെ പറ്റില്ലന്ന് അറിയാം. എങ്കിലും; അപ്പോഴും ഞാൻ വെറുതെ പറഞ്ഞ്,  വേണ്ടായിരുന്നു ഈയാത്ര. മാണിക്യം എന്നെയും കൊണ്ട് വീൽചെയർ ഉരുട്ടിതുടങ്ങി. സ്പീഡ് കൂടിയപ്പോൾഞാൻ മാണിക്യത്തിനേട് പറഞ്ഞ്കൊണ്ടിരുന്നു.   പതുക്കെ പതുക്കെ,ഉമ്മ ഇന്നലെ ഒരു പോളകണ്ണടച്ചിട്ടില്ല പ്രഷറും ഷുഗറും ഉള്ള കക്ഷിയാണ്.തലകറങ്ങാനും വീഴാനും സാധ്യത ഉണ്ട്. മാണിക്യം തിരിഞ്ഞ്നോക്കി കൊണ്ട്
പറഞ്ഞു: കുഴപ്പമില്ല, ഉമ്മ വളരെ സ്പീഡിൽ നടന്ന് വരുന്നുണ്ടന്ന് പറയുകയും സ്പീഡിൽ തന്നെ എന്റെ വീൽചെയർ ഉരുട്ടുകയും ചെയ്യതു. എന്റെ മനസ്സിൽ ഉമ്മായിക്കുള്ള പ്രാ‍ർത്ഥന നിറഞ്ഞ് കൊണ്ടിരുന്നു.
സ്റ്റേഷന്റെ പ്രധാന കവാടത്തിലെത്തിയ ഞങ്ങൾ ഉമ്മയെ ഒരു ബെഞ്ചിലിരുത്തി.ഞാൻ, സ്വാന്തനം സാംസ്ക്കാരിക വേദിയുടെ സംഘാടകനായ ഗഫൂറിക്കയെ  വിളിച്ചു. എന്നെ വിളിക്കാൻ വാഹനം എത്തിക്കാം എന്ന ആശ്വാസത്തിൽ ഞങ്ങളിരുന്നു.
കോഴിക്കോടൻ ഹൽവയുടെ മണം അടിക്കുന്ന പ്രാധാന വീഥിയിലൂടെയുംപൊളിഞ്ഞിളകിയ റോഡിലൂടെയും ഞങ്ങൾ ഗഫൂറിക്കായുടെ വീടിനെ ലക്ഷ്യമാക്കി നീങ്ങി. വീട്ടിലെത്തി, ഒന്ന് ഫ്രഷായി, അല്പനേരം വിശ്രമിച്ചു,പ്രാതൽ കഴിച്ചു. ശേഷം, സാംസ്ക്കാരിക വേദിക്കാരുടെ ജീപ്പിൽ സ്നേഹ സംഗമവേദിയായ ചാലിയം ഹയർ സെക്കന്ററി സ്ക്കൂൾഗ്രൌണ്ടിലേക്ക്.
(അങ്ങനെ ജീവിതത്തിലാദ്യമായി ജീപ്പ് യാത്രയും നടത്തി).
അവിടെ, ഞങ്ങൾ സങ്കടങ്ങൾ പങ്ക് വെച്ചും, പ്രതീക്ഷയോടെ മുന്നേറാൻ പരസ്പരം ഊർജ്ജം പകർന്നും....... വീൽചെയറുകളുടെയുംമുച്ചക്രവണ്ടികളുടെയും, വാക്കിങ് സ്റ്റിക്കുകളുടെയും ഇടയിൽ, ഉദ്ഘാടകനായ എം. എൽ. എ സൈമൺ ബ്രിട്ടോയുടെ   ജീവിതാനുഭവങ്ങൾ ശ്രവിച്ചും അക്ഷര വെളിച്ചത്തിലൂടെ വെള്ളിലക്കാട്ടെ വെള്ളിനക്ഷത്രമായി മാറിയ 
റാബിയയുടെ സ്വാന്തനമെഴികൾ കേട്ടും ഞാനിരുന്നു. ഒപ്പം, എല്ലാം കണ്ടും കേട്ടും കണ്ണ്നിറഞ്ഞും എന്റെ ഉമ്മയും, ഞങ്ങളുടെ മാണിക്യവും.കാഴ്ച്ച ഇല്ലാത്തവരുടെ ഗാനമേള കേട്ടും, കണ്ണുള്ളവരുടെ മാജിക്ക് ഷോ കണ്ടും, നല്ല മനസ്സുകാരായ കൂറെ ഏറെ മനുഷ്യരെ പരിചയപെട്ടും വൈകുന്നേരത്തോടെ സംഘാടക സമിതിയോട് യാത്ര പറഞ്ഞ് അവരുടെ വാഹനത്തിൽ ഞങ്ങൾ ഫറോക്ക് സ്റ്റേഷനിൽ.

