Tuesday, 25 May, 2010

അനുഭവം


                   ഇരുപത്തഞ്ചാണ്ടിൽ  “ഒരുട്രെയിൻ യാത്ര


യാത്രകൾ എന്നും ഒരു ഹരമായിരുന്നു എനിക്ക്.പക്ഷെ,എന്റെ യാത്രകളിലേറെയും ആശുപത്രികളിൽ നിന്നും ആശുപത്രികളിലേക്കായിരിന്നു. ആശുപത്രികളിൽ നിന്നുംഉയരുന്ന മരുന്നുകളുടെ രൂക്ഷഗന്ധം വേദനിക്കുന്നവരുടെയും വേദനയുടെയും ഗന്ധമാണെന്ന് തിരിച്ചറിഞ്ഞതോടെ, ആ ഗന്ധം സങ്കടപ്പെടുന്നവരുടെ ഗന്ധമാവുകയും അത് എന്റെ  ഇഷ്ട്ടങ്ങളുടെ പട്ടികയിൽ ഇടം നേടുകയും   ചെയ്തു .
പതിനെട്ടിന്റെ പടിവാതിൽക്കൽ വെച്ച് ഒരു മുട്ട് വേദനയുടെ രൂപത്തിൽ ഉടലെടുത്ത രോഗം ചലനങ്ങളുടെ ലോകത്ത് നിന്നും നിശ്ചലാവസ്ഥയുടെ കടും നിലങ്ങളിലേക്ക് എന്റെകാഴ്ച്ചകളെ എടുത്തെറിഞ്ഞു . അതോടെ, യാത്രകൾ ഒരു സ്വപ്നമായി. കാഴ്ച്ചകൾക്ക്  സുഖം പകരുന്ന കാടും, മേടും,കാട്ടരുവിയും; സ്വകാര്യസങ്കടങ്ങൾക്ക് ശമനമേകുന്നകടൽതീരവും തുടങ്ങി സകലമാനകാഴ്ച്ചകളും ഇരുപത്തൊന്നിഞ്ച് ചതുരപെട്ടിയിലൂടെ എന്റെ മുറിയിലേക്ക് ഒഴുകി നിറഞ്ഞു അങ്ങനെ,  എപ്പിസോടുകളിൽ നിന്നും എപ്പിസോടുകളിലൂടെ തൊട്ടറിയാനും അനുഭവിച്ചറിയാനുമാവാതെ ഞാനും ;.........ഒന്നര  കിലോമീറ്റർ മാത്രം ദൂരെയുള്ള റെയിൽ പാളത്തിലൂടെ രാത്രി വണ്ടികൾ പാഞ്ഞു പോകുമ്പോൾ കേൾക്കുന്ന ചൂളംവിളി ശബ്ദ്ദം രാത്രിനിശബ്ദ്ദതയിൽ, ബാത്ത്റൂമിന്റെ സ്വകാര്യതയിലേക്ക് ഞരങ്ങിനിറയുമ്പോൾ എന്റെ മനസ്സും അറിയാതെ പാഞ്ഞിട്ടുണ്ട് എവിടെക്കെന്നില്ലാതെ. പിന്നീട് ഒരു വാഹനം സ്വന്തമായിട്ട് ഉണ്ടായപ്പോൾ ട്രെയിനുകളെ അടുത്ത്നിന്നു ഏറെനേരം കാണുകയും എന്റെ ട്രെയിൻ  യാത്രയെന്ന ആഗ്രഹത്തെ ഉറക്കി കിടത്തുകയും ചെയ്യ്തു.
