Monday, 2 August 2010

                                 ഓണവും പണവും തമ്മിലെന്ത് ......?

‘കാണം വിറ്റും ഓണമുണ്ണണം’ എന്ന ചിരപുരാതന ചൊല്ലിലേ അന്തരാർഥത്തെ ഉള്ളറിഞ്ഞ് ഉൾകൊണ്ട് മലയാളികൾ ഓണാഘോഷം സമ്പന്നമാക്കാറുണ്ട്. സാമ്പത്തിക ഭദ്രതയിൽ കഴിയുന്നവർക്ക് ഒന്നും വിൽക്കാതെ തന്നെ ഓണം ഉണ്ണാം. പക്ഷെ, വിൽക്കാനൊന്നുമില്ലാത്ത പാവങ്ങൾ എന്ത് വിറ്റ് ഓണമുണ്ണും ? സ്വന്തം വൃക്ക വിറ്റോ അതോ സ്വന്തം ശരീരം വിറ്റോ? സമ്പത്തിക ദുരന്തത്തിന്റെ ഉച്ചസ്ഥായിയിൽ , തൊഴില്ലായ്മയുടെ രൂക്ഷതയിൽ കേരളം വരളുമ്പോൾ മലയാളിയുടെ ഓണം ഇനി എങ്ങനെ ആകും ? ഓണാഘോഷങ്ങളിലേക്ക് ഓണസങ്കടങ്ങളിലേക്ക് ഞാൻ എന്റെ വണ്ടിയുമായി  ഒന്ന് ചുറ്റി…… ഒരല്പനേരം കൺതുറന്നു……

ഗതകാല സ്മൃതികളും ഗ്രഹാതുരത്വവും സമ്മാനിച്ച് ഓരോ ഓണവും കടന്നെത്തുമ്പോൾ കൈവിട്ട്പോയ ഗ്രാമവിശുദ്ധിയെക്കുറിച്ചും സാംസ്കാരിക തനിമയെക്കുറിച്ചും മറ്റും മലയാളികളിൽ പലരും പത്രമാസികകളിലൂടെയും, റ്റി. വി. സ്ക്രീനിലൂടെയും ഇപ്പോൾ ഇന്റെർനെറ്റിലൂടെയും  പതിവായി സങ്കടപ്പെടുന്നു (എന്നെ പോലെ).
                          ഓണം…… നഷ്ട്ടസ്വപ്നങ്ങളുടെ നൊമ്പരക്കാടുകൾ, ഗൃഹാതുരത്വത്തിന്റെ നനുത്ത സ്പർശങ്ങൾ, തിരിച്ചറിയാൻ കഴിയാത്ത് ഏതോ ഒരു അപൂർവ്വത. ഓർമകളിൽ ഓണം പൊയ്തിറങ്ങുകയാണ്……….
                                              
