Friday 10 December 2010

“ശമനമാർഗം”

                ശമനമാര്‍ഗം

“ചിന്താമണ്ഡലം സംഘർഷഭരിതമാകുമ്പോഴോ
അതോ,ജീവിതയാതനകൾ തെരുവ്നായ്ക്കളുടെ ഓരയിടൽ പോലെ ഹൃദയത്തിൽ നിലവിളിക്കുമ്പോഴോനഷ്ട്ടപെടലുകളുടെ വിലാപം കൂടുതൽ കേൾക്കാനാകുന്നത്?”

തീക്ഷ്ണാനുഭവങ്ങളിൽ ചുട്ടെടുത്ത ഇത്തരം ചോദ്യങ്ങൾ സൃഷ്ട്ടിക്കുന്നത് അനിശ്ചിതാവസ്ഥകളാണെന്ന് അറിയാമെങ്കിലും ചിലനേരങ്ങളിൽ ഇത്യാദി ചോദ്യങ്ങൾ രൂപം കൊള്ളുക സ്വാഭാവികമാണെന്നാണ് അയാളുടെ പക്ഷം. പക്ഷെ,ആർക്കും വെളിപ്പെടാതെ നിശബ്ദമായി സഞ്ചരിക്കുന്ന തന്റെ തന്നെ തേങ്ങലുകൾക്ക് ഇങ്ങനെ ഉത്ഭവിക്കുന്ന ചോദ്യങ്ങള്‍   സ്വയം സാന്ത്വനത്തിന്റെ ഉത്തേജകമായി വർത്തിക്കുന്നുണ്ടെന്ന് ചില ഉദാഹരണങ്ങൾ സഹിതം അയാൾ സാക്ഷ്യപ്പെടുത്തി.അത് കൊണ്ടാകണം അയാളുടെ കണ്ണുകളിൽ എല്ലായ്പ്പോഴും പ്രത്യാശയുടെ ഗരിമ ദൃശ്യമായിരുന്നത്.

ഇടതൂർന്ന താടിയും സമൃദ്ധമായ മീശയും നെറ്റിയിലേക്ക് അലസമായി വീണ്കിടക്കുന്ന തലമുടിയും കൊണ്ട്, മുഖം മുക്കാലും മറക്കപ്പെട്ട നിലയിൽ പ്രത്യക്ഷപ്പെടുന്ന അയാൾ,താൻ തന്നെ തീർക്കുന്ന ശമനമാർഗങ്ങളീലൂടെ മാത്രമെ സഞ്ചരിക്കൂ എന്ന നിർബന്ധബുദ്ധിക്കാരനായിരിന്നു.  അസഹനീയ സങ്കടങ്ങൾ പെരുത്ത്കയറി വീർപ്പ്മുട്ടലുകൾ അനുഭവിക്കുന്ന മുഹൂർത്തങ്ങളിൽ,അയാൾ തന്റെ ഓരേയെരു വാഹാനമായ ഹെർക്കുലീസ് സൈക്കിളിള്‍  സ്റ്റാന്റിൽ കയറ്റിവെച്ച് അതിന്റെ പെഡലിൽ പിടിച്ച് അതിവേഗം കറക്കുക,മണിക്കൂറുകളോളം ഒറ്റക്കാലിൽ നിൽക്കുക, മിഴി രണ്ടും മൂടികെട്ടി വീടിനുള്ളിൽ തപ്പിത്തടഞ്ഞ് നടക്കുകതുടങ്ങി വിചിത്രങ്ങളായ ശമനമാർഗങ്ങളാണ് അയാൾ തന്റെ സങ്കടങ്ങളെ നേർപ്പിക്കാൻ ഉപയോഗിച്ചിരുന്നത്.

അയാളുടെ ഈ വേറിട്ട ചെയ്തികളെ ചില ദോഷൈകദൃക്കുകൾ ‘അരപിരി’ എന്ന പേരിൽ പരിഹസിച്ചിരിന്നു. സമൂഹത്തിന്റെ ഈ മുനവെച്ച നിലപാടിനെ ശരിവെക്കുന്ന പ്രകടനങ്ങളായിരിന്നു അയാളുടെതെങ്കിലും അയാളങ്ങനെ ആയിരുന്നോ ?