അനുഭവങ്ങളെയും  യാഥാർത്ഥ്യങ്ങളെയും തീക്ഷണമായി മനസ്സിലാക്കി തുടങ്ങിയപ്പോൾ    എന്റെ സഞ്ചാരപഥം ഗതിമാറി ഒഴുകുകയും അത് പിന്നീട്  എന്നെക്കാൾ സങ്കടപ്പെടുന്നവരുടെ പരുപരുത്ത പാതകൾ തേടി സഞ്ചരിച്ച് തുടങ്ങുകയും     ചെയ്യ്തിരുന്നു. കായംകുളത്ത് നിന്നും കോഴിക്കോട് ഫറോക്കിലേക്കുള്ള      യാത്ര തീർത്തും അപ്രതീക്ഷിതമായിരുന്നു. ഞാനും ഉമ്മയും, ബന്ധുവും അയൽ വാസിയുമായ മാണിക്യവും (മാണിക്യത്തിന്റെ യഥാർത്ത പേര് ഷറഫുദ്ദീൻ) കൂടി രാത്രി ഒമ്പതര മണിക്ക് കായംകുളംറെയിൽ വേ സ്റ്റേഷനിൽ എത്തി.  യാത്രയാക്കാൻ എന്റെ അളിയനും (brother in law)  ഉണ്ടായിരുന്നു . കാര്യമായ തയ്യാറെടുപ്പുകൾ ഒന്നും നടത്താതെയുള്ള ആ യാത്ര ഏറെ ബുദ്ധിമുട്ടുകൾ സമ്മാനിച്ചു. കാറിൽ നിന്നും വീൽചെയർ ഇറക്കി സഞ്ചാരയോഗ്യമാക്കി മാണിക്യം എന്നെയും കൊണ്ട് റെയിൽവേ സ്റ്റേഷന്റെ ഉള്ളിലേക്ക്. രണ്ടാമത്തെഫളാറ്റ്ഫോമിൽ എത്തുന്ന ട്രെയിനുവേണ്ടി റെയിൽ പാളം മുറിച്ചു കടന്നുള്ള ആ പോക്ക്, ഹോ.....കടുപ്പം. സഹായികളായി നിന്ന ട്രെയിനിലെ യാത്രികരായ രണ്ട് നല്ല സുമനസ്സുകൾക്ക് മനസ്സിൽ നന്ദി  നിറയുമ്പോൽ കൂട്ടുവന്ന മാണിക്യവും അളിയനും കൂടി ഫളാറ്റ്ഫോമിൽ നിന്നും കരിങ്കൽക്കൂട്ടത്തിലേക്ക്  വീൽ ചെയറിനോടൊപ്പം എന്നെയും ഇറക്കി വെച്ചു. ചീറിപാഞ്ഞുവരുന്ന ട്രെയിനിന് മുന്നിൽ മൂന്ന് ജീവൻ പൊലിയണ്ടാ എന്നും പറഞ്ഞ് ശടപടാന്ന്  വീൽചെയർ ഉയർത്തി ത്സടുതിയിൽ മുന്നോട്ട്... ദാ വീണു....മാണിക്യം. ഞാനൊന്ന് കുലുങ്ങിവിറച്ചു. മാണിക്യത്തിന്റെ മുട്ടിലെ തൊലി അല്പം പൊളിഞ്ഞിളകി പൊളിഞ്ഞ മുട്ടിനെ മറന്ന് മൂന്ന് ജീവൻ.......മൂന്ന് ജീവൻ......എന്ന് പറഞ്ഞ് വീണ്ടും എന്നെയും എടുത്തോണ്ടോടി.മറുകരയെത്തിയപ്പോൾ ഞാൻ വീണ്ടും രണ്ട് നല്ലമനസ്സുകൾക്ക് വേണ്ടി ഫളാറ്റ് ഫോമിലെ ജനക്കൂട്ടത്തിലേക്ക് നോക്കി.തത്സമയം രണ്ടുപേരുടെ കയ്യുകൾ എന്റെ വീൽചെയറിലേക്ക് നീണ്ടു വന്നു. ആരോടെന്നില്ലാതെ നന്ദി...വളരെനന്ദി...