Monday, 31 December, 2012

രണ്ടായിരത്തിപതിമൂന്നിൽ...........

രണ്ടായിരത്തിപതിമൂന്നിൽ ………
               
                    ജന്മം ജീവിച്ച് തീർക്കുക എന്നത് തന്നെ സാഹസമാണ്.(?) എങ്കിലും ജീവിക്കാനും ജീവിതം സന്തോഷപ്രദമാക്കാനുമുള്ള ആഗ്രഹം ബഹുഭൂരിപക്ഷത്തിനും ഉള്ളത് കൊണ്ട് ഈ ലോകം ഇത്ര മനോഹരമായി പോകുന്നുഈ മധുരമനോഹര ലോകത്ത് സ്വന്തം ജീവിതത്തെ മനോഹരമാക്കുക എന്ന ലക്ഷ്യത്തോടെ ചുവടുകൾ മുന്നോട്ട് വെക്കുമ്പോൾ.; ജീവിതം തിരക്കുകളിലാവുമ്പോൾ, നമ്മളിൽ പലരും പലതും മറക്കുക പതിവാണ്. എന്തിനും ന്യായം “സമയക്കുറവ്” എന്ന പതിവ് പല്ലവിയും. ഈ ‘സമയക്കുറവ്’ തിരിച്ചറിയുന്നവരിൽ നല്ലൊരു പക്ഷത്തിന് എന്തൊക്കൊയോ നന്മ നഷ്ട്ടപ്പെടുന്നില്ലയോ എന്നൊരു തോന്നൽ, ആത്മാവിൽ  ചെറുനൊമ്പരമായും ചിലർക്ക് നിലവിളിയായും ബോധ്യപ്പെടുന്നു.
                
                “തിരക്കിൽ നിന്നും തിരിച്ച് വരാനാവത്തവിധം ഞെരുക്കത്തിൽ അമരും മുമ്പ്” തിരിഞ്ഞ് നിന്ന് ഇത്തിരിനേരം ചിന്തിക്കേണ്ടതുണ്ട് എന്ന് ഓരോ നന്മ നിറഞ്ഞ മനസ്സുകളും തിരിച്ചറിയുക. ചുറ്റുപാടുകൾ ശബ്ദമുഖരിതവും ആഘോഷസമൃദ്ധവുമെങ്കിലും നമുക്കിടയിൽ ചില തേങ്ങലുകളും സങ്കടങ്ങളും നിറഞ്ഞിരിക്കുന്നു. അത്തരക്കാർക്ക് ആശ്വാസത്തിന്റെ നറുനിലാവ് പകരുക. നല്ല വാക്കുകൾ പറഞ്ഞ് സന്തോഷിപ്പിക്കുക. സന്താപത്തിന്റെ വേളകളിൽ ആശ്വാസവചനങ്ങൾ നേരുക. ഇതൊക്കെ എത്രമാത്രം ആശ്വാസകരമെന്ന് അനുഭവസ്ഥരായ ചില സുഹൃത്തുക്കൾ തന്നെ പറഞ്ഞിട്ടുണ്ട്. അവർ ജീവിതത്തിന്റെ നല്ലകാലത്തിൽ നിന്നും വീണ്പോയവരാണ്.
                