മുമ്പൊരിക്കലും അയാൾ ഇങ്ങനെ ഒന്നുമായിരുന്നില്ല. ഭൂമിയുടെ വിരിമാറിലൂന്നി പലതരം സ്വപ്നങ്ങളും കണ്ട് നടക്കുക . അതിനെതുടർന്ന് തട്ടി വീഴുക,തൊലി പൊളിയുക ഇതൊക്കെ തന്നെയായിരിന്നു അയാളുടെ പതിവ് സമ്പ്രദായങ്ങൾ.

പക്ഷെ, രണ്ടായിരത്തിപത്ത് ഡിസംമ്പർ അഞ്ചാം തിയതി- തന്റെ സ്ഥിരം സഞ്ചാരപഥത്തിന്റെ പരിധികളെയാകെ ലംഘിച്ച് കൊണ്ട്, ഒരിറ്റ് സമാശ്വാസത്തിനെന്നോണം താളനിബദ്ധമായ  പ്രകൃതിയിലേക്ക് നോക്കിയിരിക്കുക എന്ന കൃത്യത്തിലാണ് അയാൾ ഏർപ്പെട്ടത്. പ്രകൃതിയിലേക്കുള്ള ആ നോട്ടം സൂക്ഷ്മവും സുദൃഡവുമായപ്പോൾ അയാൾക്ക് കാണാനായി, താളവും ലയവും ഭാവവും ഒത്തിണക്കി കാറ്റിലാടുന്ന ഓലതുമ്പുകളെയും മരച്ചില്ലകളെയും. പ്രകൃതിയെ ആ രീതിയിൽ ജീവസുറ്റതാക്കുന്ന ഇളം കാറ്റിന്റെ അദൃശ്യതയിൽ ദൈവസാമിപ്യം അനുഭവിച്ച അയാൾ അനന്തമായ ആകാശത്തിന്റെ ദുരൂഹതയിലേക്ക് സഞ്ചരിച്ചു!


തടസ്സങ്ങളേതുമില്ലാത്ത ഒരു നേർരേഖയിലൂടെ ആയിരുന്നു അയാളുടെ ആകാശസഞ്ചാരമെങ്കിലും അതത്ര ലാഘവത്വം അനുഭവപ്പെടുന്ന തരത്തിലുള്ളതാ‍യിരുന്നില്ല. കയറ്റങ്ങളോ ഇറക്കങ്ങളോ തിരക്കുകളോ അനുഭവേദ്യമാകാതിരുന്നിട്ടും ആ യാത്രയുടെ സംത്രാസം അയാളെ വല്ലാതെ വിഭ്രമിപ്പിച്ചിരുന്നു.

പക്ഷെ, അയാളുടെ ശൂന്യാകാശ യാത്ര വെറും ശൂന്യമായില്ല. ശൂന്യതകളെ ചൂഴ്ന്ന് നിൽക്കുന്ന അതിഭവ്തീകത മൂന്ന് മാലാഖമാരുടെ രൂപത്തിൽ അയാൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടു ! കഥാപുസ്തകങ്ങളിലോ സിനിമകളിലോ കാണുംവിധം വർണ്ണച്ചിറകുകളോ കനകകിരീടമോ ഒന്നുമില്ലായിരിന്നു ആ മാലാഖകൾക്ക്. ‘വിവരണാതീതമായ ഒരവസ്ഥ’ എന്നെ ആ കാഴച്ചയെ കുറിച്ച് അയാൾക്ക് പറയാനുള്ളു.
പ്രഥമ കാഴ്ച്ചയുടെ അസാധാരണത്വമോ, ഔപചാരികതയുടെ ബലപ്രയോഗങ്ങളോ ഇല്ലാതെ ആദ്യം കണ്ട മാലാഖ ഒരു സ്പർശനസുഖത്തിന്റെ ലാളിത്യത്തിൽ മൊഴിഞ്ഞു:“സൃഷ്ട്ടികളിലെ ഉൽകൃഷ്ട്ട രൂപമായ അല്ലയോ മാനവ, താങ്കൾക്ക് ദൈവാനുഗ്രഹമുണ്ടാകട്ടെ !”