എന്നു ചൊല്ലി കൊണ്ടിരുന്നപ്പോൾ  ഞാൻ രണ്ടാമത്തെ ഫളാറ്റ് ഫോമിലേക്ക്  എത്തി.എന്നെയും കൊണ്ട് നാല്പതോളം പടികളുള്ള റെയിൽവേ മേൽ പാലം കയറിയിറങ്ങുക എന്ന കഠിനയത്നത്തിൽ നിന്നും രക്ഷനേടാനായിരുന്നു പാളം മുറിച്ച് കടക്കുക എന്ന   കുറുക്ക് വഴി തേടിയത്.(കുറുക്ക് വഴി തേടിയതിന് റെയിയിൽവേ നിയമങ്ങളോട് മാപ്പ്). മാപ്പ്ചൊല്ലിതിരിഞ്ഞപ്പോൾ, നട്ടെല്ലിന് പിടിത്തം വീണതിനാൽ നടുവിന് കൈ ഊന്നി നിൽക്കുന്ന അളിയനും മുട്ടിൽനിന്നും ചോരതുടക്കുന്നമാണിക്യവും. അത് കാണെ മൻസ്സിലൊരു മുഴക്കം:വേണ്ടായിരുന്നുഒന്നുംവേണ്ടായിരുന്നു” ‘ങ്ങ്ഹാ...കുളിക്കാനിറങ്ങിയതല്ലേ ഇനിനനഞ്ഞിട്ട്കയറാം’(പഴഞ്ചൊല്ലിനൊരുതിരുത്ത്)എന്നപൊതുഅഭിപ്രായത്തിൽ ഞങ്ങൾക്കുള്ളകമ്പാർട്ട്മെന്റിന്റെ സ്ഥാനം നിർണയിച്ച് വീൽചെയർ ഉരുണ്ടു. അതാ,കണ്ണൂർഎക്സ്പ്രസ്സ്.എല്ലാഅവശതകളും മറന്ന്,സഹായികളുടെ കരുത്തിൽ ഞാനും,ഉമ്മയും,മാണിക്യനും ഞങ്ങൾക്കുള്ള കമ്പാർട്ട്മെന്റിൽ.
അസ്സലാമു അലൈക്കും(ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ)അളിയൻ കൈ ഉയർത്തി യാത്രയാക്കുമ്പൊൾ ടെയിൻ മുന്നൊട്ട് നീങ്ങി തുടങ്ങി.നിന്ന് തിരിയാൻ ഇടമില്ലാത്തിടത്ത് ഞങ്ങൾ അവർക്കൊപ്പം. ഞാൻ വീൽചെയറിൽ ഒരു കാരണവരെപോലെ.ഇതിനിടയിൽ എന്റെ ഉമ്മ,പാവം ഉമ്മ സങ്കടങ്ങൾ മാത്രം തിന്നാനും വിളമ്പാനും വിധിക്കപ്പെട്ട ഉമ്മ ഒന്നിരിക്കാൻ ഒരിത്തിരി സ്ഥലത്തിനു പരതി. ഒടുവിൽ അല്പ സ്ഥലം എന്റെ സമീപം ഒപ്പിച്ചു . ട്രൈയിനിന്റെ ഉള്ളിലെത്തിപെടാൻ ഞങ്ങൾ അനുഭവിച്ച ഉൾക്കിടുലത്തിന് അല്പം ശമനമായപ്പോൾ പുറത്തെ കാഴ്ചകളിലേക്ക്  മിഴിനീട്ടി. ഇരുട്ട് വിഴുങ്ങിയ കാഴ്ച്ചകൾക്ക് ആശ്വാസമായി ഇലക്ട്രിക്ക് ലാമ്പുകളുടെ പാൽ വെളിച്ചം  മാത്രം കാണനായി. കാഴ്ച്ചകൾമങ്ങിയ കണ്ണിൽ നിന്നും മനസ്സ് പിന്നിലേക്ക് ചൂളം വിളിച്ച് പാഞ്ഞു. ഇരുപത്തഞ്ച് വർഷം പിന്നിലേക്ക്. അസുഖം വന്ന് ഏതാണ്ട് ഒരു വർഷം തികയുമ്പോൾ ഒരു പതിനെട്ട്കാരനും കൂട്ടരും നടത്തിയ ബാം ഗളൂർ യാത്ര. ഒരു മഹാ വൈദ്യനെ കാണനുള്ള യാത്ര.