                  ജീവിതത്തിൽ പ്രഥമപരിഗണന നൽകുന്നത് ഒരു സർക്കാർജോലി,അല്ലെങ്കിൽ മറ്റേതെങ്കിലും തൊഴിൽ നേടുക എന്നതിനാണ്. സാമ്പത്തികഭദ്രതയും സാമ്പത്തിക സുസ്ഥിരതയും വേണ്ടത് തന്നെ. സാമ്പത്തിക സുരക്ഷ ഉണ്ടെങ്കിലേ മാനസിക ഊർജ്ജം നമ്മിൽ നിറയു. ഇങ്ങനെ നിറയുന്ന ഊർജ്ജം സ്വാർഥതയിൽ മാത്രം തളച്ചിടരുത്. പലപല കാരണങ്ങൾ കൊണ്ട് ജീവിതത്തിൽ സങ്കടപ്പെടുന്നവർ അനേകമുണ്ട്. അത്തരക്കാർക്ക് കഴിവിന്റെ പരിധിയിൽ നിന്ന് കൊണ്ട് നമുക്ക് ഓരോരുത്തർക്കും എന്ത് ചെയ്യാൻ കഴിയുമെന്ന് ചിന്തിക്കുക. ചിന്തകൊണ്ട് മാത്രം മതിയാകില്ല. ചിന്തയുടെ അമ്പത് ശതമാനമെങ്കിലും പ്രവർത്തിപഥത്തിൽ എത്തിക്കുകയും വേണം.പ്രതിസന്ധികളിൽ പതറാതെ മുന്നേറണമെങ്കിൽ ചലനലോകത്തിന്റെ ചാലകശക്തി കഷ്ട്ടതയുടെയും ദു:ഖത്തിന്റെയും ലോകത്തേക്ക് കൂടി വീശേണ്ടതുണ്ട്. വളരെ ചെറിയ സഹായമാണെങ്കിൽ കൂടിയും അത്തരക്കാർക്ക് വളരെ വലിയ ആശ്വാസവും പ്രതീക്ഷയുമാവുമത്.

നമുക്ക് പ്രതിക്ജ്ഞ പുതുക്കാം, “ഈ പുതുവർഷത്തിൽ നമ്മിൽ തുടിക്കുന്ന നന്മ, കഷ്ട്ടതകളൂടെയും പ്രയാസങ്ങളുടെയും മേഖലകളിലേക്ക് പെയ്ത് തീരാത്ത സഹായപ്രവാഹമായി പ്രവർത്തിക്കും    വിനിയോഗിക്കും എന്ന്.”

Tuesday, 14 August, 2012

യുവത്വം


യുവത്വം

മൂഡത്വം
ഒരുതരം ഓർമകുറവാണ്
ആശയകുഴപ്പവും
ഷണ്ഡത്വം
ഡിക്ഷണറി അർഥത്തിനപ്പുറം
പ്രതികരണകുറവും.
കണ്ടിട്ടും
കേട്ടിട്ടും
കൊണ്ടിട്ടും
തൊലിപ്പുറം മാത്രം ചിന്തിച്ച്
വികാരം
വേലിയേറ്റമാക്കി
ചാറ്റിംങ്ങിലും
ഡേറ്റിംങ്ങിലും
മെസ്സേജിലും
കുരുങ്ങിപ്പറിഞ്ഞ്
നിലത്തേക്ക്
നിലയില്ലാ കയത്തിലേക്ക്
ഒരുതരം ഓർമകുറവിലേക്ക്

Tuesday, 5 June, 2012

വരണ്ടകാഴ്ച്ചകൾ

വർത്തമാനകാല പരിപ്രേക്ഷ്യം
ഉപഭോഗ സംസ്കാര തൃഷ്ണയിൽ
കുടുംബ ബന്ധങ്ങൾ
തൻപോരിമയിലും
തൻകാര്യത്തിലും
സ്നേഹശൂന്യമാം കപടനാട്യത്തിലും
                   ജാതി-മത ചിന്തകൾ സമൃദ്ധം
                   വർഗീയ തിമിരം
                   കാഴ്ച്ചയിൽ
                   കേൾവിയിൽ
                   ചിന്തയിൽ
                    വിഷം നിറക്കുന്നു
ചേർത്ത് വെക്കപ്പെടുന്ന മുഖങ്ങളിൽ
സംശയത്തിൻ മുനകൂർത്ത അസ്ത്രങ്ങൾ
ഇവിടെ,
അശ്ലീലതയും
അധാർമികതയും
കൊലവെറികളും
ഗ്ലോബലൈസ് ചെയ്യപ്പെടുന്നു
                   അങ്ങനെ,
                   അടുക്കളയും
                   അഥിതി മുറിയും
                   നടുറോഡും
                   അന്ധകാര സമ്പുഷ്ട്ടമായി കൊഴുക്കുന്നു
ഞാൻ എവിടെയാണ്
കൂരിരുട്ടിൽ കാഴ്ച്ചകൾ മങ്ങുന്നു
ഒരു സൂചി പഴുതിൽ കൂടി