ജീവിതത്തിലാദ്യമായി,മറ്റാർക്കും കിട്ടാത്ത സൌഭാഗ്യമായി ഒരു മാലാഖയിൽ നിന്നും ലഭ്യമായ അനുഗ്രഹവചസ്സ് അയാളുടെ അന്തരാത്മാവിൽ പ്രകാശമായി നിറഞ്ഞു. സായൂജ്യസീമയുടെ ഉൽക്കർഷയിലയാൾ ‘ആമീൻ’ എന്ന് നീട്ടി ചൊല്ലുകയും മാലാഖക്ക് പ്രത്യഭിവാദ്യം ചെയ്യുകയും ചെയ്യതു.

മനുഷ്യശബ്ദത്തിന്റെ മനോഹാരിതയിൽ മനം കുളിർത്ത മാലാഖ അയാളോട് ചോദിച്ചു: “ഹേമനുഷ്യാ, താങ്കളുടെ ഈ ആകാശ സഞ്ചാരത്തിന്റെ ഉദ്ദ്വേശ-ലക്ഷ്യമെന്ത് ?”

അപ്രതീക്ഷിതമായി വന്ന ചോദ്യം കേട്ട് ഗഗനചാരി തെല്ലൊന്ന് പരിഭ്രമിച്ചുവെങ്കിലും,മാലാഖയോട് പറയാനുള്ള മറുപടിക്കായി തന്റെ തന്നെ അക്ജ്ജതയിലേക്ക് നോക്കി, സമൂലമൊന്ന് വിലയിരുത്തിയശേഷം ഇങ്ങനെ പറഞ്ഞു: “ അറിവില്ലായ്മയിൽ നിന്ന് തുടങ്ങി,അക്ജ്ജതയിലൂടെ സഞ്ചരിച്ച്, അറിയുന്തോറും അറിവുകൾക്കപ്പുറം പിന്നെയും അറിവുകളാണെന്നറിഞ്ഞ് , അറിവിന്റെ ലോകത്ത് ഞാനെത്ര നിസ്സരനെന്ന തിരിച്ചറിവ് നേടാൻ”

അയാളുടെ മറുപടിക്കെന്നോണം മാലഖയിങ്ങനെ പ്രതിവചിച്ചു: “ മനുഷ്യാപുത്രാ യാത്രകൾ നീളുംതോറും അഹന്തകൾ തലകുനിക്കുന്നു”

‘ശരിയാണ്. അഹന്തകൾ നമ്മെ അഹമ്മതിയിലേക്ക് നയിക്കുന്നു. ഞാനെന്നും എനിക്കെന്നുമുള്ള ചിന്ത നമ്മിലേക്ക് തന്നെ  നമ്മേ ചുരുക്കുകയും ,സ്വന്തം സങ്കടമാണ് മറ്റുള്ളവരുടെ സങ്കടങ്ങളെക്കാൾ വലുതെന്നുമുള്ള സ്വാർത്ഥവിചാരത്തിലേക്ക് നമ്മേ എത്തിക്കുകയും ചെയ്യുന്നു.’ അയാളുടെ മനോഗതം വാക്കുകളായി പുറത്തേക്ക് വരുമ്പോൾ ആകാശം മഴമേഘങ്ങളാൽ കറുത്തിരിന്നു.

.തുടർന്ന്, അയാളുടെ യാത്ര ആകാശകൌതുകങ്ങളിലൊന്നായ മഴമേഘങ്ങൾക്കുള്ളിലൂടെയായി. ഭൂമിയുടെ മണം പേറുന്ന മഴമേഘങ്ങൾ സൃഷ്ട്ടിവൈഭവത്തിന്റെ മഹനീയ സത്യമായി നിലകൊണ്ട് അയാളെ വിശ്വാസദാർഡ്യത്തിന്റെ ഉന്നതവിതാനത്തിലേക്ക് ഉയർത്തുകയും, ആത്മാവിൽ ജീവരഹസ്യത്തിന്റെ അകംപൊരുളായി നിറയുകയും ചെയ്യതു. അവിടം മുതലാണ് ആകാശയാത്രയുടെ പിരിമുറുക്കം അയാളിൽ നിന്നും അയഞ്ഞലിഞ്ഞില്ലാതായത്.