മഹാരഷ്ട്രയിലെ സാംഗിളി സ്വദേശിയായ  മാന്ത്രികകരങ്ങളുള്ള യശ്വന്തിനെതേടിയുള്ള ബാംഗളൂർ യാത്ര. (അന്നത്തെ വനിതമാസികയുടെ കവർ സ്റ്റോറിയായിരുണു മാന്ത്രികകരങ്ങളുള്ള യശ്വന്ത്.)  അന്ന് ഒരു കാലിന് മാത്രമേ അസുഖം ഉണ്ടായിരുന്നുള്ളു. പിന്നീട്,കാലങ്ങൾ മറിയുമ്പോൾ ഒരു
കാലിൽ നിന്നും ഒട്ടും നടക്കാൻ കഴിയാത്ത അവസ്തയിലേക്കും പിന്നെ,വീൽചെയറിലേക്കുമുള്ള പരിണാമം മാത്രം. ചിന്തകൾ മുറുകി നിറഞ്ഞപ്പോൾ കണ്ണുകൾ സജലങ്ങളായി. ഞാൻ കണ്ണുകൽ ഇറുക്കെ പൂട്ടി .

സഹയാത്രികരുടെ ശബ്ദ്ദത്തെയും ചേഷ്ട്ടകളെയും വേർതിരിച്ച്  ചിന്തിച്ചിരിക്കുമ്പോൾ  എന്റെ കാഴ്ച്ച പുറത്തെ ഇരുട്ടിലേക്ക് നീണ്ടു.... നിശബ്ദ്ദദയിലാണ്ടങ്ങനെ കിടക്കുന്ന വമ്പൻ കെട്ടിടങ്ങളും, ചെറുവീടുകളും, കടകളും പിന്നിലേക്ക് ഓടി മറയുന്നു. കോട്ടയം, എറണാകുളം, ഷൊർണ്ണൂർ, പൊന്നാനി, തിരൂർ... അങ്ങനെ ഒട്ടനവധി റെയിൽവെ സ്റ്റേഷന്റെ പേരുകൾ വഹിക്കുന്ന ബോർഡുകൾ കണ്ടുകണ്ടങ്ങനെ
ഫറേക്ക് സ്റ്റേഷനിലെത്തി. അപ്പൊഴെക്കും, കാഴ്ച്ചകളും വെളുത്തിരുന്നു.

ഞങ്ങളുടെ കമ്പാർട്ട്മെന്റ് ഏറ്റവും പിന്നിലായിരുന്നു. സഹയാത്രികരുടെ സഹായത്താൽ ഫറേക്ക് സ്റ്റേഷനിലിറങ്ങിയ ഞാൻ ഞെട്ടി. സ്റ്റേഷന്റെ കവാടത്തിലെത്താൻ ഏതാണ്ട് അര കിലോമീറ്ററിലതികം ദൂരം താണ്ടണം. ഞാൻ ഉമ്മയോട് ചോദിച്ചു: നടക്കാമോ?   നടക്കാതെ പറ്റില്ലന്ന് അറിയാം. എങ്കിലും; അപ്പോഴും ഞാൻ വെറുതെ പറഞ്ഞ്,  വേണ്ടായിരുന്നു ഈയാത്ര. മാണിക്യം എന്നെയും കൊണ്ട് വീൽചെയർ ഉരുട്ടിതുടങ്ങി. സ്പീഡ് കൂടിയപ്പോൾഞാൻ മാണിക്യത്തിനേട് പറഞ്ഞ്കൊണ്ടിരുന്നു.   പതുക്കെ പതുക്കെ,ഉമ്മ ഇന്നലെ ഒരു പോളകണ്ണടച്ചിട്ടില്ല പ്രഷറും ഷുഗറും ഉള്ള കക്ഷിയാണ്.തലകറങ്ങാനും വീഴാനും സാധ്യത ഉണ്ട്. മാണിക്യം തിരിഞ്ഞ്നോക്കി കൊണ്ട്
പറഞ്ഞു: കുഴപ്പമില്ല, ഉമ്മ വളരെ സ്പീഡിൽ നടന്ന് വരുന്നുണ്ടന്ന് പറയുകയും സ്പീഡിൽ തന്നെ എന്റെ വീൽചെയർ ഉരുട്ടുകയും ചെയ്യതു. എന്റെ മനസ്സിൽ ഉമ്മായിക്കുള്ള പ്രാ‍ർത്ഥന നിറഞ്ഞ് കൊണ്ടിരുന്നു.