                  Thursday, 3 May, 2012

കവിത

പൂരിപ്പിക്കേണ്ടത്
മഴക്കും
വെയിലിനും
വായുവിനും
പിന്നെ,
രക്തത്തിനും
ജാതിയില്ല
മതവുമില്ല
എങ്കിലും,
നീയും
ഞാനും
ഇരു ധ്രുവങ്ങളില്‍
മനസ്സേ
പറയുക
ഭൂമി ഒന്നേയുള്ളു.
http://smsadiqsm.blogspot.com

Sunday, 26 February, 2012

യുക്തിചിന്തയും തിരുകേശവും യുക്തിചിന്തയും തിരുകേശവും

                         ഞാൻ വിശ്വസിക്കുന്ന, എന്റെ മതത്തെ കുറിച്ച് വലിയ അറിവുകളെന്നുമില്ലാത്ത ഒരു സാധാരണക്കാരന്റെ യുക്തിചിന്ത: ഇസ്ലാം മതത്തെ അറിഞ്ഞ് വിമർശിക്കാനും, ഇസ്ലാം മതത്തെ പഠിച്ച് വിശ്വസിക്കാനും ഏതൊരാൾക്കും അവകാശമുണ്ട്. എന്നത് പോലെ, വേദഗ്രന്ഥം കത്തിക്കുന്നതിനെയോ അതിൽ മൂത്രമൊഴിക്കുന്നതിനെയോ (അത് ഏത് മതസ്ഥരുടെ ആണെങ്കിലും ആരാണെങ്കിലും) ഒരിക്കലും അംഗീകരിക്കാനാകില്ല.അത്തരം കുബുദ്ധികൾക്ക് മാനസാന്തരം ഉണ്ടാവാൻ നിരന്തരം പ്രാർഥിക്കുകയും ചെയ്യുന്നു.
                             ങ്കിലും, ചിലനേരങ്ങളിൽ ചിലത് കാണുമ്പോൾ ചിലത് അറിയുമ്പോൾ എന്തെങ്കിലും പറയാതിരിക്കാൻ നിർവ്വാഹമില്ലാത്ത അവസ്ഥയിലെത്തും. അത്തരം അവസ്ഥക്ക് കാരണവും ഞാൻ വിശ്വസിക്കുന്ന വിശുദ്ധ വേദഗ്രന്ഥം തന്നെ. അതിൽ “യുക്തിചിന്തയെ” കുറിച്ച് അനേക തവണ ഓർമിപ്പിക്കുന്നുണ്ട്. പ്രവാചകന്റെ മുടിയെ കുറിച്ച് ന്യായങ്ങൾ ചമയ്ക്കാൻ (തിരുകേശ സൂക്ഷിപ്പുകാർക്ക്) അവകാശമുണ്ടെന്നതിനോടൊപ്പം ; എന്റെ യുക്തിചിന്ത എന്നെ കൊണ്ട് മറിച്ച് ചിന്തിക്കാനും പ്രേരിപ്പിക്കുന്നു. “മത മേധാവികൾ രാഷ്ട്രീയത്തിൽ ഇടപെടുന്നതിനെ കുറ്റപ്പെടുത്തുന്നതിനോടൊപ്പം അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തിരിച്ച് വരികയാണെന്നും അക്കൂട്ടത്തിൽ ഏത് മുടിയും കത്തുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ലന്നും, സി.പി.