Thursday 24 June, 2010

രണ്ട് കഥകൾ

പ്രഹേളിക

വിപിനമധ്യത്തിൽ പണിതുയർത്തിയ പർണ്ണശാലയിൽ പതിവ് പോലെ ഗുരുജി ചമ്രംപിണച്ചിരുന്ന് ജ്ഞാനമനസ്സോടെ കണ്ണുകളടച്ച് പ്രപഞ്ചത്തിന്റെ ഗൂഡാർഥങ്ങളെ കുറിച്ച് ചിന്തിച്ചു.

സന്തത സഹചാരിയും സേവനതല്പരനുമായ ശിഷ്യൻ ധർമപാലൻ അപ്പോൾ ഗുരുജിയോട് ചോദിച്ചു . “ നമ്മുടെ സിദ്ദാർതഥനു യാതൊരു കുഴപ്പവുമില്ലായിരുന്നല്ലോ; പിന്നെന്തെ ഇങ്ങനെ ഒരു മാറ്റം….?”

വനമധ്യത്തിലെ നിഗൂഡനിശബ്ദ്ദതയിൽ രുദ്രാക്ഷമാലയിൽ വിരലുകൾ തെറുത്ത് കയറ്റികൊണ്ട് പ്രസ്തുത ചോദ്യത്തിനുള്ള ഉത്തരത്തിനായി ഗുരുജി കണ്ണുകളടച്ച് ധ്യാനനിരതനായി….

ജപമനസ്സുമായി ഗുരുജി ഉത്തരത്തിനായി പരതികൊണ്ടിരുന്നപ്പോൾ, അങ്ങ് ദൂരെ നഗരമധ്യത്തിലെ നിബിഡമായ കോൺക്രീറ്റ് കാടുകൾക്കിടയിൽ തിളങ്ങുന്ന സൂര്യന് കീഴെ നിന്ന് കൊണ്ട് സിദ്ദാർതഥൻ ആരോടെന്നില്ലാതെ വിളിച്ച് പറഞ്ഞു: “ സൂര്യൻ ഒന്ന് ഉദിച്ചിരുന്നെങ്കിൽ, ഇവിടം മുഴുവൻ എന്തൊര് ഇരുട്ടാണ്”

                                      

അജ്ഞാത തീരങ്ങളിലേക്ക്

                    
മനുഷ്യപുത്രന്മാർ ഭൂമിക്കും ആകാശത്തിനും മദ്ധ്യത്തില്‍  നീന്തിപറന്നു; അല്ല, വെള്ളതുള്ളികളെയും വെള്ളാരം കല്ലുകളെയും തട്ടിതെറുപ്പിച്ച് ആഹ്ലാദാരവങ്ങളോടെ അവർ ഒഴുകി…

പക്ഷെ, അവർ അറിഞ്ഞതും അറിയാത്തതായി ഭാവിച്ചതുമായ സത്യം അവർക്ക് മുന്നിൽ ഒളിഞ്ഞിരുന്നു. ആ അജ്ഞാത സത്യത്തിൽ അവർ ചെന്നിടിച്ചു. ഇടിയുടെ ശക്തിയാൽ അവരുടെ ചിറകുകൾ ഒടിഞ്ഞു  സ്തബ്ധരായ അവർ മുകളിലേക്ക് നോക്കി.

കുത്തനെയുള്ള മഞ്ഞ് മലകൾ അവരുടെ മുന്നിൽ തല ഉയർത്തി നിൽക്കുന്നു. ജീവിതം കൊതിച്ച അവർ ആ മഞ്ഞ് മലകളിൽ അള്ളിപിടിച്ച് കയറി.അതിന്റെ നെറുകയിൽ കുത്തിയിരുന്നു ശ്വാസം വിട്ടു.

അവരുടെ നിശ്വാസം കേട്ട് വിറങ്ങലിച്ച മഞ്ഞ്മലയെ തഴുകി അവരുടെ കണ്ണ്നീർ ഒഴുകി ഇറങ്ങി. ആ കണ്ണുനീർ കറുത്തപുഴയായി ഭൂമിയിൽ പരന്നു! ചുറ്റും വെള്ളത്താൽ മൂടപ്പെട്ട മഞ്ഞ്മലയിൽ അവർ,വിദൂരതയിൽ മിഴിനട്ട് കൂനിപിടിച്ചിരുന്നു.

കാലപ്രവാഹത്തിൽ, ചുറ്റുപാടുകളിൽ അനേകം കല്ലുമലകൾ ഉയർന്നു. ചലനങ്ങളുടെ ശക്തി അവിടങ്ങളെ ജീവസ്സുറ്റതാക്കി.

കല്ലുമലകളെ മറന്ന മഞ്ഞുമല അവരെയും കൊണ്ട് ഉരുകാൻ തുടങ്ങി… ലോകം മറന്ന മഞ്ഞ്മലകൾ, പുഴയുടെ ആഴങ്ങളിലൂടെ അവരെയും കൊണ്ട് ഒഴുകി………

“—അജ്ഞാത തീരങ്ങളിലേക്ക്”



(ഈ രണ്ട് കഥകളും യുവസരണി മാസികയിലൂടെ വെളിച്ചം കണ്ടത്. ആദ്യത്തേത് എത്ര സൂര്യൻ ഒന്നിച്ചുതിച്ചാലും ഇവിടുത്തെ അന്ധകാരം അവസാനിക്കില്ലാ എന്നും രണ്ടാമത്തെത്, അനവധി  ദ്രഷ്ടാന്തങ്ങൾ കണ്ടാലും അറിഞ്ഞാലും പിന്നെയും അഹങ്കരിക്കുന്നവർ വെറും മഞ്ഞ്മലകൾ പോലെ എന്നും.)