സ്റ്റേഷന്റെ പ്രധാന കവാടത്തിലെത്തിയ ഞങ്ങൾ ഉമ്മയെ ഒരു ബെഞ്ചിലിരുത്തി.ഞാൻ, സ്വാന്തനം സാംസ്ക്കാരിക വേദിയുടെ സംഘാടകനായ ഗഫൂറിക്കയെ  വിളിച്ചു. എന്നെ വിളിക്കാൻ വാഹനം എത്തിക്കാം എന്ന ആശ്വാസത്തിൽ ഞങ്ങളിരുന്നു.
കോഴിക്കോടൻ ഹൽവയുടെ മണം അടിക്കുന്ന പ്രാധാന വീഥിയിലൂടെയുംപൊളിഞ്ഞിളകിയ റോഡിലൂടെയും ഞങ്ങൾ ഗഫൂറിക്കായുടെ വീടിനെ ലക്ഷ്യമാക്കി നീങ്ങി. വീട്ടിലെത്തി, ഒന്ന് ഫ്രഷായി, അല്പനേരം വിശ്രമിച്ചു,പ്രാതൽ കഴിച്ചു. ശേഷം, സാംസ്ക്കാരിക വേദിക്കാരുടെ ജീപ്പിൽ സ്നേഹ സംഗമവേദിയായ ചാലിയം ഹയർ സെക്കന്ററി സ്ക്കൂൾഗ്രൌണ്ടിലേക്ക്.
(അങ്ങനെ ജീവിതത്തിലാദ്യമായി ജീപ്പ് യാത്രയും നടത്തി).
അവിടെ, ഞങ്ങൾ സങ്കടങ്ങൾ പങ്ക് വെച്ചും, പ്രതീക്ഷയോടെ മുന്നേറാൻ പരസ്പരം ഊർജ്ജം പകർന്നും....... വീൽചെയറുകളുടെയുംമുച്ചക്രവണ്ടികളുടെയും, വാക്കിങ് സ്റ്റിക്കുകളുടെയും ഇടയിൽ, ഉദ്ഘാടകനായ എം. എൽ. എ സൈമൺ ബ്രിട്ടോയുടെ   ജീവിതാനുഭവങ്ങൾ ശ്രവിച്ചും അക്ഷര വെളിച്ചത്തിലൂടെ വെള്ളിലക്കാട്ടെ വെള്ളിനക്ഷത്രമായി മാറിയ 
റാബിയയുടെ സ്വാന്തനമെഴികൾ കേട്ടും ഞാനിരുന്നു. ഒപ്പം, എല്ലാം കണ്ടും കേട്ടും കണ്ണ്നിറഞ്ഞും എന്റെ ഉമ്മയും, ഞങ്ങളുടെ മാണിക്യവും.കാഴ്ച്ച ഇല്ലാത്തവരുടെ ഗാനമേള കേട്ടും, കണ്ണുള്ളവരുടെ മാജിക്ക് ഷോ കണ്ടും, നല്ല മനസ്സുകാരായ കൂറെ ഏറെ മനുഷ്യരെ പരിചയപെട്ടും വൈകുന്നേരത്തോടെ സംഘാടക സമിതിയോട് യാത്ര പറഞ്ഞ് അവരുടെ വാഹനത്തിൽ ഞങ്ങൾ ഫറോക്ക് സ്റ്റേഷനിൽ.