എം സംസ്ഥാന ജനറൽ സെക്രട്ടറി പിണറായി വിജയൻ “ സത്യത്തിൽ ഈ പ്രസ്താവനയുടെ നേർക്ക്നേരെയുള്ള അർഥം തിരുകേശം വെറും തട്ടിപ്പാണെന്നും അന്ധവിശ്വാസവുമാണെന്നല്ലേ ? അത് തന്നെയല്ലേ സത്യവും ? ഇങ്ങനെ സത്യവും അസത്യവും വേർതിരിച്ചറിയാൻ പ്രയാസപ്പെടുമ്പോൾ സംശയത്തിന്റെ നൂലിഴയിൽ തൂങ്ങിയാടുന്നതിനെ പൂർണ്ണമായി വിട്ട് ‘ഏകദൈവം‘ എന്ന പരമമായ സത്യത്തിൽ അഭയം തേടുന്നതല്ലേ അഭികാമ്യം. പ്രവാചകന്റെ വഴിയും അത് തന്നെയല്ലേ?
                               ന്റെ യുക്തിചിന്തകൾ ഈ വഴിക്കു നീളുമ്പോൾ നമ്മുടെ മുഖ്യമന്ത്രി ബഹു: ശ്രീ ഉമ്മൻ ചാണ്ടിയുടെ യുക്തിചിന്തയെയെ കുറിച്ച് ചിന്തിക്കുന്നതും നന്നായിരിക്കും. പ്രവാചകന്റെ മുടി കത്തുമോ എന്നതിനെ കുറിച്ച് തനിക്കറിയില്ലന്നും ഇക്കാര്യത്തിൽ സി.പി.എം സംസ്ഥന സെക്രട്ടറി പിണറായി വിജയന്റെ അത്ര പാണ്ഡ്യത്യം തനിക്കില്ലെന്നും മുഖ്യമന്ത്രി . മുടി കത്തുമോ എന്നറിയാൻ പാണ്ഡ്യത്യം വേണമോ എന്ന് ചോദിച്ചപ്പോൾ , സാധാരണ മുടിയെ കുറിച്ചല്ലല്ലോ തർക്കമെന്നും മുഖ്യമന്ത്രി.മുഖ്യമന്ത്രിയുടെ ഈ യുക്തിചിന്തയിൽ “വോട്ടിന്റെ“ കുപ്പിവളകിലുക്കം കേൾക്കുന്നില്ലേ ?
                          വിഗ്രഹങ്ങൾ പാല് കുടിക്കുന്നതും വിഗ്രഹത്തിൽ നിന്നും പാല് കിനിയുന്നതും, ക്രൂശിത രൂപങ്ങളിൽ നിന്നും രക്തം പ്രവഹിക്കുന്നതും ചില കാലങ്ങളിൽ സംഭവിക്കാറുണ്ട്. അത് കാണാൻ ഭക്തജനങ്ങൾ പ്രവഹിക്കാറുമുണ്ട്. പക്ഷെ,അതിനൊന്നും ഉണ്ടാവാത്ത തരത്തിൽ മുടി വിശേഷം കൊഴുക്കുകയും സർവ്വവ്യാപിയാവുകയും ചെയ്യുന്നു. കാലങ്ങൾക്കും സമയങ്ങൾക്കും വിഘ്നങ്ങൾ ഉണ്ടാവാറുണ്ട് എന്ന് ചില മതവിശ്വാസികൾ വിശ്വസിക്കുന്നു. എന്നാൽ,എല്ലാ നന്മകളും കഷ്ട്ടതകളൂം ദൈവത്തിൽ നിന്നുള്ളതാണെന്നും എല്ലാ വിഘ്നങ്ങൾക്കുമുള്ള ശമനം നിരന്തര പ്രാർഥനയാണെന്നും പഠിപ്പിക്കുന്നു ഇസ്ലാം. ആ പ്രാർഥനകളൊക്കൊയും മുടി പ്രതിഷ്ട്ടിച്ച പള്ളിയോടും ഖബറിടങ്ങളോടുമല്ലന്നും ,മുടിയിട്ട വെള്ളം കുടിക്കുന്നതോ ഖബറിടങ്ങൾ തൊട്ട് വണങ്ങി പ്രാർഥിക്കുന്നതോ അല്ലെന്നും