അയാൾ സുസ്മേരവദനായി കൊണ്ട്, ആത്മാവുകളെകുറിച്ചും ആത്മാവുകളുടെ അഭയസ്ഥാനത്തെകുറിച്ചും ചിന്തിച്ചു. ശുഷ്ക്കമായ ജീവിതാവസ്ഥക്കുമപ്പുറം അനശ്വരകാലത്തിന്റെ സജീവതയിൽ സ്വയം മറന്നങ്ങനെ സഞ്ചരിക്കുമ്പോൾ രണ്ടാമത്തെ മാലാഖ അയാളെ വിളിച്ചു:
                          ‘മൺസൂർ അഹ് മ്മദ്’

തന്റെ പേരു` ചൊല്ലി വിളിച്ചതിലെ വിസ്മയം മറനീക്കി പുറത്ത് വരും മുൻപ് ആ മാലാഖ, ഇരുട്ട് വിതക്കുന്ന വിഭ്രാന്തികളെകുറിച്ചും വെളിച്ചം പ്രസരിപ്പിക്കുന്ന പ്രത്യാശയെ കുറിച്ചും അയാളേട് സംസാരിച്ചു. എന്നിട്ട് അപരന് വെളിച്ചമാകേണ്ട അയാളുടെ കണ്ണുകളിലേക്ക് നോക്കി പ്രാർഥിച്ചു. “പ്രപഞ്ചനാഥന്റെ കാരുണ്യകടാക്ഷം താങ്കളുൾപ്പെടെയുള്ള സകലജനത്തിനും ഉണ്ടാകട്ടെ

സസന്തോഷം ആശംസാമന്ത്രം ശ്രവിച്ച അയാൾ മാലാഖയെ നോക്കി നന്ദി പൂർവ്വം ചിരിച്ചു. പ്രത്യഭിവാദ്യം നിറഞ്ഞ സ്നേഹത്തിന്റെ ചിരി. പക്ഷെ,നറുനിലാവ് പോലുള്ള ആ ചിരി പൊടുന്നനെ അവരെ വലയം ചെയ്യത കനത്ത ഇരുട്ടിലൊതുങ്ങി. എങ്കിലും, അയാളിങ്ങനെ സമാധാനിച്ചു.‘ഏത് കൂരിരിട്ടിലും എനിക്ക് ചിരിക്കാൻ കഴിയുന്നുണ്ടല്ലോ’.അത്തരം ദീപ്തചിന്തയുടെ ശുഭസാന്നിദ്ദ്യത്തിൽ അയാൾ വീണ്ടും മാലാഖയെ നോക്കി. അപ്പോൾ ആ മാലാഖയും അയാളിലേക്കെരു ചോദ്യമെറിഞ്ഞു. “ അല്ലയോ ആദമിന്റെ സന്തതി, താങ്കളുടെ ജീവിതാനുഭവത്തിൽ എത്ര സത്യമുണ്ട്?”

മറുപടിക്കായി അയാൾ ഏറെ നേരം കണ്ണടച്ച് നിശബ്ദം പ്രാർത്ഥിച്ചു . എന്ത് പറയും എന്നത് അയാളെ സംബണ്ഡിച്ചിടത്തോളം വളരെ പ്രയാസമുള്ളകാര്യമായിരുന്നു. എങ്കിലും നിത്യസത്യമായ ദൈവത്തെ സ്മരിച്ച് കൊണ്ട് അയാൾ പറഞ്ഞു: “ സ്നേഹ-കാരുണ്യങ്ങളൂടെ നിറകുടമായ മാതൃത്വവും. നിഷ്ക്കളങ്ക ബാല്യങ്ങളിൽ പോലും പൊട്ടി ഉണരുന്ന കോപമെന്ന വികാരവും. ഭാവി-ഭൂത-വർത്തമാന കാലങ്ങളെ തീവ്രവും, തീക്ഷണവും, ഊഷ്മളവും, ചലനാത്മകവും, ആഹ്ലാദഭരിതവുമാക്കുന്ന രതിയും.”

അയാളുടെ ഉത്തരം ശ്രവിച്ച മാലാഖ ഒരിക്കൽ കൂടി ദൈവാനുഗ്രഹം നേരുകയും അയാളോട് യാത്ര തുടരാൻ കല്പിക്കുകയും ചെയ്യതു.