മടക്കയാത്രയിൽ, ഇരുട്ട് വിഴുങ്ങിയ പുറംകാഴ്ച്ചകൾ പിന്നിലേക്ക് മറയുമ്പോൾ വെറുതെ മനസ്സ് കലങ്ങി. രേഗം എന്റെ ശരീരത്തിനോട് ചേർന്ന നാൾ മുതൽഇന്നുവരെ ഇരുപത്തേഴ് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ഇനി എത്ര നാൾ...മനസ്സ് നിറയെ ജീവിതസങ്കടങ്ങളുടെ പെരുമഴക്കാലം പെയ്ത് നിറഞ്ഞ് കൊണ്ടിരുന്നു.

പോയതിനേക്കാൾ ഇത്തിരി പ്രയാസങ്ങൾ താണ്ടി കായംകുളത്ത് തിരിച്ചെത്തി.ഫ്ലാറ്റ്ഫോം മുറിച്ച് ഇക്കര താണ്ടാൻ സഹായിച്ച പോലീസ്കാരനെയും, പോർട്ടറെയും ചെറുപുഞ്ചിരിയോടും നന്ദിയോടും ഞാൻ കൈ ഉയർത്തികാട്ടി, ഞങ്ങളുടെകാറിനടുത്തെക്ക് നീങ്ങി .വന്മരങ്ങളുടെ തണല് പറ്റികിടന്ന കാറിനെ കണ്ടപ്പോൾ ഞങ്ങൾ മൂവരും ഉള്ള് തുറന്ന് ചിരിച്ച്പോയി. (അങ്ങനെ യാത്രാഭാരം മുഴുവൻ ചിരി മഴയിൽ ഒലിച്ചു.) കാക്കയും പ്രാവും മറ്റ് അരുമപക്ഷികളുടും കൂടി കാറിന്റെ ഒരിഞ്ച് സ്ഥലം പോലുംബാക്കി വെക്കാതെ കാഷ്ട്ടിച്ച്...കാഷ്ട്ടിച്ച്... ഒരു മോഡേൻചിത്രംപോലെ കുളമാക്കിയിരിക്കുന്നു. ബാക്കിവന്ന ദാഹജലം ഉപയോഗിച്ച് ഗ്ലാസ്സിലുള്ള  കാഷ്ട്ടം ഒരുവിധം കഴുകി ഇറക്കി വൈപ്പറിട്ട് രണ്ട് പിടി പിടിച്ചപ്പോൾ കാറിനുള്ളിൽ നിന്നും കാഴ്ച്ച നീ‍ണ്ടു....(അരുമ പക്ഷികൾ കാഷ്ട്ടിച്ച കാറിന്റെ ഒരു പടം എടുക്കാൻ മറന്നത് കാക്കകാഷ്ട്ടം പോലെ മനസ്സിലുണ്ട്)

വീട്ടിലെത്തി ഒന്നു ഫ്രഷ് ആയി കട്ടിലിൽ കിടക്കുമ്പൊൾ മനസ്സിൽ നിറയെ സ്നേഹമയിയായ എന്റെ ഉമ്മ മാത്രമായിരുന്നു. ഒരു വൻ മരം പോലെ വളർന്ന് തണലും തണുപ്പുമായി നിൽക്കുന്ന ഉമ്മമരം(അമ്മമരം). അസഹനീയമായ മുട്ട് വേദനയാൽ അമ്പത് ചുവടുകൾ വെച്ചാൽ എത്താൻ മാത്രം ദൂരമുള്ളഞങ്ങളുടെ തറവാട്ട് വീട്ടിലേക്ക് പോകാൻ പോലും മടിക്കുന്ന ഉമ്മ 32 , മണിക്കൂറിനുള്ളിൽ എത്ര ചുവടുകൾ വെച്ചുകാണും... യാത്രാ ക്ഷീണത്താൽ ഞാൻ ഉമ്മയുടെ കാൽക്കൽ തല വെച്ചു കിടന്നു.