          
 വർഷത്തിലൊരിക്കൽ മലയാളികൾ എല്ലാം മറന്നുണരാൻ കൊതിക്കുന്ന ഓണക്കാലം. അത് കൊണ്ടാണ് ഞാൻ, "ഓണം വന്നോണം വന്നോണം വന്നേ …" എന്ന പാട്ടും മൂളി നഗരഹൃദയത്തിലേക്കിറങ്ങിയത്. ഒരു സൌഹൃദസല്ലാപത്തിന് .
                                                തുടക്കം ഗൌരവത്തിലായിരിന്നു.
                                               “ ഓണം നമുക്കെന്നും എന്തു തന്നു.
                                                 ഒരാണ്ട് നീളും കിനാക്കള്‍ തന്നു "
പ്രൊഫ: മധുസൂദനൻ നായരുടെ വരികൾ ചൊല്ലിക്കൊണ്ട് ബിരുദാനന്തര ബിരുദധാരിയും
സർക്കാരുദ്ധ്യോഗസ്ഥനും അദ്ധ്യാപകജോലിയിൽ പ്രാവിണ്യവുമുള്ള ജി. ബിനുജി ഇങ്ങനെ പറഞ്ഞു : “ വിളവെടുപ്പുത്സവ-മെന്ന നിലയിലായാലും അവിശ്വസനീയമായ അവതാരകഥയുടെ രൂപത്തിലായാലും ഓണം ഒരു വർഷത്തെ തിരക്കുകൾക്കിടയിൽ കിട്ടുന്ന ഒരു ആശ്വാസമാണ്, വിശ്രമമാണ്, സന്തോഷമാണ്. ഇത്തരം ഒരു സന്തോഷത്തിന്റെ കാലം വേണ്ടത് തന്നെയെന്നാണ് ബിനുജിയുടെ പക്ഷം.“ പണമുള്ളവർ ഓണക്കാലത്ത് കുറച്ചധികം പണം ധൂർത്തടിച്ച് കളയുന്നുണ്ട്. പക്ഷെ അത് കണ്ട് പണമില്ലാത്തവരും ധൂർത്തിന് ശ്രമിക്കുന്നത് തന്നെ വിഷമിപ്പിക്കാറുണ്ടെന്നും ഈ ഓച്ചിറ സ്വദേശി കൂട്ടിചേർത്തു.

                              “ഓ…… എന്റെ മനസ്സിൽ ഓണവുമില്ല, ഓണസ്മൃതിയുമില്ല… എല്ലാം പോയി…” ഓണത്തെകുറിച്ച്, ഓണാഘോഷത്തെ കുറിച്ച് രണ്ട് വാക്കെന്ന് പറഞ്ഞപ്പോൾ ഓട്ടോ സ്പെയേർസ്സിന്റെ ഉടമയും ഒരു ഫിനാന്‍സിംഗ്  സ്ഥാപനത്തിന്റെ ഉടമയുമായ സനൽകുമാർ വേവലാതിപെട്ടു. “ പക്ഷെ, അതിൽ സങ്കടമുണ്ടായിരുന്നോ എന്നൊന്നും നിശ്ചയമില്ല. ബിസ്സിനസ്സിന്റെ സാദ്ധ്യതയിൽ ജാഗ്രതയോടെ ശ്രദ്ധയൂന്നുന്ന സനൽകുമാറിന് ഓണം രണ്ട് ദിവസ്സത്തെ അവധി മാത്രം. ഇതിനിടയിൽ വീട്ടുകാരോടൊത്ത് ഇത്തിരി ഓണാഘോഷവും.
                                    
കോളേജ് വിദ്യാർഥിനിയായ ഗായത്രിയുടെ ഓണത്തിന് ഒരു കാമ്പസ്  മണമാണ്." കാമ്പസ്സിൽ
ഞങ്ങൾ പരസ്പരം ആശംസകൾ നേരുന്നു. എന്റെ ബസ്റ്റ് ഫ്രണ്ട് മൂംതാസിനെ ഓണാഘോഷത്തിന് ക്ഷണിക്കുന്നു, റ്റി. വി. യിലെ അടിപൊളി ഓണപരിപാടികൾ മനസ്സ് നിറയെ കാണുന്നു… ആസ്വദിക്കുന്നു… മാവേലിതമ്പുരാന്  റ്റാറ്റ പറയുന്നു." ഇവിടെ ഗൃഹാതുരത്വവുമില്ല സങ്കടവുമില്ല. ഒരു പൈങ്കിളിട്ടച്ചിൽ പുള്ളിക്കാരി ഓണാഘോഷത്തെ കുറിച്ച് പറഞ്ഞ് നിർത്തി.
                           
