Wednesday, 7 September, 2011

ഓണവും ചില ക്ലിഷ്ട്ട ചിന്തകളും


  

ഗതകാല സ്മൃതികളും ഗൃഹാതുരത്വവും സമ്മാനിച്ച് ഓരോ ഓണവും കടന്നെത്തുമ്പോൾ ; കൈവിട്ട് പോയ ഗ്രാമവിശുദ്ധിയെകുറിച്ചും സാംസ്കാരിക തനിമയെ കുറിച്ചും മലയാളികളിൽ പലരും പത്ര-ദൃശ്യ മാധ്യമങ്ങളിലൂടെയും ബ്ളോഗിലൂടെയും  ഫെയിസ് ബുക്കിലൂടെയും മറ്റും പതിവായി സങ്കടങ്ങടപ്പെടുന്നു.നെറ്റിയിൽ വരകുറിയും കാർകൂന്തലിൽ തുളസികതിരും അണിഞ്ഞ് വരുന്ന ഗ്രാമീണ സൌന്ദര്യങ്ങൾ ഇവിടെ അന്യം നിന്നിട്ട് കാലമേറെയെന്ന് മാധ്യമങ്ങളിലൂടെയും പ്രസംഗപീഡങ്ങളിലൂടെയും പലരും  പരിതപിക്കുന്നു. ദശപുഷ്പങ്ങളേതെന്ന് പോലും തിരിച്ചറിയാത്ത പുതുതലമുറ പ് ളാസ്റ്റിക്ക് പുഷ്പങ്ങൾക്ക് പിന്നാലെ പായുമ്പോൾ ,പ് ളാസ്റ്റിക്കിന്റെ  ദുർഗൻഡത്തിൻ (ദുരുപയോഗത്തിൽ) മനം മടുക്കുമ്പോൾ നാം ചിന്തിക്കേണ്ടത്, പരിസ്ഥിതിക്ക് പ്രശ്നകാരിയായ ഈ പ് ളാസ്റ്റിക്കിനെതിരെ വിരലുയർത്തുകയും ശബ്ദിക്കുകയും ചെയ്യേണ്ടതില്ലേ ?എന്നാണ്. (സ്വന്തം ജീവിതത്തിൽ നിന്നെങ്കിലും പ് ളാസ്റ്റിക്കിനെ നമുക്ക് ഒഴിവാക്കാം.)

ചില വരേണ്യർക്കുള്ള സങ്കടം ഇവിടെ പറയാതിരിക്കാതെ തരമില്ല. അവർക്കുള്ള സങ്കടം തന്റെ തിരുമുറ്റത്ത് അല്ലെങ്കിൽ തമ്പ്രാക്കന്മാരുടെയും ജന്മിമാരുടെയും പിന്നാമ്പുറത്ത് ,കാഴ്ച്ച വെക്കാനും കാഴ്ച്ച സ്വീകരിക്കാനും ഓശ്ചാനിച്ച് നിൽക്കാനും (നിന്നിരുന്ന) അടിയാളവർഗം അന്യനിന്ന് പോയല്ലോ എന്നാണ്. (അവർ പുരാതനമായ ചില സുന്ദരസ്വപ്നങ്ങളിൽ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നവരാണ്. അവർ മാനുഷരെല്ലാം ഒന്നുപോലെ എന്ന മഹത്തായ മാവേലിതത്വത്തിന് പുറം തിരിഞ്ഞ് നിൽക്കുന്നവരാണ്(?).