തുടർന്ന് മൺസൂർ അഹ് മ്മദ് എന്ന ആകാശസഞ്ചാരി സ്ഥലകാലങ്ങളുടെ അതിരുകൾ ഭേദിച്ചും , വിസ്മയങ്ങളുടെ ജ്വലിത മേഖലകൾ താണ്ടിയും ഏറെ ദൂരം മുന്നോട്ട് നീങ്ങി. അതിനിടയിൽ എവിടയോ വെച്ച് അയാൾ മൂന്നാമത്തെ മാലാഖയുമായി സണ്ഡിച്ചു. അവിടെ- ആകാശത്തിന്റെ മഹാമവ്നത്തിൽ മാലാഖ പ്രപഞ്ചനാഥനെ വണങ്ങുകയായിരിന്നു. അയാളും മാലാഖക്ക് പിന്നിൽ നിന്ന് ദൈവത്തെ സ്തുതിച്ചു.

പ്രാർത്ഥനാനന്തരം, എല്ലാം അറിയുന്നവന്റെ ആക്ജാനുവർത്തി മനുഷ്യ വർഗത്തിന്റെ വർത്തമാനകാല പ്രതിനിധിയോട് ചോദിച്ചു: “പ്രിയ മാനവാ, നീ അറിഞ്ഞതിന്റെ അർത്ഥവ്യാപ്തി എത്ര?”

ചോദ്യത്തിന്റെ തീവ്രത അയാളുടെ മനസ്സിനെ പിടിച്ചുലച്ചു. ‘അർത്ഥമളക്കാൻ ത്രാണി ഇല്ലാത്ത ഈ സാധാരണക്കാരൻ ഇതിനൊക്കെ എന്ത് ഉത്തരം പറയും ? അതും ആധികാരിക ഉത്തരങ്ങളുമായി അനേകം മനീഷികൾ ഭൂമിയിൽ വസിക്കുമ്പോൾ’. അയാൾ സ്വയം ചോദിച്ചു. എങ്കിലും, ചോദ്യകർത്താവ് മാലാഖയാണെന്നുള്ളത് കൊണ്ടും ഉത്തരം പറയാതിരിക്കുന്നത് ഉചിതമല്ലന്നുള്ളത് കൊണ്ടും സ്വന്തം അനുഭവ പശ്ചാത്തലത്തിന്റെ ഉൾത്താപത്തിൽ നിന്നും അയാൾ അറിഞ്ഞതിനെ ഇങ്ങനെ സ്വാംശീകരിച്ചു.

“സ്വാർത്ഥതയും സങ്കടങ്ങളും നിറഞ്ഞ ഭൂമിയിൽ ജീവിതം സമ്മാനിക്കുന്നത്,‘ശാരീരികവും മാനസീകവുമായ കൊടുക്കൽ-വാങ്ങലുകളുടെ അപൂർണ്ണമായ കുറെ പരിസമാപ്തികളാണ്”.അയാൾ ഒറ്റ ശ്വാസത്തിൽ പറഞ്ഞ്നിർത്തി. പക്ഷെ, അയാൾ പറഞ്ഞതിലെ ശരി-തെറ്റുകളെ കുറിച്ചൊന്നും പറയാതെ ദൈവത്തിനുള്ള സ്തുതികീർത്തനങ്ങൾ ആവർത്തിച്ച് മൂന്നാമത്തെ മാലാഖ ആകാശലോകത്തിന്റെ നിഗൂഡതയിലേക്ക് മറഞ്ഞു.

അനന്തരം ആകാശത്തിന്റെ നിഗൂഡനിശബ്ദ്ദതയിൽ ഒരു അപ്പൂപ്പൻ താടി പോലെ അയാൾ പാറിനടന്നു. അപ്പോൾ അയാൾ ചിന്തിച്ചത്, ജീവിത യാഥാർത്ഥ്യങ്ങളുടെ അതിസങ്കീർണ്ണമായ നൂലാമാലകളിൽ നിന്നും ശമന മാർഗം തേടിയുള്ള ഇത്തരം വേറിട്ട യാത്രകളെ കുറിച്ചായിരിന്നു.; ....ശേഷംഅനന്തതയിലെ ഭാരമില്ലായ്മയിൽ സകലഭാരങ്ങളെയുമിറക്കി  ഋജുവായ      
പന്ഥാവിലൂടെ മൺസൂർ അഹമദ്  എന്ന ആകാശസഞ്ചാരി മടക്കയാത്ര ആരംഭിച്ചു......