അങ്ങനെ പാടില്ലന്നും പഠിപ്പിക്കുന്ന ഇസ്ലാമിക പ്രത്യയശാസ്ത്രത്തിൽ “മുടിയിട്ട് വിരകി” വൃത്തികേടാക്കാൻ ശ്രമിക്കുന്ന ബഹുമാനിത പണ്ഡിതന്മാർ ഒരു നിമിഷം ചിന്തിക്കുക. കാരുണ്യത്തിന്റെയും ലാളിത്യത്തിന്റെയും സമാധാനത്തിന്റെയും സൌരഭ്യം പടർത്തിയ ഒരു മഹാപ്രവാചകനെ മുടിയുടെ പേരിൽ ഇങ്ങനെ നിസാരവൽക്കരിക്കരുതേ.
                              നാല് പാടുനിന്നും തീവ്രവാദി ഭീകരവാദി എന്നാർത്ത് വിളിച്ച് പലരും പരിഹസിക്കുമ്പോൾ കുത്തിമുറിപ്പെടുത്തുമ്പോൾ ഞാൻ ഭീകരവാദിയല്ല ഞാൻ തീവ്രവാദിയല്ല എന്ന് നിരന്തരം മറ്റുള്ളവരെ പറഞ്ഞ് വിശ്വസിപ്പിക്കുവാൻ പെടാപാട് പെടുന്ന വർത്തമാനകാല പശ്ചാത്തലത്തിൽ, ഇനിയെങ്കിലും മുടി പ്രശ്നവും കൈ കെട്ട് പ്രശ്നവും മതിയാക്കി “ഇസ്ലാം = ശാ‍ന്തി” എന്ന ശാന്തിമന്ത്രത്തിൽ നമ്മുടെ മുഖം നാടിന് മുന്നിൽ വെളിപ്പെടുത്താം. കാരണം, ഏതാനും ദിവസം മുമ്പ് ചിരപരിചിതനായ ഒരു ഹൈന്ദവസുഹൃത്ത് എന്നേട് യാദൃശ്ചികവശാൽ പറഞ്ഞു: “നിങ്ങൾ ബോംബിന്റെ ആൾക്കാരല്ലേ ?” (ഒരു പക്ഷെ , ആ സുഹൃത്ത് വെറും തമാശയായി പറഞ്ഞതാവാം. എങ്കിലും അവരുടെ ചുറ്റുവട്ടങ്ങളിൽ  നമ്മെ അറിയുന്നത് അങ്ങനെയാവാം.  പത്ര-ദൃശ്യ മാധ്യമങ്ങൾ കൂടി അത്തരത്തിൽ വാർത്തകൾ നിരത്തുമ്പോൾ ഇങ്ങനെ അല്ലാതെ എങ്ങനെ ആവും?)  അത് കേൾക്കേ എന്റെ മനസ്സ് സ്ങ്കടപ്പെട്ടു. 
                          ങ്ങനെ സങ്കടപെടുകയും  പ്രതികരിക്കുകയും  ചെയ്യുന്ന കോടിക്കണക്കിന് സമാന മനസ്ക്കരെ അരക്ഷിതബോധത്തിൽ നിന്നും കൈപിടിച്ചുയർത്താൻ യക്ത്നിക്കുകയല്ലേ കരണീയം ? അത്ര പാണ്ഡ്യത്യമില്ലാത്ത സാധാരണക്കാരെ തട്ടുകളായി തിരിച്ച് തട്ടിക്കളിക്കുന്ന ഇത്തരം പണ്ഡിതന്മാർക്ക് എന്ത് ശിക്ഷയാവും ബാക്കിവെച്ചിട്ടുണ്ടാവുക എന്ന് എന്റെ യുക്തി എന്നെകൊണ്ട് വെറുതെ ചിന്തിപ്പിക്കുന്നു.
                                                                            


http://smsadiq.blogspot.com