 മൈക്കാട് പണിക്കാരി ശാന്തച്ചേച്ചിക്ക് "‘ എന്തോന്ന് ഓണം എന്നാണ് ‘ ഓണത്തിന്റന്നും പണിക്ക് പോയാലെ ജീവിക്കാൻ കഴിയു എന്ന അവസ്ഥയാണ് . “പിന്നെ ഉള്ളത് കൊണ്ട് ഓണം പോലെ“ എന്ന് പറഞ്ഞത് പോലെ എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടും. ഓണം കഴിയുമ്പോൾ കടം മിച്ചം. " അവരുടെ നെറ്റിയിൽ നിന്നും എല്ലാത്തരം ക്ലേശങ്ങളും വായിച്ചെടുക്കാനായി. മനസ്സ് പറഞ്ഞു: “പാവം ചേച്ചി.“
                          
അധ്യാപകനായ സന്തോഷിന് ഓണം ഗൃഹാതുരത്വത്തിന്റെ നനുത്ത സ്പർശം തന്നെയാണ്. പക്ഷെ, ഇപ്പോഴത്തെ ഓണം റെഡിമെയിട് ഓണമാണെന്നാണ് കഷിയുടെ വിലയിരുത്തൽ. വർഷത്തിലൊരിക്കൽ വന്ന് ചേരുന്ന ഓണത്തെ മലയാളികൾ ഒരു ചടങ്ങായി കണ്ട് ഫാസ്റ്റ് ഫുഡിൽ ഒതുക്കുകയാണെന്ന് സന്തോഷ് സങ്കടപെടുന്നു. ഓർമയിലെ ഓണം …… അതൊരു ആവേശമായിരിന്നു. വീട്ടുകാരോടൊത്ത് കൂട്ടുകാരാടൊത്ത് ആർപ്പുവിളികളുമായി വയൽ വരമ്പുകളിലൂടെ പാറിനടന്നിരുന്ന കാലം. ആ നല്ല നാളുകൾ ഓർമയിൽ മാത്രം.സന്തോഷ് മനസ്സ് തുറന്ന് ഗതകാല സുകൃതത്തിലേക്ക് സഞ്ചരിച്ചു……

                                    ഞങ്ങളുടെ ഓണത്തിന് മീനിന്റെ മണമാണ് കുഞ്ഞെ. ഞങ്ങളുടെ വീട്ട് പടിക്കൽ മീൻ കൊണ്ട് വരുന്ന ഗോപിചേട്ടന്റെ ഓണത്തിന് മീനിന്റെ മണമാണെന്ന് ഞാനും തിരിച്ചറിഞ്ഞു. ഗോപിചേട്ടൻ പറയുകയാ: പണമുള്ളവന് എന്നും ഓണമാ… പണമില്ലാത്തവന് ഒരൊറ്റ ഓണം. “ കടം വാങ്ങിയുള്ള ഓണം” മാവേലി തമ്പുരാൻ നേരിട്ട് വന്നാലും ഞങ്ങളുടെ ഒക്കെ ഗതി ഇതുതന്നെയാണെന്നും പറഞ്ഞ് ഓഹോ……. ഓഹോ… എന്നും നീട്ടി വിളിച്ച് മീൻ കുട്ട കാലിയാക്കാൻ യാത്രയായി.

നാളെയാണ് … നാളെയാണ്…. നറുക്കെടുപ്പ് നാളെയാണ്… അടുത്തെത്തിയപ്പോൾ തന്നെ കൈകാട്ടി നിറുത്തി ഒരു ഓണം ബമ്പർ ടിക്കറ്റെടുത്തു (ഞാനല്ല കൂടെ വന്ന എന്റെ സുഹൃത്ത്, എന്റെ ഭാഗ്യം, എന്നോടൊത്തുള്ളത് കൊണ്ട് ഞാൻ ഭാഗ്യകുറി എടുക്കാറില്ല) ഞാൻ ചേദിച്ചു . എങ്ങനെയുണ്ടാശാനെ ഓണം ബമ്പറിന്റെ വിൽ‌പ്പന? ങ്ങ്ഹാ….. വെറുമൊരു മൂളൾ മാത്രം. ആമൂളലിൽ ഒരു നിർഭാഗ്യവാന്റെ തേങ്ങലുണ്ടായിരുന്നുവോ…? ഭാഗ്യം വിൽക്കുന്നവന്റെ നിർഭാഗ്യങ്ങൾ…. പ്രാരബ്ദങ്ങൾ…. എല്ലാം........ മരത്തിൽ നിന്നും വീണ് നട്ടെല്ല് തകർന്ന ആ ലോട്ടറി വില്പനക്കാരനിലുണ്ടായിരുന്നു. ഞരങ്ങി നീങ്ങുന്ന ആ ട്രൈ സൈക്കിളിൽ ഒത്തിരി- ഒത്തിരി സ്വപ്നങ്ങളും കരിവാളിച്ച് കിടന്നു.