മടക്കയാത്രയിൽ, ഇരുട്ട് വിഴുങ്ങിയ പുറംകാഴ്ച്ചകൾ പിന്നിലേക്ക് മറയുമ്പോൾ വെറുതെ മനസ്സ് കലങ്ങി. രേഗം എന്റെ ശരീരത്തിനോട് ചേർന്ന നാൾ മുതൽഇന്നുവരെ ഇരുപത്തേഴ് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ഇനി എത്ര നാൾ...മനസ്സ് നിറയെ ജീവിതസങ്കടങ്ങളുടെ പെരുമഴക്കാലം പെയ്ത് നിറഞ്ഞ് കൊണ്ടിരുന്നു.

പോയതിനേക്കാൾ ഇത്തിരി പ്രയാസങ്ങൾ താണ്ടി കായംകുളത്ത് തിരിച്ചെത്തി.ഫ്ലാറ്റ്ഫോം മുറിച്ച് ഇക്കര താണ്ടാൻ സഹായിച്ച പോലീസ്കാരനെയും, പോർട്ടറെയും ചെറുപുഞ്ചിരിയോടും നന്ദിയോടും ഞാൻ കൈ ഉയർത്തികാട്ടി, ഞങ്ങളുടെകാറിനടുത്തെക്ക് നീങ്ങി .വന്മരങ്ങളുടെ തണല് പറ്റികിടന്ന കാറിനെ കണ്ടപ്പോൾ ഞങ്ങൾ മൂവരും ഉള്ള് തുറന്ന് ചിരിച്ച്പോയി. (അങ്ങനെ യാത്രാഭാരം മുഴുവൻ ചിരി മഴയിൽ ഒലിച്ചു.) കാക്കയും പ്രാവും മറ്റ് അരുമപക്ഷികളുടും കൂടി കാറിന്റെ ഒരിഞ്ച് സ്ഥലം പോലുംബാക്കി വെക്കാതെ കാഷ്ട്ടിച്ച്...കാഷ്ട്ടിച്ച്... ഒരു മോഡേൻചിത്രംപോലെ കുളമാക്കിയിരിക്കുന്നു. ബാക്കിവന്ന ദാഹജലം ഉപയോഗിച്ച് ഗ്ലാസ്സിലുള്ള  കാഷ്ട്ടം ഒരുവിധം കഴുകി ഇറക്കി വൈപ്പറിട്ട് രണ്ട് പിടി പിടിച്ചപ്പോൾ കാറിനുള്ളിൽ നിന്നും കാഴ്ച്ച നീ‍ണ്ടു....(അരുമ പക്ഷികൾ കാഷ്ട്ടിച്ച കാറിന്റെ ഒരു പടം എടുക്കാൻ മറന്നത് കാക്കകാഷ്ട്ടം പോലെ മനസ്സിലുണ്ട്)

വീട്ടിലെത്തി ഒന്നു ഫ്രഷ് ആയി കട്ടിലിൽ കിടക്കുമ്പൊൾ മനസ്സിൽ നിറയെ സ്നേഹമയിയായ എന്റെ ഉമ്മ മാത്രമായിരുന്നു. ഒരു വൻ മരം പോലെ വളർന്ന് തണലും തണുപ്പുമായി നിൽക്കുന്ന ഉമ്മമരം(അമ്മമരം). അസഹനീയമായ മുട്ട് വേദനയാൽ അമ്പത് ചുവടുകൾ വെച്ചാൽ എത്താൻ മാത്രം ദൂരമുള്ളഞങ്ങളുടെ തറവാട്ട് വീട്ടിലേക്ക് പോകാൻ പോലും മടിക്കുന്ന ഉമ്മ 32 , മണിക്കൂറിനുള്ളിൽ എത്ര ചുവടുകൾ വെച്ചുകാണും... യാത്രാ ക്ഷീണത്താൽ ഞാൻ ഉമ്മയുടെ കാൽക്കൽ തല വെച്ചു കിടന്നു.