Thursday 10 March, 2011

ഓർമയിലൊരു കണ്ണീർ ചുംബനം.


                 ർമയിലൊരു കണ്ണീർ ചുംബനം.

ചെറുമഴയിൽ നനഞ്ഞവനെ പോലെ, ചുട്ട് പൊള്ളുന്ന വെയിലിൽ വിയർത്ത് കുളിച്ച് അയാൾ എന്റെ മുറിയിലേക്ക് കയറിവന്നു. എനിക്ക് തികച്ചും അപരിചിതനായ ആ മനുഷ്യൻ ആരായിരുന്നു ? എന്തായിരുന്നു അയാളുടെ ലക്ഷ്യം ?

ഞാൻ അക്ഷമനെപോലെ , വിയർത്തൊലിച്ച അയാളുടെ ദേഹത്തേക്കും മുഖത്തേക്കും മാറി മാറി നോക്കി. അയാളൊന്നും സംസാരിച്ചില്ല.  സംസാരിക്കാൻ കഴിയാത്തവനാണോ  എന്ന് പോലും ഞാൻ സംശയിച്ചു. അയാളുടെ നില്പ് കാണുമ്പോൾ ഏതോ ദുരന്തം കണ്ട് സംസാരശേഷി താൽക്കാലികമായി നഷ്ട്ടപ്പെട്ട് നിൽക്കുന്നത് പോലെ തോന്നി.

ഒടുവിൽ ക്ഷമകെട്ട് ഞാൻ ചോദിച്ചു: നിങ്ങൾ ആരാണ് ? എവിടെ നിന്ന് വരുന്നു ? നിങ്ങൾക്ക് എന്ത് വേണം ? എന്റെ ചോദ്യങ്ങൾ ഇങ്ങനെ നീണ്ട്പോയപ്പോൾ അല്പം ആശ്വാസം കൈവന്നവനെപോലെ അയാൾ നിന്ന സ്ഥാനത്ത് നിന്ന് ഇത്തിരി ഇളകി, ശ്വാസം ഒന്നിളക്കി വിട്ടു, എന്റെ മുന്നിൽ കിടന്ന കസേരയിലേക്ക് വളരെ വേഗത്തിൽ കയറി ഇരുന്നു.

പിന്നീട് നടന്നത് എന്നെ അത്ഭുതപ്പെടുത്തുമാറുള്ളതായിരുന്നു.എന്റെ മുഖത്തേക്ക് നോക്കിയിരുന്ന അയാൾ പൊടുന്നനെ വിങ്ങിക്കരയാൻ തുടങ്ങി. ഞാൻ വല്ലാതെ അസ്വസ്ഥപെട്ടു. എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങി. ശ്ശെ, എന്ത് ? നിങ്ങൾ എന്തിനാണ് കരയുന്നത് ? പറയൂ ഞാൻ എന്ത് സഹായമാണ് നിങ്ങൾക്ക് ചെയ്യ്ത് തരേണ്ടത് ?

കുറെ നേരം ഒന്നും സംസാരിക്കാതിരുന്ന അയാൾ പൊടുന്നനെ എന്റെ കൈകൾ രണ്ടും കൂട്ടിപിടിച്ച് തെരുതെരെ കണ്ണീർ പുരണ്ട ചുംബനങ്ങൾ നൽകി.

ഞാൻ പകച്ച് പോയി . തികച്ചും അപരിചിതനായ ഒരു മനുഷ്യൻ എന്തിനിങ്ങനെ കാട്ടിക്കൂട്ടുന്നു ? ഞാൻ സ്വയം ആശ്വസിച്ചു . “ ഇത്തിരി വട്ട് കാണുമായിരിക്കും” വേണ്ട അങ്ങനെ കരുതേണ്ട എന്ന് ഖേദിച്ച് മടങ്ങുമ്പോൾ അയാൾ പറഞ്ഞു : “ കുഞ്ഞെ, ദ്രവിച്ച ജീവിതങ്ങൾ കണ്ട് പകച്ച് പോയവനാ ഞാൻ. ഞാൻ ഇങ്ങനെ അല്ലാതെ പിന്നെങ്ങനെ ആവാൻ? “

ഞാനെന്ന് പിടഞ്ഞു. അയാളെ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങുമ്പോൾ അയാൾ മുറിയിൽനിന്നിറങ്ങി നടന്ന് തുടങ്ങി . അതിനിടയിൽ അയാൾ തിരിഞ്ഞ് നിന്ന് പറഞ്ഞു: “ ഏകാന്തതയിൽ പൂക്കുന്ന തണൽ മരങ്ങൾ തേടിയുള്ള ഓട്ടത്തിലാണ് ഞാൻ , ഞാൻ എന്റെ ശിരസ്സ് തിളക്കുന്ന നട്ടുച്ചയിലേക്കിറക്കട്ടെ”   

ഞാനപ്പോൾ ഒന്നും മനസ്സിലാകാത്തവനെ പോലെ ,   ഇതികർത്തവ്യതാമൂഡനെ പോലെ  കുറെ ഏറെ നേരമിരുന്നു. അല്പദൂരെ ഒരു മരത്തിൽ കെട്ടിയിരിക്കുന്ന പൈകിടാവിനെ നോക്കി. വെയിലിന്റെ തീക്ഷണതയിൽ ആ അരുമകിടാവ് നാവ് പുറത്തേക്ക് നീട്ടി വല്ലാതെ അണക്കുന്നു. ദാഹജലവും ആശ്വാസവും കൊടുക്കുന്ന തന്റെ യജമാനനെ പ്രതീക്ഷയോടെ നോക്കി കിടക്കുന്നു. ഒടുവിൽ, ഞാനും എന്റെ യജമാനനെ പ്രതീക്ഷയോടെ നോക്കി .തിളക്കുന്ന സൂര്യകിരണങ്ങൾ പൊഴിയുന്ന സഞ്ചാരപഥത്തിന്റെ വിപരീത ദിശയിലേക്ക് എരിഞ്ഞ് കത്തുന്ന കണ്ണുമായി ഞാൻ നോക്കി. എന്റെ യജമാനനെ……………