ഇത്തരം കുറെ ക് ളിഷ്ട്ട ചിന്തകൾ ഓണക്കാലം അപഹരിക്കുമ്പോൾ വർത്തമാനകാല ഓണം, ഹൈ – ടെക്ക്  ഓണമായും ഇൻസ്റ്റന്റ് ഓണവിഭവങ്ങളായും കമ്പോളവും അകത്തളവും അടക്കി വാഴുകയാണ്. ഇതിനൊക്കെ പുറമെ ആഹ് ളാദസമൃദ്ധമായ പരിപാടികൾ കൊണ്ട് മലയാളക്കരയിലെ ആബാലവൃദ്ധം മലയാളികളെയും നേരെ ചൊവ്വേ ശ്വാസം വിടാൻപോലും അനുവദിക്കാതെയാണ് ചാനലുകാർ വരിഞ്ഞ് മുറുക്കുന്നത്. താരകിന്നാരം , താരകൊഞ്ചൽ, താരകോമടി, കോമടി തില്ലാന, തുടങ്ങി സിനിമയെ ഇഴപിരിച്ചും കൂട്ടിപ്പിരിച്ചും കൊത്തിനുറുക്കിയും ചേരുമ്പടി ചേർത്തും അവിയലും ഓലനും ഉപ്പേരിയും അടപ്രഥമനും ഒക്കെ ആയി വിളമ്പിതരുകയല്ലേ ? ഒപ്പം മാവേലിയെ പോലും വിഡ്ഡിവേഷം കെട്ടിച്ച് എഴുന്നുള്ളിക്കുന്നു. ഇത് കണ്ട് നമ്മുടെ അകത്തളങ്ങളൊന്നാകെ ചിരിയുടെ മാലപ്പടക്കം തീർക്കുന്നു. (ഈ ഞാനും) അത് വെയ്യ് ഇത് വെയ്യ് എന്നും പറഞ്ഞ് റിമോട്ട് കൺട്രോളിന്  പ്രായഭേദമില്ലാതെ പിടിവലികൂടുകയാണ്. ഇതിനിടയിലെന്ത് ഓണമാഹാത്മ്യം (?)

ആമ്പൾ തണ്ടിനെ മാലയാക്കി കഴുത്തിലണിഞ്ഞിരുന്ന ശൈശവത്തിന്റെ കളിമ്പം പോലും ഇന്റർ നെറ്റിൽ കുരുങ്ങി കിടക്കുമ്പോൾ ഓണത്തെക്കുറിച്ച് വരുംതലമുറക്ക്  നഷ്ട്ടസ്വപ്നങ്ങൾ പോലും കാണുമോ ? ഓണം എന്നവാക്ക് പോലും അപ്പോഴേക്കും റിഡക്ഷൻ സെയിലിൽ വിൽക്കപ്പെട്ട് കഴിഞ്ഞിരിക്കും (?) ഓണത്തിന്റെ പോറ്റ്ന്റ് പോലും ലോക ബാങ്കോ ആഗോളകുത്തക തമ്പ്രാക്കളോ കൈവശപ്പെടുത്തിയാലും അതിശയിക്കാനില്ലാത്ത വിധമാണ് നമ്മുടെ സാമ്പത്തികാവസ്ഥ കുതിക്കുന്നത്. ഒടുവിൽ, “This year onam sponsored by aagola kutthaka thmpraakkl” എന്നോ മറ്റോ ആയേക്കാം.എന്ന് വെച്ചാൽ അവർ നൽകുന്ന കിറ്റിന് അനുസൃതമായി നാം മലയാളികൾ ഓണം ആഘോഷിക്കണം. ചിലപ്പോൾ അതിൽ തിരുവാതിര കളിക്ക് പകരം മഴനൃത്തമാകും ഉണ്ടാവുക.

പ്രിയപ്പെട്ടവരെ ക്ഷെമിക്കുക. ഇതൊരു ദോഷൈകദൃക്‌ക്  സമീപനമല്ല. ആത്മബോധത്തിന്റെ തിരിച്ചറിവുകളിലേക്ക്  യാഥർത്ഥ്യങ്ങളുടെ സൂചി തിരിച്ച് വെക്കുമ്പോൾ ഇതിൽ കുറച്ച് സത്യം ഇല്ലേ എന്ന് നിങ്ങൾക്കും തോന്നാം. അത് കൊണ്ട് ഇത്തരം ചില വിപരീതാർഥങ്ങൾ നമ്മിലുണ്ടാവുന്നത് നന്ന്. എന്തെന്നാൾ ഇത് മാറുന്ന കാലത്തിന്റെ നേരറിവുകളാണ്.
                                   എങ്കിലും ;

                                                
ഓണാശംസകളോടെ…….. നിറസമൃദ്ധമായ ഓണാശംസകൾ………..