പി.എസ്. സി ടെസ്റ്റ് എഴുതിയെഴുതി ലിസ്റ്റിൽ കടന്ന് കൂടിയിട്ടും ജോലി സാദ്ധ്യത നീണ്ട് നീണ്ട് പോകുന്നതിൽ കുപിതരായ രണ്ട് ചെറുപ്പക്കാർ എന്നോട് പറഞ്ഞു. “പണമുണ്ടെങ്കിൽ ഓണവും, പെരുന്നാളും, ക്രിസ്തുമസ്സും എല്ലാം കാണും.ഇല്ലെങ്കിൽ ഒരു പിണ്ണാക്കും കാണില്ല. ഒരു സിഗററ്റ് വലിക്കണമെങ്കിൽ ആരെയെങ്കിലും ഓസണം. അതാ സ്ഥിതി. പിന്നെന്ത് ഓണം? അവരുടെ രോഷത്തിൽ പതഞ്ഞ് ഞങ്ങൾ വീട്ടിലേക്ക് തിരിക്കുമ്പോൾ ദാ… എതിരെ “ മാവേലി നാട് വാണീടും കാലം മാനുഷരെല്ലാരും ഒന്ന് പോലെ…

കള്ളവുമില്ല ചതിയുമില്ല എള്ളോളമില്ല പൊളിവചനവും…..” എന്ന ഓണപാട്ടും പാടി വന്ന ഒരു പറ്റം കോളേജ് വിദ്യാർഥികളോട് ചോദിച്ചു: “ ഈ വിധമൊരു കാലമുണ്ടായിരുന്നോ…? “ആ… അറിയില്ല.“ ഇനി അത്തരം ഒരു കാലം ഉണ്ടാവുമോ..? “ ആ…അതും അറിയില്ല”

നാഷണൽ ഹൈവെയിൽ നിന്നും വണ്ടി തിരിച്ചിറക്കി വീടിന്റെ പോർച്ചിലേക്ക് കയറി ഉമ്മായെ വിളിച്ച് വീൽചെയറിന് കാത്തിരിക്കുമ്പോൾ ഞാൻ ആലോചിച്ചു; കള്ളവും, ചതിയും, പൊളിവചനങ്ങളും, ലൈംഗിക-പീഡനങ്ങളും, സ്ത്രീ പീഡങ്ങളും, മദ്യദുരന്തവും, സെക്സ്-ബ്ലൂ ഫിലിം റാക്കറ്റും, കോഴയും, കൈക്കൂലിയും, കൊലപാതങ്ങളും, വർഗീയതയും, മതതീവ്രവാദവും, ഫാഷിസവും, വൃക്കക്കച്ചവടവും, മഴനൃത്തവും, ആഗോളകുത്തക തമ്പ്രാക്കന്മാരും ഒക്കെ കൂടി ദൈവത്തിന്റെ  സ്വന്തം നാടിനെ വസ്ത്രാക്ഷേപം ചെയ്യുമ്പോൾ ഭാവിയെ കുറിച്ചോർത്ത് കുറെയേറെ സുമനസ്സുകൾ ഇവിടെ അശാന്തഹൃദയരാവുകയാണ്.
എങ്കിലും," ആശംസകൾ…….ആശംസകൾ……. ഓണാശംസകൾ……."